ഹജ്ജ്: ഭക്ഷണ വിതരണത്തിന് സമയക്രമം പാലിക്കണം -മന്ത്രാലയം
text_fieldsമക്ക: ഹജ്ജ് സീസണിൽ തീർഥാടകർക്ക് ഭക്ഷണം നൽകുന്നതിനുള്ള സമയം പാലിക്കണമെന്ന് ആഭ്യന്തര ഹജ്ജ് സേവന കമ്പനികളോട് ഹജ്ജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. ഒരോ ദിവസത്തിനും പ്രത്യേക സമയക്രമം നിശ്ചയിച്ചിട്ടുണ്ട്.
അതുപാലിക്കണം. അറഫ ദിനത്തിൽ പ്രഭാതഭക്ഷണം വിളമ്പാനുള്ള സമയം പ്രഭാത നമസ്കാരത്തിനുശേഷം രാവിലെ പത്ത് മണി വരെയാണ്. ഉച്ചഭക്ഷണ സമയം ഒന്നര മുതൽ മൂന്നര വരെ. തീർഥടകർ മുസ്ദലിഫയിൽ എത്തിയ ഉടൻ ഭക്ഷണം നൽകണം. ‘തർവിയ്യ’ ദിനത്തിലും ‘തശ്‌രീഖി’ന്റെ ദിവസങ്ങളിലും പ്രഭാതഭക്ഷണം പുലർച്ച അഞ്ച് മുതൽ രാവിലെ പത്ത് വരെയാണ്. ഉച്ചഭക്ഷണം ഉച്ചക്ക് ഒന്നു മുതൽ മൂന്നര വരെയും രാത്രി ഭക്ഷണം എട്ടര മുതൽ രാത്രി പതിനൊന്ന് വരെയുമാണ്.
നിശ്ചയിച്ച സമയത്തിനപ്പുറം ഭക്ഷണം വിളമ്പുന്നതിൽ കാലതാമസമുണ്ടായാൽ നിശ്ചിത തുക തീർഥാടകന് നഷ്ടപരിഹാരം നൽകണം. ആവർത്തിച്ചാൽ നഷ്ടപരിഹാരം ഇരട്ടിയായി വർധിക്കും. അറഫാദിനത്തിൽ ഉച്ചഭക്ഷണം വിളമ്പാൻ വൈകിയാൽ തീർഥാടകന് മൊത്തം പാക്കേജ് മൂല്യത്തിന്റെ അഞ്ച് ശതമാനം നഷ്ടപരിഹാരം നൽകണം.
മുസ്ദലിഫയിൽ ഭക്ഷണം വൈകിയാൽ പാക്കേജിന്റെ മൂന്ന് ശതമാനവും (100 റിയാലിൽ കൂടരുത്), ദുൽഹജ്ജ് പത്തിന് ഉച്ചഭക്ഷണം വൈകിയാൽ (ഈദുൽ അദ്ഹ ദിവസം) പാക്കേജ് മൂല്യത്തിന്റെ മൂന്ന് ശതമാനവും (300 റിയാലിൽ കൂടരുത്), മറ്റ് ദിവസങ്ങളിലെ ഭക്ഷണത്തിന് പാക്കേജ് മൂല്യത്തിന്റെ മൂന്ന് ശതമാനവും ( 200 റിയാലിൽ കൂടരുത്) നഷ്ടപരിഹാരം നൽകണം.
ഏത് വിധേനയും തീർഥാടകന് ഭക്ഷണം നൽകാൻ സേവന ദാതാവ് ബാധ്യസ്ഥനാണ്. ഇനി ഭക്ഷണമില്ലെങ്കിൽ തീർഥാടകന് ഇനിപ്പറയുന്ന രീതിയിൽ നഷ്ടപരിഹാരം നൽകണം.
അറഫ ദിവസത്തെ ഉച്ചഭക്ഷണത്തിന് മൊത്തം പാക്കേജ് മൂല്യത്തിന്റെ അഞ്ച് ശതമാനം, മുസ്ദലിഫ ഭക്ഷണത്തിന് പാക്കേജ് മൂല്യത്തിന്റെ അഞ്ച് ശതമാനം (200 റിയാലിൽ കൂടരുത്), ദുൽഹജ്ജ് പത്തിലെ ഉച്ചഭക്ഷണത്തിന് പാക്കേജ് മൂല്യത്തിന്റെ അഞ്ച് ശതമാനം (500 റിയാലിൽ കൂടരുത്), മറ്റ് ദിവസങ്ങളിലേതിന് പാക്കേജ് മൂല്യത്തിന്റെ മൂന്ന് ശതമാനം(300 റിയാലിൽ കൂടരുത്) നഷ്ടപരിഹാരം നൽകണം.
കരാറിന് വിരുദ്ധമായി പ്രവർത്തിച്ചാൽ രണ്ട് മണിക്കൂറിനുള്ളിൽ പ്രോസസിങ് നടക്കുകയും തീർഥടകന് താഴെ വ്യക്തമാക്കിയ തുക നഷ്ടപരിഹാരം നൽകുകയും ചെയ്യണം.
അറഫ ഉച്ച ഭക്ഷണത്തിന് മൊത്തം പാക്കേജ് മൂല്യത്തിന്റെ ഒരു ശതമാനം, മുസ്ദലിഫ ഭക്ഷണത്തിന് പാക്കേജ് മൂല്യത്തിന്റെ ഒരു ശതമാനം (50 റിയാലിൽ കൂടരുത്), ദുൽഹജ്ജ് പത്തിലെ ഉച്ചഭക്ഷണത്തിന് പാക്കേജ് മൂല്യത്തിന്റെ ഒരു ശതമാനം (100 റിയാലിൽ കൂടരുത്), മറ്റ് ദിവസങ്ങളിലെ ഭക്ഷണത്തിന് പാക്കേജ് മൂല്യത്തിന്റെ ഒരു ശതമാനം (50 റിയാലിൽ കൂടരുത്) നഷ്ടപരിഹാരം നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.