ചരിത്രത്തിലേക്ക് കൺതുറന്ന് ഇസ്ലാമിക് മ്യൂസിയം
text_fieldsഇസ്ലാമിക് ആർട് മ്യൂസിയം ഉദ്ഘാടനശേഷം പ്രദർശനം കാണുന്ന ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി, ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൻ ശൈഖ മയാസ ബിൻത് ഹമദ് ആൽഥാനി, മറ്റു മന്ത്രിമാർ എന്നിവർ
ദോഹ: ലോകകപ്പിന് മുമ്പായി, ഖത്തറിലെ സ്വദേശികൾക്കും താമസക്കാർക്കും സന്ദർശകരായെത്തുന്ന ദശലക്ഷം പേർക്കും മുമ്പാകെ ഇസ്ലാമിക ലോകത്തിന്റെ ചരിത്രവും പാരമ്പര്യവും വിശദീകരിക്കുന്ന ഇസ്ലാമിക് ആർട് മ്യൂസിയം (മിയ) വാതിലുകൾ തുറന്നു. നവീകരണ പ്രവർത്തനം പൂർത്തിയാക്കി, അമൂല്യമായ ഒരുപിടി ശേഖരങ്ങൾ കൂടി ചില്ലുകൂടുകളിൽ എത്തിച്ചാണ് 'മിയ'കാഴ്ചക്കാരെ മാടിവിളിക്കുന്നത്. ചൊവ്വാഴ്ച ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞ മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ടിലേക്ക് ബുധനാഴ്ച മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിച്ചു.
ഇസ്ലാമിക കല, സംസ്കാരം, ചരിത്രം എന്നിങ്ങനെ വിവിധ വശങ്ങൾ വിശദമാക്കുന്ന 18 ഗാലറികളുമായാണ് മ്യൂസിയം തുറന്നത്. ചൊവ്വാഴ്ച ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി, ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൻ ശൈഖ അൽ മയാസ ബിൻത് ഹമദ് ബിൻഖലീഫ ആൽഥാനി എന്നിവർ ഉദ്ഘാടനം നിർവഹിച്ചു. സാംസ്കാരിക മന്ത്രി ശൈഖ് അബ്ദുൽറഹ്മാൻ ബിൻ ഹമദ് ബിൻ ജാസിം ആൽഥാനി, സാമൂഹിക വികസന-കുടുംബക്ഷേമ മന്ത്രി മറിയം ബിൻത് അലി ബിൻനാസർ അൽ മിസ്നദ്, കായിക, യുവജനകാര്യ മന്ത്രി സലാബ് ബിൻ ഗാനിം അൽ അലി എന്നിവരും പങ്കെടുത്തു.
ശേഖരത്തിലും അവതരണത്തിലും പുതുമയും സാങ്കേതിക തികവും നിലനിർത്തിയാണ് മ്യൂസിയം പുനരാരംഭിച്ചത്. ലോകകപ്പ് വേളയിൽ വിവിധ രാജ്യങ്ങളിൽനിന്നായി സന്ദർശകർ എത്താനിരിക്കെ പുതുമയോടെ മ്യൂസിയം തുറക്കുന്നത് അഭിമാനകരമാണെന്നും നിരവധി പേർക്കു മുമ്പാകെ കാഴ്ചകൾ എത്തുകയാണെന്നും ശൈഖ അൽമയാസ പറഞ്ഞു.
ഇസ്ലാമിക് മ്യൂസിയത്തിലെ പ്രദർശനത്തിൽനിന്ന്
''2008ൽ ഇസ്ലാമിക് ആർട് മ്യൂസിയം പ്രവർത്തനമാരംഭിച്ചതോടെ അന്താരാഷ്ട്രതലത്തിൽ ഖത്തർ പുതുമാറ്റത്തിലേക്ക് പ്രവേശിച്ചു. ആഗോള സാംസ്കാരിക ഭൂപടത്തിൽ ഖത്തറിനെ അടയാളപ്പെടുത്തുകയും മേഖലയിൽതന്നെ വിവിധ സാംസ്കാരിക കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് വഴിയൊരുക്കുകയും ചെയ്തു. ഇപ്പോൾ പുതിയൊരു അധ്യായത്തിലേക്കാണ് പ്രവേശിക്കുന്നത്. രാജ്യത്ത് താമസിക്കുന്നവർക്കും സന്ദർശകർക്കുമായി പുതുമയും ചരിത്രത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നതുമായ ഒരു കാഴ്ചയിലേക്കാണ് മ്യൂസിയം ക്ഷണിക്കുന്നത്''-ശൈഖ അൽ മയാസ വിശദീകരിച്ചു.
ഇസ്ലാമിക ലോകത്തിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്ര ശേഖരങ്ങൾ ഒളിപ്പിച്ചാണ് ഇസ്ലാമിക് മ്യൂസിയം സഞ്ചാരികളെ വരവേൽക്കുന്നത്. ഏഴാം നൂറ്റാണ്ട് മുതൽ 20ാം നൂറ്റാണ്ടുവരെയായി 1300 വർഷങ്ങൾക്കിടയിലെ വിവിധ ചരിത്രവസ്തുക്കളുടെ അമൂല്യ ശേഖരമാണുള്ളത്. മുസ്ലിം രാജ്യങ്ങൾ, അറബ് നാടുകൾ, ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള വസ്തുക്കൾ വിവിധ ഗാലറികളിലുണ്ട്. ചരിത്രം ഗ്രാഫിക്സോടെ വിശദമാക്കുന്ന ടച്ച് സ്ക്രീനുകളാണ് എല്ലാ ഗാലറികളുടെയും പ്രധാന സവിശേഷത.
സന്ദർശക സമയം
• ശനി മുതൽ വ്യാഴം വരെ രാവിലെ ഒമ്പതുമുതൽ രാത്രി ഏഴുവരെ
• വെള്ളിയാഴ്ച 1.30 മുതൽ രാത്രി ഏഴുവരെ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.