നട്ടുച്ചക്കൊരു ‘നോമ്പുതുറ’
text_fields‘തൃശ്ശൂര് ഭാഷേ പറഞ്ഞാ, ഞമ്മക്കിവിടെ ഓണവും വിഷുവും പെരുന്നാളും ക്രിസ്മസുമൊക്കെ ഒരുപോലെന്ന്യാ...’ വിപുലമായ സൗഹൃദവലയമുള്ള എനിക്ക് എല്ലാം സ്വന്തം വീട്ടിലെ ആഘോഷങ്ങളാണ്. സൽക്കാരപ്രിയരായ സുഹൃത്തുക്കൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമൊപ്പം കൊണ്ടാടിയ പെരുന്നാളുകൾ. ഓരോ വർഷവും ആരുടെ വീട്ടിൽ പോവണം എന്നതിലാണ് ധർമസങ്കടം.
ചെന്നില്ലെങ്കിൽ അവരുടെ പരിഭവംപറച്ചിൽ. നോമ്പിലേക്ക് വരാം. തൃശൂരിലും മലപ്പുറത്തും കോഴിക്കോട്ടും കൊൽക്കത്തയിലും ഡൽഹിയിലും ഗോവയിലുമൊക്കെ ജീവിച്ച എന്നെ സംബന്ധിച്ച് റമദാൻ കാലം സുഹൃത്തുക്കളുമായി പിണഞ്ഞുകിടക്കുന്ന നല്ല ഓർമകളുടേതാണ്. വൈകീട്ട് രുചികരമായ ഭക്ഷണം വിളമ്പി നോമ്പ് തുറപ്പിച്ച അനുഭവങ്ങളാവും എല്ലാവരുടെയും ഉള്ളിൽ മധുരമൂറിക്കിടക്കുക.
എനിക്ക് പക്ഷേ, ഓർമയിൽ ആദ്യമെത്തുന്നതു മറ്റൊന്നാണ്. ഒരു നോമ്പുകാലത്ത് ഞാനും സുഹൃത്ത് ഷെയ്ഖും കോഴിക്കോട് വന്നതായിരുന്നു. എനിക്ക് നോമ്പില്ലല്ലോ. കോഴിക്കോട്ട് വന്നാൽ അടിപൊളി ഫുഡൊക്കെ കഴിക്കുന്നത് പതിവാണ്. പക്ഷേ, ആ ഹോട്ടലുകളൊന്നും തുറന്നിട്ടില്ല. ഉച്ചക്ക് പന്ത്രണ്ടരയൊക്കെയായിക്കാണും. നട്ടുച്ചവെയിലിൽ ബൈക്കിലാണ് യാത്ര. വിശപ്പും ദാഹവും കൂടിക്കൊണ്ടിരുന്നു.
കോഴിക്കോട്ടെ സുഹൃത്തുക്കളിൽ അധികവും മുസ്‍ലിംകളായതിനാൽ നോമ്പുസമയത്ത് അവരുടെ വീട്ടിൽ കയറിച്ചെന്നാൽ ഒന്നും കിട്ടില്ലെന്ന് കരുതി.
എന്നാലും മനസ്സില്ലാ മനസ്സോടെ മെഹബൂബ്ക്കയെ (കേരള പൊലീസ് മുൻ ഗോൾ കീപ്പർ) വിളിച്ചു. ഭക്ഷണം കിട്ടുന്ന സ്ഥലം അറിയാനായിരുന്നു വിളി. കേട്ടപാട്, ‘ഡാ നീ ഇങ്ങോട്ട് പോര്’ എന്ന മറുപടി. തലേന്നത്തെ വല്ലതും ബാക്കിയുണ്ടെങ്കിൽ എടുത്തുകഴിക്കാം എന്ന ഉദ്ദേശ്യത്തോടെയാണ് പോയത്.
അവിടെ എത്തിയപ്പോഴുണ്ട് മെഹബൂബ്ക്കയുടെ ഭാര്യ ആയിഷാത്ത ചൂടോടെ പത്തിരിയും കോഴിക്കറിയും വിളമ്പിത്തരുന്നു. നോമ്പുസമയത്ത് ആർക്കും ഭക്ഷണമുണ്ടാക്കിക്കൊടുക്കുകയോ വിളമ്പുകയോ ചെയ്യില്ലെന്ന എന്റെ മുൻധാരണയാണ് അതോടെ പൊളിഞ്ഞുവീണത്. വിശക്കുന്നവന്റെ വയറ് നിറക്കുന്നതിനേക്കാൾ വലിയ പുണ്യമെന്താണുള്ളത്?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.