പട്ടിൽ തുന്നിയ വിശുദ്ധ ഖുർആൻ
text_fieldsപുസ്തകങ്ങളുടെയും അറിവിന്റെയും മഹാലോകമാണ് ദോഹ അന്താരാഷ്ട്ര പുസ്തകമേള. ജൂൺ 12ന് ആരംഭിച്ച് പത്തു ദിവസം നീളുന്ന പുസ്തകമേള മേഖലയിലെ തന്നെ ആദ്യത്തെ സംരംഭം എന്ന നിലയിൽ എന്നും പുസ്തകപ്രേമികൾക്കിടയിൽ ശ്രദ്ധേയമാണ്. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലെ പുസ്തകശേഖരങ്ങൾക്കിടയിലൂടെ നടന്നു നീങ്ങുമ്പോൾ കാഴ്ചക്കാരനെ കാത്തിരിക്കുന്ന മഹാശേഖരങ്ങൾക്കിടയിലൊരു അത്ഭുതക്കാഴ്ചകൂടിയുണ്ട്. ഒരു മനുഷ്യൻ തന്റെ കരവിരുതും ആയുസ്സിന്റെ വലിയൊരു പങ്കും ചെലവഴിച്ച് നെയ്തെടുത്ത വിശുദ്ധ ഖുർആൻ.
പേപ്പറുകളിൽ അച്ചടിമഷി പുരട്ടിയും, ചുമരുകളിൽ എഴുതിയും കല്ലുകളിൽ കൊത്തിയെടുത്തും വിശുദ്ധ ഖുർആന്റെ രചനകൾ കാഴ്ചക്കാർക്ക് പലയിടങ്ങളിലായി പരിചിതമാണെങ്കിലും ഇവിടെ സിറിയക്കാരനായ മുഹമ്മദ് മാഹിർ ഹദ്രിയുടെ കരവിരുതിന് മുന്നിൽ ഒരു നിമിഷം ആദരമർപ്പിച്ചേ പറ്റൂ. കറുത്ത വെൽവെറ്റ് തുണിയിൽ ഓരോ അക്ഷരങ്ങളായി തുന്നിയെടുത്ത് പൂർത്തിയാക്കിയ ഖുർആൻ. അതാവട്ടെ, മനോഹരമായ കാലിഗ്രഫിയിൽ അച്ചടിയുടെ ഭംഗിയെ പോലും വെല്ലുന്ന കൃത്യതയും ആകർഷതയും നൽകിക്കൊണ്ട്. ദോഹ അന്താരാഷ്ട്ര പുസ്തകമേളയിലെത്തുന്ന ഓരോ കാഴ്ചക്കാരനെയും വിസ്മയിപ്പിക്കുന്നതും 60കാരനായ ഈ സിറിയക്കാരന്റെ കരവിരുതാണ്.
വിശുദ്ധ കഅ്ബയുടെ കിസ്വ പോലെ നൂലുകൊണ്ട് കറുത്ത വെൽവെറ്റ് തുണിയിലാണ് വരിതെറ്റാതെ ഓരോ ആയത്തുകളെയും തുന്നിച്ചേർത്തിരിക്കുന്നത്. ഖുർആനിനെ പകർത്തുന്ന പലശൈലികൾ ലോകത്തിന് പരിചിതമാണെങ്കിലും തുന്നൽ മെഷീൻ ഉപയോഗിച്ച് നൂലിനെ തുണിയിലേക്ക് ആയത്തുകളാക്കി പകർത്തുന്നത് ആദ്യ സംഭവമാണെന്ന് മുഹമ്മദ് ഹാദ്രി തന്നെ സാക്ഷ്യപ്പെടുത്തുന്നു. 12 വർഷം കൊണ്ടാണ് ഇദ്ദേഹം ഈ ദൗത്യം പൂർത്തിയാക്കിയത്. ഓരോ പേജിനും ഒരു മീറ്റർ ഉയരവും അരമീറ്റർ വീതിയും. ഒരോ പേജിൽ 15 വരികൾ എന്ന നിലയിലാണ് ഈ യത്നം പൂർത്തിയാക്കിയത്. 12 വാള്യങ്ങൾ. ഓരോ വാള്യത്തിലും രണ്ടര ജൂസുഅ് വീതം അധ്യായങ്ങൾ. ആകെ ഭാരം 200 കിലോ. ഉസ്മാനി കാലിഗ്രഫി ലിപിയുടെ മാതൃകയിലാണ് അക്ഷരങ്ങൾ തുണിയിലേക്ക് പകർത്തി എഴുതിയത്.
ഒരു വ്യാഴവട്ടക്കാലത്തെ ജീവിത പരിശ്രമംകൊണ്ട് എഴുതിത്തീർത്ത ഖുർആനുമായി ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രദർശനങ്ങളിൽ എത്തിച്ചേരുകയാണ് ഇദ്ദേഹം. ഒരു ലക്ഷം റിയാലാണ് ഈ അത്ഭുതസൃഷ്ടിയുടെ മൂല്യം കണക്കാക്കുന്നതെങ്കിലും തന്റെ ആയുസ്സിന്റെ അധ്വാനമായി ഈ ഖുർആൻ മുഹമ്മദ് ഹാദ്രി വിൽപനക്കുവെക്കുന്നില്ല. ഖുർആൻ വചനങ്ങൾക്കു പുറമെ, ഓരോ പേജുകളും ആകർഷകമായ ഡിസൈനുകളിൽ എംബ്രോയ്ഡറി ചെയ്തുകൊണ്ട് കൂടിയാണ് പൂർത്തിയാക്കിയത്. വിവിധ രാജ്യങ്ങളിലെ കലാകാരന്മാരുടെ ഡിസൈനുകൾ കൂടി ഈ എംബ്രോയ്ഡറി മാതൃകയിൽ ഹാദ്രി ഉപയോഗിച്ചിട്ടുണ്ട്. കൂടാതെ, പണ്ഡിതന്മാർ ഖുർആൻ അധ്യായങ്ങളെല്ലാം പരിശോധിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്തു. ഇതിനു പുറമെ, ഖുർആൻ വാക്യങ്ങൾ തുന്നിയെടുത്ത വലിയ ഫ്രെയിമുകളും, പ്രവാചകന്റെ വചനങ്ങളുള്ള ഫ്രെയിമുകളുമെല്ലാം ഹാദ്രി തയാറാക്കിയിരുന്നു.
തുന്നലും കലാസൃഷ്ടികളും പണ്ടുമുതലേ കൈമുതലാക്കിയ ഹാദ്രി സിറിയയിൽ സ്വന്തം നിലയിൽ എംബ്രോയ്ഡറി, ഗാർമെന്റ് ബിസിനസ് നടത്തുകയായിരുന്നു. എന്നാൽ, യുദ്ധത്തിൽ ഇതെല്ലാം തകർന്നതോടെ, തന്റെ സൃഷ്ടികളുമായി അന്താരാഷ്ട്ര വേദികളിലേക്ക് പ്രദർശനത്തിനെത്തിത്തുടങ്ങി. ദുബൈയിലും, തുർക്കിയയിലും ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരത്തേ പ്രദർശനം നടത്തിയിരുന്നു.
ജോലിത്തിരക്കിനിടയിൽ ബുക്ക് ലെറ്റും, ചുമരിൽ പ്രദർശിപ്പിക്കുന്ന വസ്തുക്കളുമെല്ലാം എംബ്രോയ്ഡറിയിലൂടെ തയാറാക്കുമ്പോൾ കൗതുകത്തിനായിരുന്നു ഖുർആനിലെ 56ാം അധ്യായത്തിലെ ചില വാചകങ്ങൾ എഴുതിത്തുടങ്ങിയത്. അത് കണ്ടവർ നൽകിയ പ്രോത്സാഹനം വലിയ എഴുത്തുകളിലേക്കുള്ള ധൈര്യമായി. ബന്ധുക്കളും സുഹൃത്തുക്കളും പിന്തുണച്ചതോടെ 25 വർഷം മുമ്പ് ഖുർആൻ എഴുതാൻ തുടങ്ങി. ദിവാനി, സുലുസ്, റിഖാഹ്, നസ്ഖ്, ഉസ്മാനി എന്നീ ലിപികളിലൂടെയായിരുന്നു എഴുതിയത്. ഏറ്റവും കൂടുതലായി ഉസ്മാനി ലിപി തന്നെ കാലിഗ്രഫിക്കായി ഉപയോഗപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.