നിറഞ്ഞുകവിഞ്ഞ് മസ്ജിദുൽ ഹറാം, ആത്മീയാന്തരീക്ഷത്തിൽ ലയിച്ച് തീർഥാടകർ
text_fieldsമക്ക: ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് തുടക്കംകുറിക്കാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. ലോകത്തിന്റെ വിവിധ ദിക്കുകളിൽനിന്ന് പല ദേശക്കാരും ഭാഷക്കാരുമായ തീർഥാടകലക്ഷങ്ങളാണ് മക്കയിലെത്തിയത്.മസ്ജിദുൽ ഹറാമിലെ ആത്മീയാന്തരീക്ഷത്തിൽ ഖുർആൻ പാരായണം ചെയ്തും പ്രാർഥിച്ചും ഏറെ കാലമായി മനസ്സിലേറ്റി നടന്ന ഹജ്ജ് എന്ന തങ്ങളുടെ മഹത്തായ സ്വപ്നം സാക്ഷാത്കരിക്കാൻ മണിക്കൂറുകൾ എണ്ണി കഴിയുകയാണവർ. ഹജ്ജ് കർമങ്ങൾക്ക് തുടക്കമിടുന്ന തിങ്കളാഴ്ച ‘ലബൈക്ക’ ചൊല്ലി മിനായിലേക്ക് യാത്രതിരിക്കാനുള്ള ഒരുക്കത്തിലാണ്.
പുണ്യഭൂമിയിലെത്താനും ഹറമിൽ കഴിഞ്ഞുകൂടാനും കഴിഞ്ഞതിലുള്ള അവാച്യമായ ആത്മനിർവൃതിയോടൊപ്പം തങ്ങളുടെ ഹജ്ജ് കർമങ്ങൾ സ്വീകരിക്കണമേയെന്ന മനംനൊന്ത പ്രാർഥനയിലുമാണ്. കോവിഡ് എന്ന മഹാമാരിക്ക് ശേഷം ഹജ്ജ് തീർഥാടകരുടെ എണ്ണം പഴയ പ്രതാപത്തിലേക്ക് മടങ്ങുന്ന ആദ്യത്തെ സീസൺ കൂടിയാണ് മക്കയും പരിസരവും ഇത്തവണ സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്.
തീർഥാടകലക്ഷങ്ങളാൽ മസ്ജിദുൽഹറാമും പരിസരവും നിറഞ്ഞുകവിഞ്ഞിരിക്കുകയാണിപ്പോൾ. 18 ലക്ഷത്തിലധികം വിദേശതീർഥാടകരുടെ വരവ് പൂർത്തിയായിട്ടുണ്ടെങ്കിലും ഇന്നും നാളെയുമായി സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആഭ്യന്തര തീർഥാടകർ കൂടി മക്കയിലെത്തുന്നതോടെ ഹറമും പരിസരവും പുണ്യസ്ഥലങ്ങളും ഒരിക്കൽ കൂടി ലോകത്തെ ഏറ്റവും മഹാ ജനസംഗമകേന്ദ്രമായി മാറും. സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശങ്ങൾ ഉൾക്കൊണ്ട് ഏറ്റവും മികച്ച സേവനങ്ങളാണ് സർക്കാർ, സ്വകാര്യ വകുപ്പുകളുമായി സഹകരിച്ച് ഹറമുകളിലും പുണ്യസ്ഥലങ്ങളിലും തീർഥാടകർക്ക് ഒരുക്കിയിരിക്കുന്നത്.
ആർട്ടിഫിഷൽ ഇൻറലിജൻസ് അടക്കമുള്ള നൂതന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി തീർഥാടകർക്ക് അനായാസകരമായി അവരുടെ കർമങ്ങൾ അനുഷ്ഠിക്കാനുള്ള എല്ലാ സംവിധാനങ്ങളും സജ്ജീകരണങ്ങളും ഹജ്ജുമായി ബന്ധപ്പെട്ട വകുപ്പുകൾ ഒരുക്കിയിട്ടുണ്ട്. അവസാനഘട്ട ഒരുക്കങ്ങൾ വിവിധ വകുപ്പ് മേധാവികൾ പരിശോധിച്ച് ഉറപ്പുവരുത്തിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.