മൂന്നരപ്പതിറ്റാണ്ടിന്റെ നിറവിൽ ജലാലുദ്ദീൻ മൗലവിയുടെ പഠന ക്ലാസുകൾ
text_fieldsകായംകുളം: റമദാനിന്റെ ദിനരാത്രങ്ങളിൽ ഇസ്ലാമിക അധ്യാപനത്തിന്റെ ജീവപാഠങ്ങളുമായി ജലാലുദ്ദീൻ മൗലവിയുടെ അനുഭവങ്ങൾക്ക് മൂന്നരപതിറ്റാണ്ടിന്റെ നിറവ്. വെല്ലൂരിൽ നിന്ന് ബാഖവി ബിരുദം നേടി ഒരുവർഷം കഴിഞ്ഞപ്പോഴാണ് കായംകുളം മുസ്ലിം ജമാഅത്തിൽ ഇമാമായി ചുമതലയേൽക്കുന്നത്. കുറഞ്ഞകാലത്തിനുള്ളിൽ നാട്ടുകാർക്ക് സ്വീകാര്യനായി മാറിയ ഇദ്ദേഹം ക്രമേണ കായംകുളത്തുകാരനായി മാറി. 1987ൽ ചുമതലയേറ്റത് മുതൽ ഇങ്ങോട്ട് റമദാൻ രാപകലുകളെ സജീവമാക്കി ജലാലുദ്ദീൻ മൗലവി നാട്ടുകാർക്ക് ഒപ്പമുണ്ടാകും. ളുഹ്ർ (ഉച്ച) നമസ്കാരശേഷമുള്ള ക്ലാസുകൾ കൂടാതെ ശനി, ഞായർ ദിവസങ്ങളിൽ മാർക്കറ്റ് വാർഡ് കേന്ദ്രീകരിച്ചുള്ള പഠനക്ലാസുകളാണ് പ്രധാനം. മുട്ടാണിശേരിൽ കോയാക്കുട്ടി മൗലവിയാണ് പള്ളിയിൽ ക്ലാസ് തുടങ്ങിവെച്ചത്. ജലാലുദ്ദീൻ മൗലവി ഇമാമായതിന് ശേഷവും ഏറെക്കാലവും അദ്ദേഹമായിരുന്നു ഇത് നിർവഹിച്ചിരുന്നത്.
സമുദായത്തിന്റെ ഐക്യത്തിനും മുന്തിയ പരിഗണന നൽകുന്നു. എല്ലാ സംഘടനക്കാരുടെയും പരിപാടികളിൽ പങ്കെടുക്കുന്നുവെന്നതാണ് വിമർശകർക്ക് പോലും പറയാനുള്ള ആകെ ആക്ഷേപം. സ്വന്തം ആദർശത്തിൽ ഉറച്ചുനിൽക്കുന്നതിനൊപ്പം മറ്റുള്ളവരെ മാനിക്കുകയെന്നതാണ് അതിനുള്ള ഇദ്ദേഹത്തിന്റെ മറുപടി.
കൊല്ലം കടക്കൽ സംഭ്രമം സ്വദേശിയായ ജലാലുദ്ദീൻ മൗലവി വെല്ലൂർ ബാഖിയാത്തുസ്വാലിഹാത്തിൽ നിന്നും ബാഖവി ബിരുദം നേടിയ ശേഷം പനച്ചൂർ മസ്ജിദിൽ ഒരുവർഷം സേവനമനുഷ്ടിച്ചാണ് കായംകുളത്തേക്ക് എത്തിയത്. മഹല്ല് പരിധിയിലെ മുഴുവൻ കുടുംബങ്ങളുമായും മൗലവിക്ക് അടുത്ത ബന്ധമുണ്ട്. ദക്ഷിണ കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ അംഗവും ജംഇയത്തുൽ മുഅല്ലിമീൻ ജില്ല ജനറൽ സെക്രട്ടറി എന്നീ നിലകളിലും പൊതുരംഗത്തെ നിറസാന്നിധ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.