ജബൽ അലി ഹിന്ദുക്ഷേത്രം നാളെ സമർപ്പിക്കും
text_fieldsദുബൈ: ജബൽ അലിയിൽ നിർമാണം പൂർത്തിയായ പുതിയ ഹിന്ദു ക്ഷേത്രം ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും. ക്രിസ്ത്യൻ ദേവാലയങ്ങൾക്കും ഗുരുദ്വാരക്കും സമീപമാണ് പുതിയ ക്ഷേത്രം നിർമാണം പൂർത്തിയായത്. ഉദ്ഘാടനച്ചടങ്ങിൽ യു.എ.ഇ സഹിഷ്ണുത മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാനൊപ്പം ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറും മുഖ്യാതിഥിയായി പങ്കെടുക്കും.
മൂന്നുവർഷം മുമ്പാണ് ക്ഷേത്ര നിർമാണം ആരംഭിച്ചത്. ബഹുനില ക്ഷേത്രത്തിൽ 16 മൂർത്തികളുടെ പ്രതിഷ്ഠയാണുള്ളത്. ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലെയും പ്രധാന ആരാധന മൂർത്തികൾക്ക് പുറമെ സിഖ് ആരാധനക്കുള്ള സൗകര്യവും ക്ഷേത്രത്തിലുണ്ട്. സ്വാമി അയ്യപ്പൻ, ഗുരുവായൂരപ്പൻ തുടങ്ങി മലയാളികളുടെ പ്രധാന ആരാധന മൂർത്തികളുടെ പ്രതിഷ്ഠയും ഇവിടെയുണ്ട്.
ഓൺലൈൻ ബുക്കിങ് അനുസരിച്ചാണ് ഇവിടേക്ക് പ്രവേശനം അനുവദിക്കുന്നത്. ഇവിടേക്ക് നിലവിൽ വിശ്വാസികൾക്ക് സന്ദർശനം അനുവദിച്ചുതുടങ്ങിയിട്ടുണ്ട്. എന്നാൽ, പൂർണ രൂപത്തിൽ പ്രവർത്തനം ഉദ്ഘാടനത്തിന് ശേഷമാണ് ആരംഭിക്കുക.
വിപുലമായ പാർക്കിങ് സൗകര്യവും ആരാധന ചടങ്ങുകൾക്കും മറ്റും ഉപയോഗിക്കാൻ പ്രത്യേക ഹാളും ഇതിൽ പണിതിട്ടുണ്ട്. ഒമ്പതുദിവസം പ്രത്യേക പ്രാർഥനകൾ നടത്തിയ ശേഷമാണ് ഇവിടെ പ്രതിഷ്ഠകർമം പൂർത്തിയായത്. ആഗസ്റ്റ് അവസാനത്തോടെ സിഖുകാരുടെ വിശുദ്ധഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബും സ്ഥാപിച്ചു. ത്രീഡി പ്രിന്റ് ചെയ്ത വലിയ താമര ചിത്രമുള്ള പ്രധാന പ്രാർഥന ഹാളിലാണ് പ്രതിഷ്ഠകൾ സ്ഥാപിച്ചത്.
വിവിധ ചർച്ചുകളും ഗുരുനാനാക് ദർബാർ ഗുരുദ്വാരയും ഉൾക്കൊള്ളുന്ന ജബൽ അലിയിലെ 'ആരാധന ഗ്രാമം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ബർദുബൈയിൽ 1958 മുതൽ ഹിന്ദു ക്ഷേത്രം നിലവിലുണ്ട്. വിശേഷദിവസങ്ങളിൽ ഇവിടത്തെ വർധിച്ച തിരക്കുകൂടി കണക്കിലെടുത്താണ് പുതിയ ക്ഷേത്രം നിർമിച്ചത്. അബൂദബിയിൽ മറ്റൊരു ഹിന്ദു ക്ഷേത്രത്തിന്റെ നിർമാണം പുരോഗമിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.