ചേർത്തു നിർത്താം, സന്തോഷവും പുഞ്ചിരിയും നഷ്ട്മായവരെ
text_fieldsസന്തോഷവും ആനന്ദവും നിറഞ്ഞ ക്രിസ്മസ് ദിനത്തിലാണ് നാം. സമാനതകളില്ലാത്തവരുടെ ഇടയിലേക്ക് സമാനതകളുടെ പുതു സന്ദേശം നൽകുന്നതാണ് ക്രിസ്മസ്. പ്രത്യേകിച്ച് ആഘോഷങ്ങളും സന്തോഷങ്ങളുമില്ലാത്ത അവനവന്റെ കഷ്ടപ്പാടുകളുടെ നടുവിൽ കഴിഞ്ഞിരുന്ന കുറച്ചു മനുഷ്യരുടെയിടയിലേക്കാണ് ‘സർവ ജനത്തിനും ഉണ്ടാകുവാനുള്ള മഹാ സന്തോഷം’ പിറവിയെടുക്കുന്നത്. ‘സ്ഥലമില്ലാത്തതിനാൽ ശിലകൾ ചുറ്റി കാലിത്തൊഴുത്തിൽ പിറന്നു. പിറന്നതെവിടെയെന്നു കൃത്യമായ വിവരണമില്ല. ഒരുപക്ഷേ വഴിയരികിൽ എവിടെയെങ്കിലും ആകാം.
നമ്മിലേക്ക്, നമ്മുടെ നീറുന്ന പ്രശ്നങ്ങളിലേക്ക്, സങ്കടങ്ങളിലേക്ക്, പരിമിതികളിലേക്ക്, ക്രിസ്തു വന്നു പിറന്ന ദിനമാണിന്ന്. സർവജനത്തിനും ഉണ്ടാകുവാനുള്ള മഹാസന്തോഷം നമ്മുടെ നഷ്ട്മായ സന്തോഷത്തെ, പുഞ്ചിരിയെ തിരികെ തരുവാൻ വന്നതാണ് എന്ന് 2000 വർഷങ്ങൾക്കിപ്പുറവും നമുക്കുൾക്കൊള്ളുവാൻ സാധ്യമായിട്ടുണ്ടോ എന്ന സ്വയം ചോദ്യം ഈ ക്രിസ്മസിൽ നാം ചോദിക്കേണ്ടതുണ്ട്.
അവനവന്റെ അടുത്തവരിലേക്കു എത്തിപ്പെടാനുള്ള അത്യാർത്തിയുടെ പേരായി മോട്ടിവേഷൻ മാറിയിട്ടില്ലേയെന്നൊരു സംശയം ഇല്ലാതില്ല. അവിടെയാണ് ഉള്ളതിനെ ഇല്ലായ്മയാക്കിയിറങ്ങി വന്നവൻ മാതൃകയാകേണ്ടത്. ഗിഫ്റ്റിവിസം (Giftivism) യു.എൻ. അവതിപ്പിച്ച അൽപ്പഭംഗിയുള്ള ഒരു പുതിയ പദമായിരുന്നു. ഗാന്ധിയും മദർ തെരേസയുമൊക്കെയാണ് പ്രചോദനം. നമ്മെ നമ്മുടെ താഴേ തട്ടിലേക്കുകൂടി നോക്കുവാനത് സഹായിക്കുന്നു.
സത്യത്തിൽ ദൈവം നമ്മെ ഉയർത്തിയ വഴികൾ മനസ്സിലാക്കുന്നതപ്പോഴാണ്. ഉയരത്തിലേക്കുള്ള നമ്മുടെ ഓരോ നോട്ടവുമത് തന്റെ മഹിമ വെടിഞ്ഞുദാസ്വരൂപം പൂണ്ട് നമ്മുടെ സങ്കടങ്ങളിലേക്കും പരിമിതികളിലേക്കും മഹാസന്തോഷമായെത്തിയ നമ്മുടെ നാഥനെ എവിടെയോ നഷ്ടമായ ആ പഴയ പുഞ്ചിരിയോടുകൂടി നോക്കുവാൻ വേണ്ടി മാത്രമാകണം. ഒപ്പം ജീവിത വഴിത്താരകളിൽ ആ സന്തോഷവും പുഞ്ചിരിയും നഷ്ടമായവരെയും ചേർത്തുനിർത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.