റമദാനെ എങ്ങനെ പരിഗണിച്ചു?
text_fieldsഅംജദ് അലി ഇ.എം
(എസ്.ഐ.ഒ പ്രസിഡണ്ട് കേരള)
പുതിയൊരു വ്യക്തിയായി രൂപപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് 30 ദിനങ്ങൾ കൊണ്ട് അത് സാധ്യമാക്കുന്ന രൂപത്തിലാണ് റമദാനെ അല്ലാഹു സംവിധാനിച്ചിരിക്കുന്നത്. റമദാൻ പിറന്നാൽ അല്ലാഹു പിശാചിനെ ചങ്ങലക്കിടുമെന്നാണ് നബിവചനം. മനുഷ്യരെ തെറ്റിലേക്ക് തള്ളിയിടാൻ എല്ലാ കുതന്ത്രങ്ങളും മെനയുന്നത് പിശാചാണല്ലോ. റമദാനിൽ പിശാചിന്റെ കാര്യമായ ശല്യം ഉണ്ടാകില്ല. തിന്മയുടെ ലോകത്തുനിന്ന് എത്ര അകന്നാലും പിറകെനിന്ന് പിടിച്ചുവലിക്കാൻ പിശാച് ഇല്ല.
നന്മയുടെ മാർഗത്തിൽ ബഹുദൂരം സഞ്ചരിക്കാം. മനുഷ്യരെ തെറ്റിലേക്ക് നയിക്കുന്നതിൽ സാഹചര്യത്തിന് വലിയ പങ്കുണ്ട്. 'നരകകവാടങ്ങൾക്ക് താഴിടും' എന്ന് തിരുനബി പറഞ്ഞതിന്റെ ഉദ്ദേശ്യം തിന്മയിലേക്കുള്ള വാതിലുകൾ അടയും എന്നാണ്. സ്വർഗകവാടങ്ങൾ തുറക്കപ്പെടുമെന്നും നബി സന്തോഷവാർത്ത അറിയിച്ചു. അഥവാ നന്മയിലേക്കുള്ള എല്ലാ വാതിലുകളും തുറക്കപ്പെടും. നന്മനിറഞ്ഞ വ്യക്തിത്വം വികസിപ്പിച്ചെടുക്കാന്‍ ഇങ്ങനെയൊരു ചുറ്റുപാടിൽ എളുപ്പം സാധിക്കുന്നു. ജീവിതം പുതുക്കിപ്പണിയാൻ വിശ്വാസി ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ടോ എന്നതാണ് പ്രസക്തം.
റമദാന് വിശ്വാസി നൽകുന്ന പരിഗണനയെ ആസ്പദിച്ചിരിക്കും ശേഷമുള്ള ജീവിതത്തിലെ കരുത്ത്. ജീവിതത്തെ സമ്പൂർണമായി ശുദ്ധീകരിക്കാൻ ഒരു പക്ഷേ, മറ്റൊരു അവസരം കിട്ടണമെന്നില്ല. ഇത് അവസാനത്തെ റമദാനാണ് എന്നു ചിന്തിക്കാനേ വിശ്വാസിക്ക് കഴിയൂ. നമസ്കാരത്തിനു നിൽക്കുമ്പോൾ ഇതെന്റെ മരണത്തിനു മുമ്പുള്ള ഒടുവിലത്തെ നമസ്‌കാരമാണ് എന്ന ചിന്തയോടെ നിർവഹിക്കാൻ റസൂൽ പഠിപ്പിച്ചു. മണിക്കൂറുകൾക്കിടയിൽ വീണ്ടും വീണ്ടും ആവർത്തിക്കുന്ന നമസ്‌കാരത്തെക്കുറിച്ചാണ് നബി ഇങ്ങനെ പറഞ്ഞത്. അങ്ങനെയെങ്കിൽ ഒന്ന് കഴിഞ്ഞാൽ അടുത്തതിന് ഒരുവർഷം കാത്തിരിക്കേണ്ട റമദാനെ വിശ്വാസി എങ്ങനെയാണ് കാണേണ്ടത്!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.