തീർഥാടകർ രാഷ്ട്രീയപ്രചാരണങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്ന് ഗ്രാൻഡ് മുഫ്തി
text_fieldsറിയാദ്: തീർഥാടകർ ഹജ്ജ് വേളയിൽ രാഷ്ട്രീയപ്രചാരണങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്ന് സൗദി ഗ്രാൻഡ് മുഫ്തിയും മുതിർന്ന പണ്ഡിതന്മാരുടെ കൗൺസിൽ ചെയർമാനുമായ ശൈഖ് അബ്ദുൽ അസീസ് ആലുശൈഖ് അഭ്യർഥിച്ചു. ദൈവത്തിന്റെ വിശുദ്ധിയെ മാനിക്കുന്നതിന്റെ ഭാഗമായിത്തന്നെ ഹാജിമാർ തങ്ങളുടെ തീർഥാടനത്തെ ആശ്ലേഷിക്കുകയും അതിന് ഹാനികരമാകുന്ന എല്ലാ കാര്യങ്ങളിൽനിന്നും അകന്നുനിൽക്കുകയും ചെയ്യണം. വഴക്കുകളും വെറുപ്പും തർക്കങ്ങളും സമാധാനം നഷ്ടപ്പെടുത്തുകയും തീർഥാടനത്തിന്റെ അന്തസ്സത്തക്ക് കോട്ടം വരുത്തുകയും ചെയ്യും.
രാഷ്ട്രീയ മുദ്രാവാക്യങ്ങൾ പകക്കും വെറുപ്പിനും ആക്രോശങ്ങൾക്കും കാരണമാകും. പ്രാർഥനകളുടെയും ആരാധനയുടെയും സ്ഥലമാണ് ഹജ്ജിന്റെ കേന്ദ്രമെന്ന് ഓർക്കണമെന്ന് പ്രത്യേകം പുറത്തിറക്കിയ പ്രസ്താവനയിൽ ഗ്രാൻഡ് മുഫ്തി പറഞ്ഞു. പ്രവാചകന്റെ ചര്യയെ പിന്തുടരുകയും ദൈവത്തെ മഹത്ത്വപ്പെടുത്തുകയും ചെയ്യുന്ന ആത്മാർഥമായ ഹൃദയത്തോടെ ഹജ്ജ് കർമങ്ങൾ നിർവഹിക്കാൻ ആലുശൈഖ് തീർഥാടകരോട് അഭ്യർഥിച്ചു.
സർവശക്തനായ ദൈവത്തിലേക്കുള്ള തീർഥാടനമെന്ന നിലക്ക് ഹാജി അതിൽ ആത്മാർഥതയുള്ളവനായിരിക്കണം. പ്രവാചകന്റെ ചര്യ പിന്തുടരുന്നതിൽ ശ്രദ്ധാലുവായിരിക്കണം. തീർഥാടനവേളയിൽ ദൈവത്തിന്റെ വിശുദ്ധികളെ ബഹുമാനിക്കണം. ഈ മൂന്ന് കാര്യങ്ങളിൽ അങ്ങേയറ്റം ശ്രദ്ധാലുക്കളായിരിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പുണ്യഭൂമിയിലെത്തിയ ഹാജിമാരെ ഗ്രാൻഡ് മുഫ്തി ഉണർത്തി.
‘മഹത്തായ ഇസ്ലാമിനെ ഞങ്ങൾക്ക് നൽകിയതിന് സർവശക്തനായ ദൈവത്തിന് ഞങ്ങൾ നന്ദി പറയുന്നു. അനുഗൃഹീത ദിനങ്ങളിൽ, ഈ അനുഗൃഹീത രാജ്യമായ സൗദി അറേബ്യ തീർഥാടകർക്ക് നൽകുന്ന വലിയ സൗകര്യങ്ങൾക്കും സേവനങ്ങൾക്കും കീഴിൽ തീർഥാടകർ സുരക്ഷിതമായാണ് പുണ്യഭൂമിയിലേക്ക് ഒഴുകുന്നത്. ദൈവം അതിന്റെ മഹത്ത്വവും വിജയവും ശാശ്വതമാക്കട്ടെ’ -പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു.
തീർഥാടകരുടെ സഞ്ചാരം സുഗമമാക്കുന്നതിനും അവരുടെ സമാധാനവും ആശ്വാസവും ഉറപ്പാക്കുന്നതിനുംവേണ്ടി ഏർപ്പെടുത്തിയിട്ടുള്ള എല്ലാ നിയന്ത്രണങ്ങളിലും തീർഥാടകർ ബന്ധപ്പെട്ട അധികാരികളുമായി സഹകരിക്കണം. പുണ്യഭൂമിയിലെ തീർഥാടനവും സംഗമവും സുഗമമാക്കുന്നതിലൂടെ സർവശക്തനായ ദൈവം തങ്ങൾക്ക് ചൊരിഞ്ഞ അനുഗ്രഹങ്ങളെക്കുറിച്ച് സ്മരണ വേണമെന്നും ജാഗ്രത പാലിക്കേണ്ട ഘട്ടങ്ങളിൽ അവ പാലിക്കണമെന്നും തീർഥാടകരോട് ഗ്രാൻഡ് മുഫ്തി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.