റമദാൻ അവസാനത്തെ പത്തില്‍; മനസ്സുകൾ പ്രാർഥനമുഖരിതം
text_fieldsകുവൈത്ത് സിറ്റി: റമദാൻ അവസാന പത്തിൽ എത്തിയതോടെ കൂടുതൽ പ്രാർഥനകളിലും സത്കർമങ്ങളിലും മുഴുകി വിശ്വാസികൾ. റമദാനിലെ ഏറ്റവും വിലപ്പെട്ട ദിനങ്ങളായാണ് അവസാന പത്തുദിനങ്ങളെ കാണുന്നത്.
റമദാനിലെ അദ്യ പത്ത് അനുഗ്രഹത്തിന്റെയും രണ്ടാം പത്ത് പാപമോചനത്തിന്റേതും അവസാന പത്ത് നരകമോചനത്തിനും ഉള്ളതാണെന്നാണ് വിശ്വാസം. ദൈവത്തിന്റെ പ്രത്യേക അനുഗ്രഹങ്ങളുമായി റമദാനിലെ അവസാന നാളുകളിലുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്ന ആയിരം മാസത്തേക്കാൾ ശ്രേഷ്ഠമായ ലൈലത്തുല്‍ ഖദ്ര് അവസാന പത്തിലാവാനാണ് സാധ്യത കല്പിക്കപ്പെടുന്നത്. ഇനിയുള്ള നാളുകളില്‍ കാരുണ്യപ്രവര്‍ത്തനങ്ങളും സഹായ വിതരണങ്ങളും കൂടുതല്‍ സജീവമാകും. വിശ്വാസികളുടെ രാത്രികൾ പ്രാർഥനമുഖരിതമാകും. രാജ്യത്തെ മിക്ക പള്ളികളിലും നൂറുകണക്കിന് വിശ്വാസികൾ തിങ്കളാഴ്ച പാതിരാനമസ്കാരത്തിന് അണിനിരന്നു. പള്ളികളിൽ എത്തുന്ന വിശ്വാസികൾക്കായി ഔഖാഫ് മന്ത്രാലയം വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
പൊലീസ്, അഗ്നിശമന വിഭാഗം, എമർജൻസി മെഡിക്കൽ വിഭാഗം എന്നിവക്ക് പുറമെ നിരവധി സന്നദ്ധപ്രവർത്തകരും പള്ളികളിലെത്തുന്നവർക്ക് സഹായത്തിനായി ഉണ്ട്. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്തെ ഏറ്റവും വലിയ പള്ളിയായ ഗ്രാൻഡ് മസ്ജിദിൽ ഖിയാമുല്ലൈല് ആരംഭിച്ചതിന്റെ സന്തോഷത്തിലാണ് വിശ്വാസികൾ. പ്രശസ്തരായ ഖുർആൻ പാരായണ വിദഗ്ധരുടെ സാന്നിധ്യം ഗ്രാൻഡ് മസ്ജിദിന്റെ പ്രത്യേകതയാണ്. സ്വദേശികളും പ്രവാസികളും അടക്കം ആയിരങ്ങള്‍ ഇവിടെ പ്രാര്‍ഥനകളില്‍ പങ്കാളികളാകും.
വിശ്വാസികള്‍ക്കായി ആരോഗ്യ ക്ലിനിക്കുകളും ഔട്ട്ഡോർ ടെന്റും സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. അർദ്ധരാത്രി 12 ന് ശേഷം എല്ലാ പാർക്കിങ് ലോട്ടുകളും വിശ്വാസികള്‍ക്ക് സൗജന്യമായി തുറന്നു നൽകും.. പാർക്കിങ് സ്ഥലങ്ങളിൽനിന്ന് പള്ളിയുടെ പ്രധാന കവാടത്തിലേക്ക് ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രാർഥനക്കായി വരുന്ന വിശ്വാസികള്‍ അധികൃതരുമായി പൂർണമായി സഹകരിക്കണമെന്ന് അധികൃതർ അഭ്യര്‍ഥിച്ചു. ഹവല്ലി ഗവർണറേറ്റിലെ സിദ്ദീഖ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മസ്ജിദ് ബിലാൽ ബിൻ റബാഹിലും രാത്രി നമസ്കാരത്തിനായി സജ്ജമായി. ഗ്രാൻഡ് മസ്ജിദ് കഴിഞ്ഞാൽ രാജ്യത്തെ പ്രധാന പള്ളിയാണിത്. ആളുകൾക്ക് പള്ളിയിൽ എത്താനും നമസ്കാരം നിർവഹിക്കാനും വിപുലമായ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. സുരക്ഷ ക്രമീകരണങ്ങളും ശക്തമാണ്. വിശ്വാസികൾക്ക് വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.