സർവേ റിപ്പോർട്ട്; 77 ശതമാനം സ്വദേശികളും ഹജ്ജ് വേളയിൽ സന്നദ്ധ സേവനം ചെയ്യാൻ ആഗ്രഹിക്കുന്നവർ
text_fieldsറിയാദ്: സൗദി അറേബ്യൻ പൗരന്മാരിൽ 77 ശതമാനവും ഹജ്ജ് വേളയിൽ പുണ്യസ്ഥലങ്ങളിൽ സന്നദ്ധസേവനം ചെയ്യാൻ ആഗ്രഹിക്കുന്നവരാണെന്ന് സർവേ ഫലം. കിങ് അബ്ദുൽ അസീസ് സെൻറർ ഫോർ നാഷനൽ ഡയലോഗ് ഹജ്ജിനെ സംബന്ധിച്ച സ്വദേശി പൗരന്മാരുടെ വീക്ഷണം അറിയാനായി നടത്തിയ സർവേയിലാണ് ബഹുഭൂരിപക്ഷം പേരും ഹജ്ജ് സേവനത്തിനുള്ള സന്നദ്ധത പ്രകടിപ്പിച്ചത്. തങ്ങൾ അല്ലെങ്കിൽ മക്കൾ ഹജ്ജ് തീർഥാടകർക്ക് സേവനം ചെയ്യുന്നവരായിരിക്കണമെന്നാണ് 66 ശതമാനം പുരുഷന്മാരും ബാക്കി സ്ത്രീകളും പങ്കെടുത്ത സർവേയിലെ പൊതുവികാരം.
35 ശതമാനം പേരും 2023ലെ ഹജ്ജ് റിപ്പോർട്ടും ചിത്രങ്ങളും ശ്രദ്ധിച്ചവരാണ്. തീർഥാടകരിൽ പ്രായമായവരെയും രോഗികളെയും സുരക്ഷാ ഉദ്യോഗസ്ഥർ സഹായിക്കുന്ന ചിത്രങ്ങളാണ് കൂടുതൽ പേരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. ഹജ്ജ് കർമങ്ങളുടെയും ക്രമീകരിച്ച ഗ്രൂപ്പുകളുടെയും ചിത്രങ്ങൾ ‘മികച്ച ഫോട്ടോകൾ’ എന്ന പട്ടികയിൽ പെടുത്തിയത് 19 ശതമാനം പേരാണ്. ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ മൂന്നാം സ്ഥാനത്ത് വിദേശികൾ അടക്കമുള്ള സന്നദ്ധപ്രവർത്തകർ തീർഥാടകരെ സേവിക്കുന്നവയായിരുന്നു.
ഏറ്റവും കൂടുതൽപേർ ഇഷ്ടപ്പെട്ട മൂന്ന് ചിത്രങ്ങളും സുരക്ഷാ ഉദ്യോഗസ്ഥർ രോഗികളും അവശരുമായ തീർഥാടകരെ സഹായിക്കുന്നവയായിരുന്നു. ഖുർആൻ വചനങ്ങളെ സംബന്ധിച്ച ചോദ്യത്തിന് നിർഭയരായും സമാധാനത്തോടെയുമുള്ള സ്വർഗപ്രവേശനം പരാമർശിക്കുന്ന ‘അൽ ഹിജ്ർ’ അധ്യായത്തിലെ 46ാമത്തെ വചനവും ഹജ്ജ് തീർഥാടനത്തിലേക്കുള്ള പൊതുവിളംബരം ഉദ്ഘോഷിക്കുന്ന ‘അൽ ഹജ്ജ്’ അധ്യായത്തിലെ 27ാമത്തെ വചനവുമാണ് സർവേയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗം പേരും ഉദ്ധരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.