റമദാൻ പകരുന്ന ആരോഗ്യ പാഠങ്ങൾ
text_fieldsആത്മീയ ചൈതന്യം തുടിക്കുന്ന വിശുദ്ധ മാസം തുടങ്ങിക്കഴിഞ്ഞു. ഉപവാസത്തിന്‍റെ ആത്മീയ, ചരിത്ര പശ്ചാത്തലങ്ങൾ ധാരാളം നമുക്കറിയാം. ആത്മപരിശോധനക്കും പുനരവലോകത്തിനും റമദാൻ വലിയ തോതിൽ മനുഷ്യനെ പ്രാപ്തമാക്കുന്നു എന്ന കാര്യവും നമുക്ക് നന്നായറിയാം. എന്നാൽ, നോമ്പിന്‍റെ ആരോഗ്യതലത്തെക്കുറിച്ച് നമ്മളിൽ പലർക്കും കാര്യമായ അറിവില്ല എന്നതാണ് സത്യം.
ഉപവാസം മെച്ചപ്പെട്ട ആരോഗ്യം കൂടിയാണ് ഉറപ്പാക്കുന്നത്. പല മതങ്ങളിൽ, പല കാലങ്ങളിലായി ഉപവാസത്തിന് പ്രാധാന്യം നൽകിയത് ആത്മീയ ഭാവങ്ങൾക്കൊപ്പം അതിന്‍റെ ആരോഗ്യ പ്രാധാന്യം കൂടി തിരിച്ചറിഞ്ഞു തന്നെയാകണം. ഉപവാസത്തിന് പല മതങ്ങളിലും തത്ത്വശാസ്ത്രങ്ങളിലും വിവിധ വകഭേദങ്ങളുണ്ട്. ഏതെങ്കിലും ഒരുനേരം മാത്രം ഭക്ഷണം ഒഴിവാക്കിയോ ചില പ്രത്യേകയിനം ഭക്ഷണങ്ങൾ മാത്രം നിശ്ചിത സമയത്തേക്ക് ഉപേക്ഷിച്ചോ ഉപവാസം ആചരിക്കുന്നവരുണ്ട്. മുഴുദിവസം പട്ടിണി കിടന്ന് ഉപവസിക്കുന്നവരും ഉണ്ട്.
എന്നാൽ, ഇസ്‍ലാമിലെ ഉപവാസം സൂര്യോദയം മുതൽ അസ്തമയം വരെ നീളുന്ന പ്രക്രിയയാണ്. പ്രമേഹം ഉൾപ്പെടെയുള്ള ജീവിതശൈലീ രോഗങ്ങളെ നേരിടാനുള്ള പ്രായോഗിക വഴികളിൽ ഒന്നായും ഉപവാസം മാറുകയാണ്. ഉഷ്ണകാലത്താണ് ഗൾഫിൽ റമദാൻ വിരുന്നെത്താറ്. ഇത്തവണയും അതിൽ മാറ്റമില്ല. 14 മുതൽ 15 മണിക്കൂർ വരെ ദൈർഘ്യമുണ്ട് ഗൾഫിലെ നോമ്പിന്. ഈ കാലാവസ്ഥയിൽ നോമ്പനുഷ്ഠിക്കുന്നവർ ഒന്നു മനസ്സുവെച്ചാൽ മികച്ച ശാരീരിക, മാനസികാവസ്ഥ കൂടി രൂപപ്പെടുത്താം. തിരസ്കാരം തന്നെയാണ് നോമ്പിന്‍റെ കാതൽ. കേവലം ഭക്ഷണ പാനീയങ്ങളിൽ നിന്ന് വിട്ടുനിൽക്കൽ മാത്രമല്ല അത്. മാനസികമായി കരുത്താർജിക്കാനുള്ള മികച്ച അവസരം കൂടിയായി മാറുകയാണ് നോമ്പുകാലം. അതോടെ നമ്മെ അലട്ടുന്ന പല ജീവിതശൈലീ രോഗങ്ങളും എളുപ്പം വിടപറയും.
ജീവിതരീതികളും ക്രമങ്ങളും അടിമുടി മാറുകയാണ് നോമ്പുകാലത്ത്. ഇക്കാര്യം തിരിച്ചറിഞ്ഞ് ആഹാര രീതികളിലും ജീവിത ശൈലികളിലും ബോധപൂർവം മാറ്റങ്ങൾ ഉൾക്കൊള്ളാൻ തയാറാകണം. പകൽനേരത്ത് ആഹാരം ഉപേക്ഷിക്കുന്നു എന്നുകരുതി രാത്രികാലങ്ങളിൽ വഴിവിട്ട തോതിൽ കഴിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഉപവാസത്തിന്‍റെ ചൈതന്യത്തെയും അത് ഇല്ലാതാക്കും. ശരിയായ ഉപവാസം നമ്മുടെ ശരീരത്തിനും മനസ്സിനും നൽകുന്ന ഉണർവ് വലുതാണ്. നാം അതിന്‍റെ ചൈതന്യം നഷ്ടപ്പെടുത്താതിരിക്കുകയാണ് പ്രധാനം. പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ ഉൾപ്പെടെയുള്ള ജീവിതശൈലീ രോഗങ്ങളെ ഫലപ്രദമായി നിയന്ത്രിച്ചുനിർത്താനും ഉപവാസകാലം സഹായിക്കും. ശരീരഭാരം കുറക്കാൻ താൽപര്യമെടുക്കുന്നവർക്കും ഇത് നല്ലകാലം.
ഉപവാസത്തെ ആരോഗ്യദായകമാക്കാൻ 10 ടിപ്സുകൾ
1. ഉപവാസം ആരോഗ്യത്തിന് ഗുണകരമാണെന്ന ബോധ്യം ഉള്ളിൽ ഉറപ്പിക്കുക. ഒരുനിലക്കും അത് അനാരോഗ്യകരമായ അവസ്ഥ രൂപപ്പെടുത്തുന്നില്ല. ഉപവാസ കാലത്തെ നമ്മുടെ ഭക്ഷണ രീതിയും ജീവിത ശൈലിയുമാണ് പ്രധാനം.
2. രോഗികൾ പതിവായി കഴിക്കുന്ന മരുന്നുകൾ ഉപേക്ഷിക്കരുത്. ഡോക്ടറുടെ സഹായത്തോടെ മരുന്നുകളുടെ സമയം ക്രമീകരിക്കുകയാണ് വേണ്ടത്.
3. അനാവശ്യ പിരിമുറുക്കവും സമ്മർദവും തീർത്തും ഉപേക്ഷിക്കുക. രാത്രികാല അമിത ഭക്ഷണം പരമാവധി കുറക്കാൻ ശ്രമിക്കുക
4. പുകവലി ഉൾപ്പെടെയുള്ള തെറ്റായ രീതികൾ ഉപേക്ഷിക്കാനുള്ള നല്ല സമയം കൂടിയാണ് റമദാൻ. രാത്രിയിലും പുകവലിക്കാതിരിക്കുക
5. ഇഫ്താർ പരമാവധി ലളിത സ്വഭാവത്തിലുള്ളതാക്കുക. എണ്ണ കലർന്ന ഭക്ഷ്യ വിഭവങ്ങളോട് 'നോ' പറയുക. ഈത്തപ്പഴം, നാരങ്ങ, ജ്യൂസുകൾ, പരിപ്പു വിഭവങ്ങൾ എന്നിവക്ക് ഊന്നൽ നൽകുക. നോമ്പെടുക്കുമ്പോൾ ഗോതമ്പ്, റാഗി, അവൽ വിഭവങ്ങളാകും കൂടുതൽ പഥ്യം.
6. ഉഷ്ണകാലത്താണ് ഗൾഫിലെ നോമ്പ്. ഇക്കാര്യം മുൻനിർത്തി രാത്രി പരമാവധി വെള്ളം കുടിക്കണം. മാംസാഹാരം കുറക്കുക. കൂടുതൽ ജലാംശം നിറഞ്ഞ വിഭവങ്ങൾക്ക് മുൻതൂക്കം നൽകുക. ചായയും കാപ്പിയും കുറഞ്ഞ അളവിൽ മാത്രം ഉപയോഗിക്കുക.
7. പ്രാർഥനകളുടെ ആധിക്യവും ജീവിത രീതികളിൽ വരുന്ന മാറ്റവും മുൻനിർത്തി ശ
രീരത്തെയും മനസ്സിനെയും പരമാവധി ചിട്ടപ്പെടുത്താൻ കഴിയണം. അനാവശ്യ പിരിമുറുക്കം രൂപപ്പെടുത്തുന്ന എല്ലാ ചിന്തകളും ഒഴിവാക്കണം.
8. ഉറക്കം പ്രധാനമാണ്. ആരാധനയും മറ്റും കാരണം ഉറക്കം നഷ്ടപ്പെടുന്ന സാഹചര്യം സ്വാഭാവികം. എന്നാൽ, ഒരു പരിധിക്കപ്പുറം ഉറക്കം നഷ്ടപ്പെടുത്തുന്നത് ഉപവസിക്കുന്നവരുടെ ശാരീരിക, മാനസികാരോഗ്യത്തെ ബാധിക്കും.
9. ഇഫ്താർ പോലെ പ്രധാനമാണ് സുഹൂർ. നോമ്പെടുക്കാനുള്ള മാനസിക, ശാരീരിക തയാറെടുപ്പ് കൂടിയാണത്. ലളിത വിഭവങ്ങൾ കൊണ്ടെങ്കിലും സുഹൂർ നിർബന്ധമാക്കുക.
10. സഹജീവികളോട് കൂടുതൽ ആഭിമുഖ്യം പുലർത്തുക. സാധ്യമായ അളവിൽ അവർക്ക് സഹായം ഉറപ്പാക്കുക. അതിലൂടെ ആത്മവിശുദ്ധി കൈവരിക്കാൻ ശ്രമിക്കുക.
(ഡോ. ഷമീമ അബ്ദുൽ നാസർ അജ്മാൻ മെട്രോ മെഡിക്കൽ സെന്റർ ആയുർവേദ വിഭാഗം മേധാവിയാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.