അറഫ ഖുതുബ നടത്താൻ മസ്ജിദുൽ ഹറാം ഇമാം ഡോ. മാഹിർ ബിൻ ഹമദ് അൽമുഐഖ്ലി
text_fieldsമക്ക: ഈ വർഷത്തെ ഹജ്ജ് വേളയിൽ അറഫ ഖുതുബ മസ്ജിദുൽ ഹറാം ഇമാമും ഖത്തീബുമായ ഡോ. മാഹിർ ബിൻ ഹമദ് അൽമുഐഖ്ലി നടത്തും. ഇദ്ദേഹത്തെ അറഫ ഖുതുബക്ക് നിയോഗിച്ചുകൊണ്ടുള്ള രാജകീയ അംഗീകാരം വന്നതായി ഇരുഹറം പാലിപാലന ജനറൽ അതോറിറ്റി വ്യക്തമാക്കി. തീരുമാനത്തിന് സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഇരുഹറം ഇമാമുമാരുടെയും മുഅദ്ദിനുമാരുടെയും പേരിൽ ഇരുഹറം മതകാര്യ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് നന്ദി അറിയിച്ചു.
ഖുർആൻ മനഃപാഠമാക്കിയ ഡോ. മാഹിർ അൽമുഐഖ്ലി പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മദീനയിലെ ടീച്ചേഴ്‌സ് കോളേജിലാണ് പഠിച്ചത്. ഗണിതശാസ്ത്ര അധ്യാപകനായി ബിരുദം നേടിയ അദ്ദേഹം മക്കയിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. തുടർന്ന് മക്കയിലെ അമീർ അബ്ദുൽ മജീദ് സ്കൂളിൽ വിദ്യാർഥി ഗൈഡായി. ശേഷം ഉമ്മുൽ ഖുറ യൂനിവേഴ്സിറ്റിയിലെ ശരീഅ കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. ‘തഫ്സീർ’, ഫിഖ്ഹ്’എന്നിവയിൽ ഡോക്ടറേറ്റും നേടി. ഉമ്മുൽ ഖുറ യൂനിവേഴ്സിറ്റിയിലെ കോളേജ് ഓഫ് ജുഡീഷ്യൽ സ്റ്റഡീസ് ആൻഡ് സിസ്റ്റംസ് ഡിപ്പാർട്ട്മെൻറിൽ അസിസ്റ്റൻറ് പ്രൊഫസറായി ജോലി ചെയ്തു. ബിരുദാനന്തര ബിരുദ പഠനത്തിനും ശാസ്ത്ര ഗവേഷണത്തിനും വേണ്ടിയുള്ള കോളേജിന്റെ വൈസ് ഡീൻ പദവി വഹിച്ചു. മക്കയിലെ അൽഅവാലിയിലെ അൽസഅ്ദി പള്ളി ഇമാമും ഖത്തീബുമായി. 2005, 2006 വർഷങ്ങളിൽ മസ്ജിദുന്നബവിയിൽ റമദാനിലെ ഇമാമായി നിയമിക്കപ്പെട്ടു. 2007 റമദാനിൽ മസ്ജിദുൽ ഹറാമിൽ തറാവീഹ്, തഹജ്ജുദ് നമസ്കാരത്തിന് നേതൃത്വം നൽകി. ആ വർഷം മുതൽ ഔദ്യോഗിക ഇമാമായി നിയോഗിക്കപ്പെട്ടു. ഇസ്ലാമിക ലോകത്തെ ഏറ്റവും പ്രശസ്തനായ ഖുർആൻ പാരായണക്കാരിൽ ഒരാളാണ് മനോഹരവും അതിശയകരവുമായ ശബ്ദത്താൽ വ്യത്യസ്തനായ ഡോ. അൽമുഐയ്ഖി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.