ഹാജിമാർക്ക് തുണയായി ഏഴ് മലയാളി വനിത വളന്റിയർമാരും
text_fieldsമക്ക: കേരളത്തിൽ നിന്നെത്തിയ ഹജ്ജ് തീർഥാടകർക്കൊപ്പം കർമങ്ങൾക്ക് കൂടെനിന്നു മുഴുവൻ കാര്യങ്ങളിലും തുണയായതിൽ ഏഴ് മലയാളി വനിത വളന്റിയർമാരും. വിവിധ സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്ന ഇവർ ഡെപ്യൂട്ടേഷനിൽ എത്തിയതാണ്.
'നോൺ മഹ്‌റം' (പുരുഷ തുണ വേണ്ടാത്ത) വിഭാഗത്തിലെത്തിയ ഹാജിമാർക്കാണ് ഇവർ സേവനം ചെയ്യുന്നത്. 40 ദിവസം സൗദിയിൽ ചെലവഴിച്ചു നാട്ടിലേക്ക് മടങ്ങുമ്പോഴേക്കും ഓരോ ഹാജിക്കും ഇവർ സ്വന്തക്കാരെ പോലെയായി മാറുന്നു. ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തുന്നവരെ നയിക്കാനായി 150 ഹാജിമാർക്ക് ഒരു വളന്റിയർ എന്ന തോതിലാണ് 'ഖാദിമുൽ ഹുജ്ജാജ്മാരെ' അയക്കുന്നത്.
കേന്ദ്ര, സംസ്ഥാന സർക്കാർ സർവിസിലുള്ള ഉദ്യോഗസ്ഥരെയാണ് ഇതിന് നിയോഗിക്കാറുള്ളത്. 2018 മുതലാണ് പുരുഷബന്ധുക്കൾ കൂടെയില്ലാതെ വനിതകൾക്ക് ഹജ്ജ് തീർഥാടനത്തിനായി വരാൻ സൗദി അനുവാദം നൽകിയത്. 'നോൺ മഹ്‌റം' വിഭാഗത്തിൽ വനിതകൾ ഇങ്ങനെ ബന്ധുക്കളോ മാറ്റ് സഹായികളോ ഇല്ലാതെ ഹജ്ജിന് എത്താൻ തുടങ്ങിയതോടെയാണ് അവർക്ക് കൂട്ടായി വനിത വളന്റിയർമാരെ അനുവദിച്ചു തുടങ്ങിയത്.
കേരളത്തിൽ നിന്ന് ഇത്തവണ എത്തിയത് വിവിധ സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്ന സുമയ്യ കൊച്ചുകലുങ്ക് (അധ്യാപിക -മണക്കാട് ഗവ.സ്കൂൾ), ലൈജമോൾ (പൊലീസ് ഓഫിസർ -മൂന്നാർ), സുഹറാബി പെരുമ്പടപ്പിൽ (അധ്യാപിക -ജി.എച്ച്.എസ്.എസ് പൊന്നാനി), നദീറ ബീവി (ടൂറിസം വകുപ്പ്), സീനത്ത് (ട്രഷറി ഉദ്യോഗസ്ഥ -ഇടുക്കി), എം. ഫെമിന (മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥ -രാമനാട്ടുകര), കെ.കെ. നൗസിയ (മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റ് -കോഴിക്കോട്) എന്നിവരാണ്.
നാട്ടിൽനിന്നും കേന്ദ്ര-സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ രണ്ട് ദിവസം നീണ്ട പരിശീലനത്തിൽ പങ്കെടുത്താണ് ഇവർ ഹാജിമാർക്കൊപ്പം എത്തിയത്. പ്രയാസങ്ങളൊന്നും കൂടാതെ ഹജ്ജ് നിർവഹിച്ച സന്തോഷത്തിൽ ചാരിതാർഥ്യത്തോടെ ഹാജിമാരോടൊപ്പം നാട്ടിലേക്കു മടങ്ങാൻ ഒരുങ്ങുകയാണിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.