വളര്‍ത്തുപൂച്ചയുടെ സര്‍ജറി; ഇന്ത്യന്‍ പ്രവാസി ചെലവഴിച്ചത് 35,000 ദിര്‍ഹം
text_fieldsഅബൂദബി: ഇന്ത്യന്‍ പ്രവാസി വളര്‍ത്തുപൂച്ചയുടെ സര്‍ജറിക്കായി ചെലവഴിച്ചത് 35,000 ദിര്‍ഹം. ഫ്രീലാന്‍സ് എച്ച്.ആര് കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്ന സുഗന്യ ജ്യോതിലിംഗമാണ് എല്‍സയെന്ന തന്റെ പ്രിയപ്പെട്ട പൂച്ചക്കായി വന്‍ തുക ചെലവഴിച്ചത്. പൂച്ചക്ക് ബ്രെയിന്‍ ട്യൂമറാണെന്ന് കണ്ടെത്തിയതോടെയാണ് 35,000 ദിര്‍ഹം മുടക്കിയുള്ള സര്‍ജറിക്ക് ജ്യോതിലിംഗം തയാറായത്.
ഏഴുവര്‍ഷമായി ജ്യോതിലിംഗത്തിന്റെ കുടുംബത്തിലെ അംഗമാണ് എല്‍സ. പൂച്ചയെ സര്‍ജറിക്ക് വിധേയമാക്കണോ അതോ അവളെ ഉറക്കിക്കിടത്താനുള്ള മരുന്ന് നല്‍കണോ എന്നായിരുന്നു ഡോക്ടര്‍ ജ്യോതിലിംഗത്തിനോട് ചോദിച്ചത്. പൂച്ചയെ രക്ഷിക്കുന്നതിന് ഏതെങ്കിലും വിധത്തില്‍ സാധിക്കുമെങ്കില്‍ സര്‍ജറിയുമായി മുന്നോട്ടുപോകാമെന്നായിരുന്നു ഉടമയുടെ നിലപാട്. രണ്ടുമണിക്കൂറെടുത്താണ് ഡോക്ടര്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. ശസ്ത്രക്രിയക്കായും പിന്നീട് ഉറങ്ങുന്നതിനായും അഞ്ചുമണിക്കൂര്‍ സമയത്തേക്കുള്ള അനസ്തേഷ്യയും ഡോക്ടര്‍ എല്സക്ക് നല്കി.
ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായതോടെ എല്‍സ ജീവിതത്തിലേക്ക് മടങ്ങിവരുന്നതിനുള്ള എല്ലാ ലക്ഷണങ്ങളും കാണിച്ചുതുടങ്ങി. ബ്രെയിന്‍ ട്യൂമറുണ്ടായിരുന്ന സമയത്ത് പൂച്ച പ്രകടിപ്പിച്ചിരുന്ന ബുദ്ധിമുട്ടുകളൊന്നും ഇപ്പോള്‍ കാണിക്കുന്നില്ല എന്നത് ജ്യോതിലിംഗത്തിനു സന്തോഷം പകരുന്നു. അബൂദബി ജര്‍മന്‍ വെറ്ററിനറി ക്ലിനിക്കിലെ ഡോ. സെര്‍ജിയോ സോദ സരഗോസയാണ് ശസ്ത്രക്രിയ നടത്തിയത്.
പൂച്ചയില്‍ നടത്തിയ പരിശോധനയില്‍ അസ്വാഭാവികത തോന്നിയതിനെത്തുടര്‍ന്ന് എം.ആർ.ഐ സ്കാനിങ്ങിന് വിധേയയാക്കിയപ്പോഴാണ് വലിയ മുഴ കണ്ടെത്തിയതെന്ന് ഡോക്ടര്‍ പറയുന്നു. തലയോട്ടിയില്‍ ചെറിയ ദ്വാരമുണ്ടാക്കിയാണ് ട്യൂമര്‍ നീക്കം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. പൂച്ച ശസ്ത്രക്രിയയെ അതിജീവിക്കുമോ എന്ന ആശങ്ക തങ്ങള്ക്കുണ്ടായിരുന്നതായും എന്നാല്‍, എല്ലാം ശുഭമായി പര്യവസാനിച്ചെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.