സ്നേഹത്തിന്റെ ഇഫ്താറുകൾ
text_fieldsവ്രതാനുഷ്ഠാനം ശരീരത്തിനും മനസ്സിനും ഒരുപോലെ ശുദ്ധിവരുത്തുന്നതാണ്. അത് അനുഷ്ഠിക്കുന്നവരെ അറിയുന്നതിലൂടെ നമുക്ക് ഈ മനഃശുദ്ധി മനസ്സിലാക്കാൻ കഴിയും. അവർ കൂടുതൽ ഈശ്വര ബോധമുള്ളവരാകുന്നതും അത് അവരുടെ പെരുമാറ്റത്തിൽ പ്രതിഫലിക്കുന്നതും കണ്ടിട്ടുണ്ട്. ഹൃദയം നിറയുന്ന ഒരു സാഹോദര്യമായി റമദാൻ മാറുന്നതാണ് എക്കാലത്തും കണ്ടിട്ടുള്ളത്. പ്രത്യേകിച്ചും ഇഫ്താർ വിരുന്നുകൾ സ്നേഹസദസ്സുകളാണ്.
എല്ലാ സമുദായത്തിലുമുള്ളവരെയും ചേർത്തുനിർത്തി നടത്തുന്ന ഇഫ്താറുകൾ വലിയ മാതൃകയാണ്. കുട്ടിക്കാലം മുതലേ അതിൽ പങ്കാളിയാണ്. ആലപ്പുഴയിലെ ലിയോ തർട്ടീൻത് സ്കൂളിൽ പഠിക്കുന്ന കാലത്ത് അബ്ദുൽ ഖാദർ, അബൂബക്കർ എന്നീ രണ്ട് സുഹൃത്തുക്കളുണ്ടായിരുന്നു. അവർ സഹോദരങ്ങളാണ്. നോമ്പ് കാലത്ത് അവർ എന്നെ വീട്ടിലേക്ക് ക്ഷണിക്കും. നോമ്പുതുറക്ക് ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിച്ചിരുന്നതൊക്കെ മറക്കാനാകില്ല.
അവിടന്നാണ് ആദ്യമായി ബിരിയാണി കഴിച്ചത്. മാത്രമല്ല, ചില മധുരമൂറുന്ന പ്രത്യേക പലഹാരങ്ങളും അവിടെനിന്ന് കഴിച്ചിട്ടുണ്ട്. ഓണത്തിന് അവർ എന്റെ വീട്ടിലേക്കും വരുമായിരുന്നു. ഇത്തരം ബന്ധങ്ങൾ എല്ലാ കാലത്തുമുണ്ടാകേണ്ടത് മനുഷ്യരാശിക്ക് അത്യാവശ്യമാണ്. ഒരു ഓർകസ്ട്ര പോലെയാണ് ജീവിതം. പലനാദങ്ങൾ ഒരുമിച്ച് ഇണങ്ങിച്ചേരുമ്പോൾ കൂടുതൽ മനോഹരമാകും.
കൊച്ചിയിൽ നിരവധി സംഘടനകൾ ഇഫ്താറുകൾ നടത്താറുണ്ട്. ഞാനും എ.എം. ലോറൻസും ഒരുമിച്ചാണ് പങ്കെടുക്കാറ്. മുസ്‍ലിം സംഘടനകളല്ലാത്തവർ പോലും ഇവിടെ ഇഫ്താർ സംഗമങ്ങൾ നടത്താറുണ്ട്. മഹാരാജാസ് കോളജിലെ അധ്യാപകനായിരുന്ന അബ്ദുൽ സലാമുമായും റമദാൻ ഓർമകളുണ്ട്.
അദ്ദേഹം എറണാകുളത്ത് താമസിച്ചിരുന്നപ്പോൾ വീട്ടിലേക്ക് ഇഫ്താറിനായി വിളിക്കുമായിരുന്നു. ജസ്റ്റിസുമാരായ എസ്.കെ. ഖാദർ, ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ എന്നിവരൊക്കെ നോമ്പുതുറക്ക് വിളിക്കുമ്പോൾ അവിടെയെത്തി ഒരുമിച്ച് സ്നേഹം പങ്കിടുന്നത് മറക്കാനാകാത്തതാണ്.
തയാറാക്കിയത്: ഷംനാസ് കാലായിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.