അവരെത്തി; ത്യാഗത്തിന്റെയും കരുതലിന്റെയും അനുഭവകഥകളുമായി
text_fieldsകൊണ്ടോട്ടി: ജീവിതസാഫല്യം നിറവേറ്റി തിരിച്ചെത്തിയ ഹാജിമാര്‍ക്കും ഹജ്ജുമ്മമാര്‍ക്കും പറയാനുണ്ടായിരുന്നത് ത്യാഗത്തിന്റെയും കരുതലിന്റെയും അനുഭവസാക്ഷ്യങ്ങൾ. ഭാര്യ ഹാജറക്കൊപ്പമുള്ള തീര്‍ഥാടനവേളയിൽ മുഴുവന്‍ കര്‍മങ്ങളും പൂര്‍ത്തിയാക്കാനായതിന്റെ നിര്‍വൃതി പങ്കിട്ട താനൂര്‍ കാഞ്ഞിരങ്ങാട് അബ്ദുറഹ്മാൻ, സംഘത്തില്‍നിന്ന് അകന്നുപോയ താനൂര്‍ സ്വദേശിനി പാത്തുമ്മയെ ദിവസങ്ങളുടെ പരിശ്രമത്തിനൊടുവില്‍ കണ്ടെത്തിയത് ആശ്വാസത്തോടെ ഓർത്തെടുത്തു.
കല്ലെറിയല്‍ കര്‍മത്തിനിടെ ബോധരഹിതയായി വീണതായിരുന്നു പാത്തുമ്മ. വളന്റിയര്‍മാരും സന്നദ്ധസേവകരും സംസ്ഥാന ഹജ്ജ് കമ്മിറ്റിയും ഇടപെട്ട് നടത്തിയ തിരച്ചിലുകളൊന്നും ഫലിച്ചില്ല. തുടര്‍ന്ന് കൂടെയുള്ള തീര്‍ഥാടകയുടെ ബന്ധുവിന്റെ സഹായത്തോടെ ആശുപത്രിയില്‍നിന്നാണ് ഇവരെ കണ്ടെത്തിയത്. സര്‍ക്കാര്‍ വളന്റിയര്‍മാരുടെയും സൗദി ഭരണകൂടത്തിന്റെയും ഭാഗത്തുനിന്ന് പരമാവധി സഹായമുണ്ടായെന്ന് ക്ലാരി മൂച്ചിക്കല്‍ പരുത്തിക്കുന്നന്‍ ഹംസയും ഭാര്യ ജസീനയും കുണ്ടൂര്‍ സ്വദേശി ചുള്ളിപ്പാറ യാഹുദ്ദീനും പറഞ്ഞു.
അതേസമയം, സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതിലെ പാളിച്ചകൾ പ്രയാസത്തിലാക്കിയെന്ന് പുളിക്കല്‍ ചെറുമുറ്റം കുടുക്കില്‍ ആനക്കുഴി മുഹമ്മദ് ബഷീര്‍ പറഞ്ഞു. പ്രവാസികളായ സന്നദ്ധസേവകരുടെ കുറവും പ്രയാസമുണ്ടാക്കി. പ്രവാസി സംഘടനകള്‍ എത്തിച്ച കഞ്ഞിയും മറ്റുമാണ് പലപ്പോഴും ആശ്വാസമായത്. വനിത തീര്‍ഥാടകര്‍ക്ക് മിനയില്‍നിന്ന് അറഫയിലേക്ക് വാഹനങ്ങള്‍ ലഭിക്കാതെ നടക്കേണ്ടിവന്നു. ടെന്റുകള്‍ ലഭ്യമാക്കുന്നതിലെ അപാകതമൂലം മിനയിലെ പാലത്തിനടിയില്‍ വരെ തീര്‍ഥാടകര്‍ക്ക് അന്തിയുറങ്ങേണ്ടിവന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.