ഹജ്ജിന് ഉയർന്ന നിരക്ക്: മന്ത്രാലയങ്ങൾ സംയുക്ത യോഗം ചേരും
text_fieldsമലപ്പുറം: കോഴിക്കോട് വിമാനത്താവളത്തിൽനിന്നും ഹജ്ജ് സർവിസിന് ഉയർന്ന നിരക്ക് ഈടാക്കുന്ന വിഷയത്തിൽ അനിശ്ചിതത്വം തുടരുന്നു. വിഷയത്തിൽ ഈയാഴ്ച കേന്ദ്ര വ്യോമയാന, ന്യൂനപക്ഷ മന്ത്രാലയങ്ങളുടെ സംയുക്ത യോഗം ചേരും.അതേസമയം, പ്രശ്നം ഉന്നയിക്കാൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി സംഘം ചൊവ്വാഴ്ച ഡൽഹിയിലെത്തും. ഹജ്ജിന്റെ ചുമതലയുള്ള കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയവും വ്യോമയാന മന്ത്രാലയവും ഇവർ സന്ദർശിക്കുകയും വിഷയം ഉന്നയിക്കുകയും ചെയ്യും. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, അംഗം ഐ.പി. അബ്ദുസലാം എന്നിവരാണ് സംഘത്തിലുള്ളത്.
നിലവിൽ കരിപ്പൂരിൽനിന്നും എയർഇന്ത്യ എക്സ്പ്രസ് മാത്രമാണ് തുക സമർപ്പിച്ചിരിക്കുന്നത്. ഒരു തീർഥാടകന് ടിക്കറ്റ് നിരക്കായി ഇവർ നൽകിയിരിക്കുന്നത് 164329.62 രൂപയാണ്. അതേസമയം, കൊച്ചിയിൽ 89188.51, കണ്ണൂർ 88772.91 രൂപയുമാണ് സൗദി എയർലൈൻസ് നൽകിയിരിക്കുന്നത്. പുതിയ നിരക്ക് സമർപ്പിക്കാൻ എയർഇന്ത്യ എക്സ്പ്രസിനോട് ആവശ്യപ്പെട്ടതായാണ് സൂചന.
തിങ്കളാഴ്ച ഇതുമായി ബന്ധപ്പെട്ട് മുംബൈ കേന്ദ്ര ഹജ്ജ് കമ്മിറ്റിയിൽ ചർച്ച നടക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നറുക്കെടുപ്പായതിനാൽ നടന്നിട്ടില്ല. കഴിഞ്ഞ വർഷം 1.20 ലക്ഷമായിരുന്നു കരിപ്പൂരിൽനിന്നുള്ള നിരക്ക്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ വിമാന ഇന്ധനനിരക്കിലുണ്ടായ വർധന ഉൾപ്പെടെയാണ് ടിക്കറ്റ് നിരക്ക് കൂടിയതിനുള്ള കാരണമായി പറയുന്നത്. വലിയ വിമാനസർവിസ് പുനരാരംഭിക്കുകയാണ് പരിഹാരമായി ചൂണ്ടിക്കാണിക്കുന്നത്. അല്ലാത്തപക്ഷം കരിപ്പൂരിലെ ഹജ്ജ് ക്യാമ്പ് മറ്റിടങ്ങളിലേക്ക് മാറ്റേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.