മദീനയിലെ ഇസ്‌ലാമിക ചരിത്രസ്ഥലങ്ങൾ പുനരുദ്ധരിക്കും
text_fieldsബുറൈദ: ഇസ്‌ലാമിക ചരിത്രവുമായി ബന്ധപ്പെട്ട മദീനയിലെ നൂറിലധികം സ്ഥലങ്ങൾ പുനരുദ്ധരിക്കാൻ സൗദി അധികൃതർ തീരുമാനിച്ചു. പ്രവാചകൻ മുഹമ്മദ് നബിയുടെയും അടുത്ത അനുചരന്മാരുടെയും ചരിത്രസംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച ഇടങ്ങളാണ് പുനഃസ്ഥാപിക്കുക. നൂറ്റാണ്ടുകളുടെ പ്രയാണത്തിനിടയിൽ അപ്രത്യക്ഷമാവുകയോ പുരുദ്ധാരണം നടക്കാത്തതിനാൽ കേവല ചരിത്രശേഷിപ്പായി നിലകൊള്ളുന്നവയോ ആയ ഇത്തരത്തിലുള്ള നൂറിലധികം സ്ഥലങ്ങൾ പുനഃസൃഷ്ടിക്കാനും നവീകരിച്ച് സംരക്ഷിക്കാനുമാണ് പദ്ധതി. 2025-ൽ സഞ്ചാരികൾക്കും ചരിത്രവിദ്യാർഥികൾക്കും സന്ദർശനം സാധ്യമാക്കുംവിധം മൂന്ന് വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കുന്നതിനുള്ള മാസ്റ്റർ പ്ലാനാണ് അധികൃതർ തയാറാക്കിയിട്ടുള്ളത്.
മദീന റീജനൽ ഡെവലപ്പ്‌മെന്റ് അതോറിറ്റി, സൗദി ഹെറിറ്റേജ് അതോറിറ്റി, പിൽഗ്രിംസ് എക്സ്പീരിയൻസ് പ്രോഗ്രാം എന്നിവ സംയുക്തമായി ബുധനാഴ്ച മദീനയിൽ സംഘടിപ്പിച്ച പദ്ധതി സമർപ്പണ ചടങ്ങ് മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ ഉദ്‌ഘാടനം ചെയ്തു. ഹജ്ജ് ഉംറ വകുപ്പ് മന്ത്രിയും ഇസ്‌ലാമിക് ഹിസ്റ്റോറിക് സൈറ്റ്‌സ് കമ്മിറ്റി ചെയർമാനുമായ തൗഫീഖ് അൽ-റബീഅ അധ്യക്ഷത വഹിച്ചു.
ഘന്തഖ് യുദ്ധത്തിലെ കിടങ്ങ് പുനർനിർമാണം, ഖിബ്‌ലത്തൈൻ മസ്ജിദ് നവീകരണം എന്നിവയടക്കമുള്ളയുടെ പദ്ധതി രൂപരേഖ ചടങ്ങിൽ പ്രകാശനം ചെയ്തു. ഉസ്മാൻ ബിൻ അഫ്ഫാൻ കിണർ, സയ്യിദ് അൽ ശുഹദാ സ്‌ക്വയർ എന്നിവയുടെ നവീകരണ കരാർ ഒപ്പിടലും ചടങ്ങിൽ നടന്നു.
ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളുടെ പുനഃസ്ഥാപനത്തിലൂടെ ലോകമെമ്പാടുമുള്ള തീർഥാടകർക്കും സന്ദർശകർക്കും വിദ്യാർഥികൾക്കും മുമ്പിൽ സമ്പന്നമായ ഇസ്‌ലാമിക സംസ്കാരത്തിന്റെ വാതിലുകൾ തുറന്നുവെക്കാനാണ് രാഷ്ട്രനേതൃത്വം ശ്രമിക്കുന്നതെന്ന് മന്ത്രി തൗഫീഖ് അൽ-റബീഅ പറഞ്ഞു.
പ്രവാചകൻ മുഹമ്മദ് പെരുന്നാൾ വേളയിൽ നമസ്കരിക്കുകയും മഴക്കായി പ്രാർഥന നടത്തി വൈകാതെ ഫലമുണ്ടാവുകയും ഒന്ന് മുതൽ മൂന്ന് വരെയുള്ള ഖലീഫമാർ പ്രാർഥന നിർവഹിക്കുകയും ചെയ്ത ഗമാമ മസ്ജിദ്, അപൂർവ വസ്തുവിദ്യ പ്രതിഫലിക്കുന്ന ഒന്നാം ഖലീഫ അബുബക്കർ സിദ്ദീഖിന്റെ പേരിലുള്ള മസ്ജിദ്, രണ്ടാം ഖലീഫ ഉമർ ബിൻ ഖത്താബിന്റെ പേരിൽ നിലകൊള്ളുന്ന പള്ളി, പ്രവാചകൻ മദീനയിൽ ആദ്യം പ്രാർഥന നിർവഹിച്ച ഖുബാ മസ്ജിന്റെ തെക്കുപടിഞ്ഞാറായി നിലനിൽക്കുന്ന ബനു അനീഫ് മസ്ജിദ് അടക്കമുള്ള പള്ളികളും അഗ്നിപർവത സ്‌ഫോടനത്തിൽ പുറംതള്ളപ്പെട്ട പറകളാൽ നിർമിക്കപ്പെട്ട അർവ ബിൻ സുബൈർ പ്രതിരോധ കോട്ടയും ഇതിനകം നവീകരിച്ച് പൂർവ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതായി ഹെറിറ്റേജ് അതോറിറ്റി മേധാവികൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.