ഹിറ: വൈജ്ഞാനിക വെളിച്ചത്തിന്റെ ഉറവിടം
text_fieldsമക്കയിലെ ഹിറാ ഗുഹ ചരിത്രത്തിന്റെ പെരുമ വിളിച്ചോതി സന്ദർശകരെ ആകർഷിക്കുന്ന ഒരിടമാണ്. ഖുർആൻ അവതരണത്തിന് നാന്ദികുറിച്ച ഹിറാ ഗുഹ വേറിട്ട ചരിത്ര കൗതുകമാണ് സന്ദർശകർക്ക് പകർന്നുനൽകുന്നത്. മക്കയിലെ മസ്ജിദ് ഹറാമിൽ നിന്നും നാല് കിലോമീറ്റർ അകലെയുള്ള പ്രകാശത്തിന്റെ പർവതം എന്ന അർഥം വരുന്ന 'ജബലുന്നൂരി'ലെ ഗുഹ കാണാൻ രാപ്പകൽ ഭേദമില്ലാതെ അഭൂതപൂർവമാ
യ സന്ദർശകരുടെ ഒഴുക്കാണ്. ഹിറാ ഗുഹയിൽ ധ്യാനത്തിലിരിക്കെ ജിബ്രീൽ മാലാഖ പ്രവാചകന് ദൈവവചനത്തിന്റെ ആദ്യ സൂക്തങ്ങൾ ഓതിക്കേൾപ്പിക്കുകയായിരുന്നു. അങ്ങനെ ചരിത്രപ്രസിദ്ധമായ ഇടം കാണാനാണ് തീർഥാടകരുടെ ഒഴുക്ക്. മുഹമ്മദ് നബിയുടെ 40ാം വയസ്സിൽ പ്രവാചകത്വത്തിന് സാക്ഷ്യംവഹിച്ച ഇവിടം സന്ദർശകർക്ക് നൽകുന്നത് ചരിത്രത്തോടൊപ്പം ആത്മീയ സായുജ്യവുമാണ്. ദൈവദൂതൻ 'വായിക്കുക' എന്ന് ആദ്യമായി മുഹമ്മദ് നബിയെ ഹിറാ ഗുഹയിൽ വെച്ച് വായിച്ചു കേൾപ്പിച്ചു.
ജബലുന്നൂരിന്റെ ഉച്ചിലാണ് ഹിറ ഗുഹ. മക്കയിലെ കുത്തഴിഞ്ഞ സാമൂഹിക ജീവിതം കണ്ട് മനം മടുത്ത പ്രവാചകൻ ദിവ്യബോധനം ലഭിക്കുന്നതിന് മുമ്പ് തന്നെ ഏകാന്തത തേടി ഈ ഗുഹയിൽ എത്താറുണ്ടായിരുന്നു. ഈ ഏകാന്ത വാസത്തിനിടെയാണ് ആദ്യമായി ഖുർആൻ അവതരിച്ചതെന്നാണ് ഇസ്ലാമിക വിശ്വാസം. ഇതോടെ ഹിറാ ഗുഹ സ്മരിക്കപ്പെടുന്ന ഒരു പേരായി മാറി. സമുദ്രനിരപ്പിൽനിന്ന് 621 മീറ്റർ ഉയരത്തിലാണ് ഹിറാ ഗുഹ. മലയുടെ മുകളിലെത്താൻ ശരാശരി ഒന്നര മണിക്കൂർ സമയം വേണം. ചെങ്കുത്തായ വഴിയിലൂടെ മുകളിലെത്തി 20 മീറ്റർ താഴോട്ട് ഇറങ്ങിയാലെ ഗുഹയുടെ അകത്ത് എത്താൻ കഴിയൂ.
കയറ്റിറക്കം എളുപ്പമാക്കാൻ പടവുകൾ നിർമിച്ചിട്ടുണ്ട്. ഒരേസമയത്ത് രണ്ടോമൂന്നോ പേർക്ക് മാത്രം കയറാൻ സാധിക്കുന്ന ചെറിയ ഇടം മാത്രമാണ് ഹിറ. പ്രവാചകത്വത്തിന്റെ ദിവ്യപ്രകാശം പരത്തിയ മല എന്ന നിലക്കാണ് ജബലുന്നൂർ ചരിത്രത്തിൽ വേറിട്ടുനിൽക്കുന്നത്. ജബലു ഹിറാ, ജബലുൽ ഖുർആൻ, ജബലുൽ ഇസ്ലാം എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. മക്കയുടെ വടക്കുകിഴക്ക് ഭാഗത്ത് മസ്ജിദുൽ ഹറാമിൽനിന്ന് അഞ്ചര കിലോമീറ്റർ അകലത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അറഫ - മിന ഭാഗങ്ങളിലേക്ക് പോകുമ്പോൾ ഇടതുഭാഗത്തായി ഉയർന്നുനിൽക്കുന്ന ജബലുന്നൂർ കാണാം.
പുണ്യസ്ഥലമല്ലെങ്കിലും ഖുർആന്റെ ആദ്യസൂക്തങ്ങൾ ഇറങ്ങിയ പ്രദേശം കാണാൻ മക്കയിലെത്തുന്ന നിരവധി തീർഥാടകർ ജബലുന്നൂർ കയറാറുണ്ട്. വളരെ പ്രയാസം സഹിച്ചാണ് പ്രവാചകൻ ജബലുന്നൂർ നിരവധി തവണ കയറിയിറങ്ങിയതെന്ന് ഇസ്ലാമിക ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഗുഹയിൽ ധ്യാനത്തിൽ കഴിഞ്ഞ പ്രവാചകന് ഭക്ഷണം എത്തിക്കാൻ പത്നി ഖദീജ വാർധക്യം അവഗണിച്ച് പല തവണ ജബലുന്നൂർ കയറിയിറങ്ങിയതായും ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.
മൂന്നര മീറ്റർ നീളവും ഒന്നര മീറ്റർ വീതിയും മാത്രമുള്ള ഗുഹയുടെ അകത്ത് കടക്കുന്ന പലരും പുറത്തിറങ്ങാൻ വൈകുന്നതും ചിലർ അവിടെ വെച്ച് നമസ്കരിക്കുന്നതും കാരണമായി തിരക്ക് നിയന്ത്രണാതീതമായ അവസ്ഥയിലാണിപ്പോൾ. ഹിറാ ഗുഹയിൽ വെച്ച് പ്രത്യേക പ്രാർഥനയോ നമസ്കാരമോ നടത്തുന്നതിന് ഇസ്ലാമിൽ നിർദേശമില്ല എന്ന സന്ദേശം മലയുടെ അടിവാരത്തിൽ സ്ഥാപിച്ച ബോർഡിൽ വിവിധ ഭാഷകളിൽ എഴുതിവെച്ചിട്ടുണ്ട്.
സൗദിയധികൃതർ സന്ദർശകർക്ക് മല കയറാൻ വേണ്ട ഒരുക്കങ്ങൾ കാര്യക്ഷമമായി നടത്തിയതായി ഇവിടെ കാണാൻ കഴിയില്ല. ആയാസകരമായ മലകയറ്റത്തിന് ചില ചവിട്ടുപടികൾ അങ്ങിങ്ങായി ഉണ്ടാക്കിയിട്ടുണ്ട്. ഗുഹയിലേക്കുള്ള യാത്ര അപകടം നിറഞ്ഞതായതിനാൽ സന്ദർശകർക്ക് നിയന്ത്രണം വേണമെന്നും കേബിൾ കാർ പോലുള്ള സംവിധാനങ്ങൾ അനിവാര്യമാണെന്നും മക്കയിലെ ഉമ്മുൽ ഖുറാ സർവകലാശാലയിലെ ഹജ്ജ് ഉംറ ഇൻസ്റ്റിറ്റ്യൂട്ട് നിർദേശം നൽകിയിട്ടുണ്ട്.
റമദാനിലെ ഒരു രാവിൽ ഖുർആന്റെ ആദ്യവരികളുമായി ഹിറാ ഗുഹയിൽനിന്ന് പുറത്തിറങ്ങിയ പ്രവാചകൻ പിന്നീട് ഇവിടേക്ക് തിരിച്ചുവന്നില്ലെന്നാണ് ചരിത്രം പറയുന്നത്. ഹിറയുടെ ചരിത്രപരമായ പെരുമ തേടിയും പ്രവാചകന്റെ പാദസ്പർശം ഏറ്റ ഭൂമിക ഒരു നോക്ക് കാണാനും വേണ്ടിയാണ് സന്ദർശകർ ദിവസവും ഇവിടെ എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.