യാക്കോബായ സഭ: ജോസഫ് മാർ ഗ്രിഗോറിയോസിന്റെ സ്ഥാനാരോഹണം ഇന്ന്
text_fieldsകൊച്ചി: യാക്കോബായ സഭയുടെ പുതിയ കാതോലിക്ക ബാവയായി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണം ചൊവ്വാഴ്ച നടക്കും. ലബനാനിലെ പാത്രിയാർക്ക അരമനയോട് ചേർന്നുള്ള സെന്റ് മേരീസ് കത്തീഡ്രലിൽ ഇന്ത്യൻസമയം വൈകീട്ട് ഏഴരയോടെയാണ് വാഴിക്കൽ ചടങ്ങുകൾ.
ചടങ്ങുകൾക്ക് സഭയുടെ പരമാധ്യക്ഷനായ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയാർക്കീസ് ബാവ കാർമികത്വം വഹിക്കും. സഭയിലെ മെത്രാപ്പോലീത്തമാരും ഇതര സഭ മേലധ്യക്ഷരും മെത്രാപ്പോലീത്തമാരും സഹകാർമികരാവും.
രണ്ട് പതിറ്റാണ്ടിലേറെ സഭയുടെ കാതോലിക്ക ബാവയായിരുന്ന ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ വിയോഗത്തെത്തുടർന്നാണ് പുതിയ കാതോലിക്ക സ്ഥാനാരോഹണം നടക്കുന്നത്. 2002ൽ സഭ ഔദ്യോഗികമായി സ്ഥാപിച്ചതിനുശേഷം സഭയുടെ രണ്ടാമത്തെ കാതോലിക്ക വാഴ്ചയാണിത്.
മുളന്തുരുത്തി സ്രാമ്പിക്കൽ പള്ളിത്തട്ട ഗീവർഗീസ്-സാറാമ്മ ദമ്പതികളുടെ മകനാണ് ജോസഫ് മാർഗ്രിഗോറിയോസ്. ദീർഘകാലം സഭയുടെ കൊച്ചി ഭദ്രാസനാധിപൻ, സുന്നഹദോസ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം മുൻ കാതോലിക്ക ബാവ ആരോഗ്യപരമായ പ്രശ്നങ്ങളാൽ വിശ്രമജീവിതം നയിച്ചപ്പോൾ അദ്ദേഹത്തിന്റെ അസിസ്റ്റൻറായും തുടർന്ന് മലങ്കര മെത്രാപ്പോലീത്തയായും കാതോലിക്ക ബാവയുടെ വിയോഗത്തെതുടർന്ന് സുന്നഹദോസ് പ്രസിഡൻറായും പ്രവർത്തിച്ചുവരുകയായിരുന്നു.
കഴിഞ്ഞ ഡിസംബറിൽ കേരളത്തിലെത്തിയ പാത്രിയാർക്കീസ് ബാവ ഇദ്ദേഹത്തെ അടുത്ത കാതോലിക്കയായി പ്രഖ്യാപിച്ചിരുന്നു.
കാതോലിക്ക ബാവയുടെ സ്ഥാനാരോഹണത്തിനെത്തിയ കേരള സർക്കാറിന്റെ പ്രതിനിധി സംഘത്തെ ബൈറൂത് മെത്രാപ്പോലീത്ത മോർ ഡാനിയൽ ക്ലീമിസ്, അയ്യൂബ് മോർ സിൽവാനിയോസ് എന്നിവർ ചേർന്ന് സ്വീകരിക്കുന്നു
സാക്ഷിയാകാൻ നിരവധി പ്രമുഖർ
കൊച്ചി: യാക്കോബായ സഭയുടെ പുതിയ കാതോലിക്ക സ്ഥാനാരോഹണത്തിന് സാക്ഷിയാകൻ നിരവധിപേർ ലബനാനിലെത്തി. കേന്ദ്രസർക്കാറിന്റെ പ്രതിനിധികളായി മുൻ കേന്ദ്രമന്ത്രിമാരായ അൽഫോൺസ് കണ്ണന്താനം, വി. മുരളീധരൻ, ബെന്നി ബഹനാൻ എം.പി എന്നിവരടങ്ങുന്ന സംഘം പങ്കെടുക്കും.
സംസ്ഥാന സർക്കാറിനെ പ്രതിനിധീകരിച്ച് വ്യവസായ മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ നാല് എം.എൽ.എമാരും വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമടങ്ങുന്ന സംഘം തിങ്കളാഴ്ച രാവിലെ ബൈറൂത്തിലെത്തി.
കൂടാതെ ഇതര സഭ മേലധ്യക്ഷന്മാരും യാക്കോബായ സഭയിലെ മെത്രാപ്പോലീത്തമാരും സഭ ഭാരവാഹികളും വിശ്വാസികളുമടക്കം അഞ്ഞൂറോളം പേർ ചടങ്ങുകളിൽ പങ്കെടുക്കും. ലബനാൻ പ്രസിഡൻറ് ജനറൽ ജോസഫ് ഔൺ അടക്കമുളള പ്രമുഖരും ചടങ്ങിലുണ്ടാകും.
കേരളത്തിൽനിന്ന് സർക്കാർ പ്രതിനിധികളെ അയക്കുന്നതിനെതിരെ ഓർത്തഡോക്സ് സഭ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. പ്രതിനിധി സംഘത്തെ തടയണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി നൽകിയെങ്കിലും കോടതി ഇടപെട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.