മനംകവർന്ന് ഹജ്ജ് സേവനത്തിനിറങ്ങിയ കൊച്ചുമിടുക്കി
text_fieldsജിദ്ദ: ഇത്തവണത്തെ ഹജ്ജ് പര്യവസാനിച്ചപ്പോൾ തീർഥാടകരെ സേവിക്കാനിറങ്ങിയ മലയാളി കൊച്ചുമിടുക്കി എല്ലാവരുടെയും മനംകവർന്നു. കെ.എം.സി.സി ഹജ്ജ് സെല്ലിന് കീഴിൽ വളൻറിയർ സേവനത്തിന് എത്തിയ മിദ്ഹ ഫാത്തിമയാണ് തീർഥാടകരുടെ ഹൃദയത്തിലിടംനേടിയത്. പെരിന്തൽമണ്ണ മണ്ണാർമല വേങ്ങൂർ എ.എം.എച്ച്.എസിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് ഈ ഏഴു വയസ്സുകാരി.
ജിദ്ദയിൽ ജോലിചെയ്യുന്ന പിതാവ് നാസറിന്റെ അടുത്തേക്ക് ഉമ്മ റിൻസിദായുടെ കൂടെ സന്ദർശന വിസയിലെത്തിയതാണ് മിദ്ഹ ഫാത്തിമ. കെ.എം.സി.സി പ്രവർത്തകനായ ഉപ്പ ഹജ്ജ് സേവനത്തിന് പോകാനൊരുങ്ങിയപ്പോൾ ഹാജിമാർക്ക് സേവനം ചെയ്യാൻ ഞാനും കൂടി വരട്ടെ എന്ന് മിദ്ഹ ചോദിച്ചു.
ചൂടിന്റെ കാഠിന്യവും നടത്തത്തിന്റെ ദൂരവും തിരക്കിൽപെട്ടാൽ കാണാതെ വന്നാലോ എന്ന ഭയവുമെല്ലാം കാരണം ഉപ്പയും ഉമ്മയും അത് നിരസിച്ചു. എന്തായാലും കൊണ്ടുപോകണം എന്ന് അവൾ ചിണുങ്ങി. ഒടുവിൽ അവളുടെ ആഗ്രഹത്തിന് മുന്നിൽ മാതാപിതാക്കൾക്ക് വഴങ്ങേണ്ടിവന്നു. മക്കയിലും മീനയിലുമായി മറ്റു കെ.എം.സി.സി വളൻറിയർമാർക്കൊപ്പം ഈ കൊച്ചു മിടുക്കി രാപ്പകലില്ലാതെ ഊണും ഉറക്കവുമൊഴിച്ച് ഹാജിമാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്ത് അഞ്ചുദിവസമാണ് സേവനരംഗത്ത് അവൾ നിലകൊണ്ടത്.
പ്രവർത്തനത്തിൽ പ്രായത്തെ വെല്ലുന്ന മികവാണ് പുലർത്തിയതെന്ന് മറ്റ് വളൻറിയർമാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്ന് വന്ന ഹാജിമാരുടെ മനംകവരാൻ അവളുടെ സേവന സന്നദ്ധതക്കായി. അനേകം രാജ്യക്കാരുടെ അഭിനന്ദനവും പ്രശംസകളും സമ്മാനങ്ങളും ആ നന്മ മനസ്സിനുള്ള അംഗീകാരമായി മാറി. കെ.എം.സി.സിയും നാട്ടുകാരും മിദ്ഹ ഫാത്തിമ്മയുടെ നിഷ്കളങ്കമായ ഈ പുണ്യ പ്രവൃത്തികളെ ആദരിക്കുന്നതിനും അനുമോദിക്കുന്നതിനുമുള്ള തയാറെടുപ്പിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.