ആഭ്യന്തര ഹജ്ജ് തീർത്ഥാടകർ രണ്ടാം ഗഡു ഫീസ് ഞായറാഴ്ചക്കകം അടക്കണം
text_fieldsജിദ്ദ: ആഭ്യന്തര ഹജ്ജ് തീർഥാടകർ രണ്ടാം ഗഡു ഫീസ് ജനുവരി 29നകം (റജബ് ഏഴ് ഞായറാഴ്ച) അടക്കണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഈ വർഷം ഹജ്ജിന് ബുക് ചെയ്ത് ആദ്യഗഡു അടച്ചവർ രണ്ടാം ഗഡുവായ 40 ശതമാനമാണ് ഇപ്പോൾ അടക്കേണ്ടത്.
ബുക്കിങും ഹജ്ജ് പെർമിറ്റ് ഇഷ്യൂവും ഉറപ്പാക്കുന്നതിന് പൗരന്മാരും താമസക്കാരും മൂന്ന് ഗഡുക്കളായി നിശ്ചിത തീയതികൾക്കകമാണ് ഫീസ് അടക്കേണ്ടത്. അല്ലെങ്കിൽ ബുക്കിങ് റദ്ദാകുമെന്നും ഓരോ ഫീസ് അടവിനും പ്രത്യേകം ഇൻവോയ്‌സ് നൽകുമെന്നും മന്ത്രാലയം സൂചിപ്പിച്ചിരുന്നു.
ആഭ്യന്തര തീർഥാടന ചരിത്രത്തിലാദ്യമായാണ് രണ്ട് രീതികളിലൂടെ ഫീസ് അടയ്ക്കാനുള്ള സൗകര്യം മന്ത്രാലയം ഈ വർഷം ആരംഭിച്ചത്. ബുക് ചെയ്ത് സീറ്റ് ഉറപ്പായതായി മെസേജ് ലഭിച്ചാൽ 72 മണിക്കൂറിനുള്ളിൽ ഫീസ് മുഴുവനായി അടക്കുകയും അതിനായി ഒരു ഇൻവോയ്സ് നൽകുകയും ചെയ്യുന്നതാണ് ഒരു രീതി. അപ്പോൾ ബുക്കിങ്ങിന്റെ സ്റ്റാറ്റസ് ‘സ്ഥിരീകരിച്ചു’ എന്നാകും.
രണ്ടാമത്തെ രീതി മൂന്ന് ഗഡുക്കളായി ഫീസ് അടക്കാനുള്ള സൗകര്യമാണ്. ഇതനുസരിച്ച് ഓൺലൈൻ ലിങ്ക് വഴി ബുക്ക് ചെയ്ത് സീറ്റ് ഉറപ്പായി എന്ന് മെസേജ് ലഭിച്ചാൽ 72 മണിക്കൂറിനുള്ളിൽ ആകെ തുകയുടെ 20 ശതമാനം ആദ്യഗഡു അടക്കണം. രണ്ടാംഗഡു 40 ശതമാനം ജനുവരി 29ന് മുമ്പ് അടക്കണം. മൂന്നാംഗഡു 40 ശതമാനം ഇൗ വർഷം മെയ് ഒന്നിനും (ശവ്വാൽ പത്തിന് മുമ്പ്) അടച്ചിരിക്കണം.
നിശ്ചിത തീയതികളിൽ ഫീസ് അടച്ചാൽ മാത്രമേ ബുക്കിങ് ‘സ്ഥിരീകരിക്കപ്പെട്ടു’ എന്ന സ്റ്റാറ്റസിലാകൂവെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.