നഷ്ടമായൊരു പെരുന്നാൾ നമസ്കാരത്തിന്റെ ഓർമ
text_fieldsഓരോ പെരുന്നാൾ വരുമ്പോഴും പ്രവാസത്തിലെ ആദ്യത്തെ പെരുന്നാൾദിനം ഓർമയിലെത്തും. ’90കളുടെ അവസാന വർഷങ്ങളിലാണ് ഖത്തറിൽ പ്രവാസിയായി എത്തുന്നത്. അതാവട്ടെ ഒരു ബലിപെരുന്നാളിന് തൊട്ടുമുമ്പും. രണ്ടാഴ്ച മാത്രമായിരുന്നു പെരുന്നാളിനുള്ളത്. അറബിവീട്ടിലായിരുന്നു ജോലി.
പരിചയക്കാരോ ബന്ധുക്കളോ ആരുംതന്നെ ഇല്ല. ഇവിടത്തെ പെരുന്നാളിന്റെ രൂപവും മറ്റും അറിയാൻ ഒരു വഴിയുമില്ല. പുറത്തിറങ്ങി കൂടുതൽ പേരെ പരിചയപ്പെടാനുള്ള സമയവുമില്ല. ‘നാളെ പെരുന്നാളാണ്, വണ്ടികളെല്ലാം ഇന്ന് രാത്രി കഴുകിയിടണം...’ വീട്ടുടമയായ അറബി പറഞ്ഞതു പ്രകാരം രാത്രിയിൽതന്നെ വണ്ടികളെല്ലാം കഴുകിയിട്ടു.
എല്ലാം കഴിഞ്ഞ് 12 മണിക്കുശേഷമാണ് ഉറങ്ങാൻ കിടന്നത്. വീടും കുടുംബവും വിട്ടുവന്നതിന്റെയും ഒറ്റപ്പെടലിന്റെയും സങ്കടങ്ങൾ കുമിഞ്ഞുകൂടിയ ദിവസങ്ങൾ. കട്ടിലിൽ കിടന്ന് നാട്ടിലെ പെരുന്നാൾ ഓർമകൾ എല്ലാം അനുസ്മരിച്ചു. രാവിലെ, കുറച്ച് നേരത്തേ പള്ളിയിൽ പോയാൽ മലയാളികളായ ആരെയെങ്കിലും അവിടെ കാണാൻ പറ്റുമല്ലോ എന്നായിരുന്നു ചിന്തകൾ. പരിചയപ്പെട്ട് പുതിയ കൂട്ടുകൂടാനുള്ള ആവേശവുമുണ്ടായിരുന്നു.
രാവിലെ എഴുന്നേറ്റ് പുതുവസ്ത്രങ്ങളൊക്കെ അണിഞ്ഞ് സുഗന്ധം പൂശി പുറത്തിറങ്ങി. പെരുന്നാളിന്റെ ഒരു അനക്കവും റേഡുകളിൽ കാണുന്നില്ല. ആളുകൾ കൂട്ടമായി പള്ളിയിൽ പോകുന്നതും കാണുന്നില്ല. എവിടെയും തക്ബീറുകൾ മുഴങ്ങി കേൾക്കുന്നില്ല. ഇവിടെ തക്ബീറുകൾ ഒന്നും ഉണ്ടാവില്ലെന്ന് കരുതി ആരോടെങ്കിലും ചോദിക്കാമെന്ന് വിചാരിച്ച് മുന്നോട്ടുപോയി.
താമസിക്കുന്ന വീടിന്റെ അടുത്ത് ഫഹദ് ഫുഡ് സ്റ്റഫ് എന്ന പേരിൽ ഒരു സൂപ്പർ മാർക്കറ്റുണ്ട്. അവിടെ മലയാളികളുണ്ട്, അവരോട് കാര്യങ്ങൾ തിരക്കാമെന്നായി. ആ കടയുടെ ഉടമ അഹമ്മദാജി പുതുവസ്ത്രങ്ങൾ അണിഞ്ഞ് അവിടെ ഇരിപ്പുണ്ട്. ‘‘പെരുന്നാളിന് പള്ളിയിൽ പോകുന്നില്ലേ... എപ്പോഴാണ്... എത് പള്ളിയിലാണ് പെരുന്നാൾ നമസ്കാരം...?’’ -ഞാൻ ഹാജിക്കയോട് ചോദിച്ചു. അഹമ്മദാജിക്ക ചിരിയോടെയായിരുന്നു മറുപടി പറഞ്ഞത്. ‘മോനേ, ഇപ്പോൾ മണി എത്രയായി...?’ ‘എട്ടുമണി...’ -ഞാൻ മറുപടി പറഞ്ഞു.
‘ഇവിടെ പെരുന്നാൾ നമസ്കാരം സൂര്യോദയ സമയത്താണ്. നമസ്കാരം കഴിഞ്ഞിട്ട് ഇപ്പോൾ മണിക്കൂറുകളും കടന്നു...’ ഹാജിക്കയുടെ മറുപടികേട്ട് ഞാൻ ഒരുനിമിഷം സ്തബ്ധനായി. പ്രവാസത്തിലെത്തിയ ശേഷമുള്ള ആദ്യ പെരുന്നാളും നമസ്കാരവുമെല്ലാം നഷ്ടമായിരിക്കുന്നു.
‘‘ഞങ്ങളുടെ നാട്ടിൽ എട്ടര-ഒമ്പതുമണിക്കാണ് പെരുന്നാൾ നമസ്കാരം. ആ സമയമാകും എവിടെയുമെന്ന് കരുതിയാണ് ഞാൻ താമസിച്ച’’തെന്ന് പറഞ്ഞപ്പോൾ ഹാജിക്ക സമാധാനിപ്പിച്ചു. ‘‘ഇവിടെ ഇങ്ങനെയൊക്കെയാണ്. എന്തായാലും മോൻ വിഷമിക്കേണ്ട. അടുത്ത പെരുന്നാളിന് നമുക്ക് നേരത്തേ പോകാം’’ -അദ്ദേഹം ആശ്വസിപ്പിച്ചു.
ശേഷം മേശവലിപ്പ് തുറന്ന് 50 റിയാലും കുറച്ച് ചോക്ലേറ്റും ഫ്രൂട്സും ജ്യൂസും തന്ന്, ‘ഇത് മോൻ വെച്ചോ...’ ഇതെന്റെ പെരുന്നാൾ സമ്മാനമാണെന്നും പറഞ്ഞ് യാത്രയാക്കി. എല്ലാ പെരുന്നാളിനും അഹമ്മദ് ഹാജിക്കയെയും അദ്ദേഹം നൽകിയ 50 റിയാലുമാണ് ഓർമകളിൽ തെളിഞ്ഞുവരുന്നത്. ഇന്ന് പ്രിയപ്പെട്ട ഹാജിക്ക നാട്ടിൽ വിശ്രമത്തിലാണ്. പ്രവാസം പതിറ്റാണ്ടുകൾ പിന്നിട്ടു. അതിരാവിലെയുള്ള പെരുന്നാൾ നമസ്കാരങ്ങൾ ശീലമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.