‘നോമ്പ് വിട്ടൊരു കളിയില്ല’;അന്താരാഷ്ട്ര ഫുട്ബാൾ താരം വി.പി. സുഹൈർ മനസ്സ് തുറക്കുന്നു...
text_fieldsപരിശീലനത്തിനായി മൈതാനത്ത് പോകുമ്പോൾ തന്നെ പത്നി അഫ്രിൻ നോമ്പ് തുറക്കാൻ വേണ്ട ജ്യൂസും ഫ്രൂട്ട്സും പലഹാരങ്ങളും തന്നുവിടും. മഗ്‌രിബ് ബാങ്കുവിളി ഉയർന്നാൽ മൈതാനത്തിന്റെ ഒരു ഭാഗത്തേക്ക് നീങ്ങും. ക്ലീറ്റൻ സിൽവ, അമർജിത് തുടങ്ങിയ സഹതാരങ്ങളൊക്കെ സ്നേഹത്തോടെയും കൗതുകത്തോടെയും കൂടും.
വ്രതാനുഷ്ഠാനം നിർവഹിക്കുന്ന ആർക്കും ക്ഷീണവും വിശപ്പും ദാഹവും അനുഭവപ്പെടുക സ്വാഭാവികം. കഠിനമായ കായികാധ്വാനം വേണ്ട ഫുട്ബാൾ പോലുള്ള മത്സരങ്ങൾക്കിറങ്ങി എതിരാളികളുമായി ഏറ്റുമുട്ടുന്നയാൾക്ക് നോമ്പുകൂടിയുണ്ടെങ്കിലോ? ഇത്തരം കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്തയാളാണ് വി.പി. സുഹൈർ. നോമ്പും നമസ്കാരവുമൊക്കെ കൃത്യമായി നിർവഹിക്കുന്ന തികഞ്ഞ മതവിശ്വാസി. ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ അന്താരാഷ്ട്ര ജഴ്സി വരെ അണിയാൻ ഭാഗ്യമുണ്ടായ സ്ട്രൈക്കറാണ് സുഹൈർ. ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ് ബംഗാളിന്റെ മിന്നുംതാരമായ പാലക്കാട് എടത്തനാട്ടുകര സ്വദേശിക്ക് ആഗതമായ നോമ്പുകാലം കളിത്തിരക്കിന്റെതാണ്.
മത്സരങ്ങളുള്ളപ്പോൾ പല താരങ്ങളും നോമ്പെടുക്കാൻ ധൈര്യപ്പെടാറില്ല. സ്വന്തം റിസ്കിൽ ആയിക്കോളൂവെന്നാണ് ചില പരിശീലകരുടെ നിലപാടെന്ന് സുഹൈർ പറയുന്നു. നോമ്പെടുത്തുള്ള പരിശീലനവും കളിയും പ്രയാസമേറിയതാണ്. പല കോച്ചുമാരും അനുവദിക്കാറില്ല. ചിലര്‍ നോമ്പെടുക്കരുതെന്ന് കർശനമായി നിര്‍ദേശിക്കും. കഴിഞ്ഞ വർഷവും കൊൽക്കത്തയിലായിരുന്നു നോമ്പുകാലം. ഇടക്ക് സൂപ്പർ കപ്പ് മത്സരങ്ങളും വന്നു. പരിശീലനത്തിനായി മൈതാനത്ത് പോകുമ്പോൾത്തന്നെ പത്നി അഫ്രിൻ നോമ്പ് തുറക്കാൻ വേണ്ട ജ്യൂസും ഫ്രൂട്ട്സും പലഹാരങ്ങളും തന്നുവിടും. മഗ്‌രിബ് ബാങ്കുവിളി ഉയർന്നാൽ മൈതാനത്തിന്റെ ഒരു ഭാഗത്തേക്ക് നീങ്ങും. ക്ലീറ്റൻ സിൽവ, അമർജിത് തുടങ്ങിയ സഹതാരങ്ങളൊക്കെ സ്നേഹത്തോടെയും കൗതുകത്തോടെയും കൂടും.
ഐ.എസ്.എൽ സമയത്ത് ഡ്രസിങ്‌റൂമില്‍ നിന്നായിരിക്കും മഗ്‌രിബ് നമസ്കാരം. നോര്‍ത്ത് ഈസ്റ്റിലായിരുന്നപ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരായ മത്സരനാൾ മഗ്‌രിബ് ജമാഅത്തായി ഗ്രൗണ്ടില്‍ വെച്ച് നമസ്കരിച്ചത് ഹൃദ്യമായ അനുഭവമാണ്. സഹതാരം മഷൂര്‍ ഷരീഫ്, കോച്ച് ഖാലിജ് ജമീല്‍, കേരള ബ്ലാസ്‌റ്റേഴ്‌സ് സഹപരിശീലകന്‍ ഇഷ്ഫാഖ് അഹമ്മദ്,സഹല്‍ അബ്ദുല്‍ സമദ് തുടങ്ങിയവരുണ്ടായിരുന്നു കൂടെ. കളിക്കളത്തിൽ എതിരാളികൾ പടച്ചവനു മുന്നിൽ തോളോടു തോൾ ചേർന്ന് നിൽക്കുന്ന സമത്വ സുന്ദര കാഴ്ച. ഇപ്രാവശ്യം ഐ.എസ്.എൽ മത്സരങ്ങൾ നോമ്പുകാലത്തുണ്ട്. അതിനുമുമ്പ് പത്തു ദിവസത്തെ ലീവിൽ നാട്ടിൽ നോമ്പുകാരനായി കഴിഞ്ഞുകൂടും. കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഏപ്രിൽ മൂന്നിനും ഏഴിന് ബംഗളൂരു എഫ്.സിക്കെതിരെ കൊൽക്കത്തയിലും മത്സരങ്ങളുണ്ട്. രാത്രി ഏഴരക്കാണ് കളി തുടങ്ങുകയെന്നതിനാൽ നോമ്പിനെ ബാധിക്കില്ല. ഏപ്രിൽ പത്തിന് ഡൽഹിയിൽ പഞ്ചാബ് എഫ്.സിയുമായും ഈസ്റ്റ് ബംഗാൾ കളിക്കും. അത് ഒരുപക്ഷേ പെരുന്നാൾദിനത്തിലാകും. ജീവിതത്തിൽ ആദ്യമായി പെരുന്നാളിന് കളത്തിലിറങ്ങേണ്ടിവന്നേക്കാമെന്ന് സുഹൈർ പറഞ്ഞുനിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.