പാൽപായസത്തിന്റെ സ്വാദ് ഐതിഹ്യപ്പെരുമയിലും
text_fieldsഅമ്പലപ്പുഴ: അമ്പലപ്പുഴയെന്ന് കേട്ടാല്‍ ആദ്യം നാവിലൂറുക പാല്പായസത്തിന്റെ മധുരം. എന്നാല്‍, ഓട്ടന്തുള്ളല് പിറവികൊണ്ടതും ഈ മണ്ണില്‍ നിന്നുതന്നെ. വേലകളിയും പ്രസിദ്ധം. കൂടാതെ, അമ്പലപ്പുഴക്ക് തെക്കന്‍ ഗുരുവായൂരെന്നും വിളിപ്പേരുണ്ട്. ചെമ്പകശ്ശേരി എന്ന നാട്ടുരാജ്യത്തിലായിരുന്ന ഈ പ്രദേശം അമ്പലപ്പുഴ എന്ന പേരില്‍ അറിയപ്പെടുന്നതിനും ഐതിഹ്യങ്ങളുണ്ട്.
ഇതില്‍ പ്രധാനം അമ്പലപ്പുഴ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ്. ഈ ക്ഷേത്രത്തെപ്പറ്റിയുള്ള ഒരു ഐതിഹ്യപ്രകാരം, വില്വമംഗലത്ത് സ്വാമിയാരാണ് ക്ഷേത്രത്തിനു സ്ഥാനം നിശ്ചയിച്ചത്. ചെമ്പകശ്ശേരി രാജാവ് ഒരു ദിവസം സ്വാമിയാരുമൊത്തു വള്ളത്തിൽ യാത്ര ചെയ്യുകയായിരുന്നു. ആ സമയം കർണാനന്ദകരമായ ഓടക്കുഴൽ വാദനം കേട്ട് രാജാവ് ചുറ്റുപാടും നോക്കി. എന്നാൽ, പ്രദേശത്തെങ്ങും ആരും ഉണ്ടായിരുന്നില്ല.
രാജാവ് വിവരം സ്വാമിയാരെ അറിയിച്ചു. തന്നെ തൊട്ടുകൊണ്ട് ആ അരയാലിലേക്ക് നോക്കാന്‍ സ്വാമി പറഞ്ഞുവത്രേ. സ്വാമിയാര് പറഞ്ഞതു പ്രകാരം രാജാവ് ചെയ്തപ്പോള്‍ ശ്രീകൃഷ്ണദര്‍ശനം കിട്ടിയെന്നാണ് വിശ്വാസം. ഇവിടെ ഒരു ശ്രീകൃഷ്ണ ക്ഷേത്രം പണിയണമെന്നും സ്വാമിയാർ രാജാവിനെ അറിയിച്ചു. അങ്ങനെയാണ് ക്ഷേത്രം അവിടെ പണിയപ്പെട്ടതെന്ന് ഐതിഹ്യം. ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയതുമായി ബന്ധപ്പെട്ടാണ് അമ്പലപ്പുഴയെന്ന പേരുകിട്ടിയതെന്നും പറയുന്നു.
നാറാണത്ത് ഭ്രാന്തനാണ് ഇവിടുത്തെ പ്രതിഷ്ഠ നടത്തിയതെന്നാണ് പറയപ്പെടുന്നത്. പ്രതിഷ്ഠസമയത്ത് അഷ്ഠബന്ധം ഉറയ്ക്കാതെ തന്ത്രിമാര്‍ (പുതുമനയും കടികക്കോലും) വിഷമിച്ചു. അപ്പോൾ ആ വഴി വന്ന നാറാണത്ത് ഭ്രാന്തനോട് അപേക്ഷിച്ചതനുസരിച്ച് അദ്ദേഹം കൈയിലിരുന്ന മീന്‍ ശ്രീകോവിലിനു പുറത്തുവെച്ചെന്നും വായിലെ മുറുക്കാൻ (താംബൂലം) തുപ്പി വിഗ്രഹം ഉറപ്പിച്ചെന്നും വിശ്വസിക്കുന്നു. താംബൂലം ഒഴുക്കി വിഗ്രഹപ്രതിഷ്ഠ നടത്തിയതുകൊണ്ട് താംബൂലപ്പുഴയെന്നും പിന്നീട് അമ്പലപ്പുഴയെന്നും പേരുവന്നെന്നാണ് പറയപ്പെടുന്നത്.
തന്ത്രിമാരെപ്പറ്റിയും ഐതിഹ്യമുണ്ട്. തുടക്കത്തിൽ കടികക്കോൽ മനയിലെ തിരുമേനി മാത്രമാണ് ഉണ്ടായിരുന്നത്. തയാറാക്കിയ വിഗ്രഹം പ്രതിഷ്ഠായോഗ്യമല്ലെന്ന് പുതുമന തിരുമേനി പറഞ്ഞതിനെ കടികക്കോൽ നമ്പൂതിരി എതിർക്കുകയും തെളിയിക്കാൻ ആവശ്യപ്പെടുകയും തെളിയിച്ചാൽ പാതി താന്ത്രികാവകാശം കൊടുക്കാമെന്നു പറയുകയും ചെയ്തു.
ഉടൻ വിഗ്രഹത്തില്‍ തട്ടിയപ്പോള്‍ അതിൽനിന്ന് അഴുക്കുവെള്ളവും തവളയും പുറത്തു ചാടിയത്രേ. തുടര്‍ന്നാണ് താന്ത്രികസ്ഥാനം പങ്കുവെച്ചത്. ചങ്ങനാശ്ശേരി കുറിച്ചി ക്ഷേത്രത്തിലെ പാർഥസാരഥി വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിക്കേണ്ടതെന്ന് തെളിഞ്ഞു. ഇങ്ങനെയാണ് ആ വിഗ്രഹം അമ്പലപ്പുഴയില്‍ എത്തിക്കുന്നത്. എത്തിയപ്പോഴേക്കും വൈകിയതിനാല്‍ ചമ്പക്കുളത്തെ മാപ്പിളശേരി ക്രൈസ്തവകുടുംബത്തില് വിഗ്രഹം ആചാരപ്രകാരം സൂക്ഷിച്ചു.
പിറ്റേന്ന് വള്ളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി വിഗ്രഹം അമ്പലപ്പുഴ ക്ഷേത്രത്തില്‍ എത്തിച്ചു. അതിന്റെ ഓർമ പുതുക്കിയാണ് ചമ്പക്കുളം രാജപ്രമുഖന്‍ മൂലംവള്ളംകളി നടന്നുവരുന്നത്. അമ്പലപ്പുഴ ക്ഷേത്രത്തില്‍നിന്നുള്ള അവകാശികള്‍ ചെന്ന ശേഷമാണ് മൂലം വള്ളംകളി ആരംഭിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.