ഭക്തജനതിരക്കിൽ ശബരിമല; മരക്കൂട്ടത്തിന് സമീപം നിയന്ത്രണവുമായി പൊലീസ്
text_fieldsശബരിമല: ഭക്തജനതിരക്കിനെ തുടർന്ന് ശബരിമലയിൽ നിയന്ത്രണം ഏർപ്പെടുത്തി. മരക്കൂട്ടത്തിന് സമീപം മൂന്നിടത്താണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഒരേസമയം ഒട്ടേറെ പേർ എത്തുന്നത് വഴി സന്നിധാനത്തുണ്ടായ തിരക്ക് ഒഴിവാക്കാനാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.
നെയ്യഭിഷേകത്തിനും അപ്പം, അരവണ കൗണ്ടറുകൾക്കും മുമ്പിൽ ഭക്തരുടെ നീണ്ടനിര ദൃശ്യമാണ്. അഭിഷേകം നടത്തേണ്ടവർ തലേദിവസം തന്നെ വരിയിൽ ഇടംപിടിക്കുകയാണ്. വരിയിൽ ഇരുന്നും നിന്നുമാണ് ഭക്തർ ഉറങ്ങുന്നത്.
ഇന്ന് രാവിലത്തെ കണക്ക് പ്രകാരം 18,648 പേർ പതിനെട്ടാംപടി കയറി ദർശനം നടത്തി. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലും ട്രെയിനുകളിലും വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. വരും ദിവസങ്ങളിലും തിരക്ക് വർധിക്കാൻ സാധ്യതയുണ്ടെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ.
നിലവിൽ ഡിസംബർ ഏഴ് വരെയുള്ള വെർച്വൽ ക്യൂ ബുക്കിങ് പൂർണമായ സാഹചര്യത്തിൽ സ്പോർട്ട് ബുക്കിങ് കേന്ദ്രങ്ങളിൽ തിരക്ക് വർധിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇത് മുന്നിൽ കണ്ട് വെർച്വൽ ക്യൂ ബുക്കിങ് പരിധി വർധിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. പന്ത്രണ്ട് വിളക്ക് അടുത്തിരിക്കേ കൂടുതൽ ഭക്തർക്ക് ദർശനം അനുവദിക്കാൻ ദേവസ്വം ബോർഡ് നടപടിയെടുക്കുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.