അകക്കണ്ണിന്റെ കാഴ്ചയിൽ ഹജ്ജ് നിർവഹിച്ച് ശൈഖ് യഹ്യ അൽ ഹലീലി
text_fieldsജിദ്ദ: സൽമാൻ രാജാവിന്റെ അതിഥികളായി ഹജ്ജിനെത്തിയവരിൽ യമനിലെ പ്രശസ്ത ഖുർആൻ പാരായണ വിദഗ്ധൻ ശൈഖ് യഹ്യ അഹ്മദ് മുഹമ്മദ് അൽ ഹലീലിയും. മതകാര്യ വകുപ്പിന്റെ മേൽനോട്ടത്തിൽ ഹജ്ജ് നിർവഹിക്കാനുള്ള ഖാദിമുൽ ഹറമൈൻ ഹജ്ജ് പദ്ധതിക്ക് കീഴിലാണ് അന്ധനായ ശൈഖ് യഹ്യ അൽഹലീലി ഹജ്ജിനെത്തിയത്.
യമനിലെ സൻആയിൽ അൽഹുലൈലി ഗ്രാമത്തിൽ 1952 ലാണ് ശൈഖ് യഹ്യയുടെ ജനനം. ഏഴാമത്തെ വയസ്സിൽ യഹ്യ അൽഹുലൈലി തന്റെ ചെറിയ ഗ്രാമത്തിൽനിന്ന് തലസ്ഥാനമായ സൻആയിലെത്തി.
പിതാവ് ഖുർആൻ മനഃപാഠമാക്കുന്നതിന് അവിടത്തെ ഒരു വലിയ പള്ളിയിൽ ചേർത്തു. രണ്ട് വർഷത്തിനുശേഷം ഖുർആൻ മന:പാഠമാക്കാൻ ശൈഖ് യഹ്യക്ക് കഴിഞ്ഞു. കാഴ്ച നഷ്ടമായത് ഖുർആൻ മനഃപാഠമാക്കുന്നതിനും അറിവ് തേടുന്നതിനും അദ്ദേഹത്തിന് തടസ്സമായില്ല. ധാരാളമാളുകൾ അദ്ദേഹത്തിന്റെ മധുരമായ ശബ്ദത്തിലുള്ള ഖുർആൻ പാരായണത്തെ ഇഷ്ടപ്പെടുന്നു. നിരവധി പ്രാദേശികവും അന്തർദേശീയവുമായ ഖുർആൻ മത്സരങ്ങളിൽ പങ്കെടുത്തു.
1980ൽ സൗദി അറേബ്യ ആതിഥേയത്വം വഹിച്ച ഖുർആൻ മത്സരത്തിൽ രണ്ടാം സ്ഥാനം നേടി. വർഷങ്ങളായി യമൻ റേഡിയോയിലും ടെലിവിഷനിലും ശൈഖ് യഹ്യ അൽഹലീലിയുടെ മധുരമായ ശബ്ദത്തിലുള്ള പ്രക്ഷേപണം നടന്നുവരുന്നു. റെക്കോർഡ് ചെയ്ത മികച്ച ഖുർആൻ പാരായണങ്ങൾ ഉൾപ്പെടുന്ന ഒരു പ്രധാന ഓഡിയോ ലൈബ്രറിയും അദ്ദേഹത്തിനുണ്ട്. സൗദി അറേബ്യയുടെ ആതിഥ്യത്തിനും സ്വീകരണത്തിനും ശൈഖ് അൽ ഹലീലി സൽമാൻ രാജാവിന് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.