ജിഹാദ് അഥവാ സമര നിരത ജീവിതം
text_fieldsലോകത്ത് ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കപ്പെട്ട പദമാണ് ജിഹാദ്. അത്രയേറെ ദുർവ്യാഖ്യാനം ചെയ്യപ്പെടുന്ന മറ്റേതെങ്കിലും പദമുണ്ടോയെന്ന് സംശയമാണ്. സായുധ കലാപം, മതയുദ്ധം, വിശുദ്ധ കൊല എന്നൊക്കെയാണ് പലരും അതിന് നൽകുന്ന വിവക്ഷ. ജിഹാദ് എന്നാൽ കഠിനമായ അധ്വാന പരിശ്രമമാണ്. പ്രസ്തുത പദം വിവിധ സ്വഭാവത്തിൽ ഖുർആനിൽ 41 തവണ വന്നിട്ടുണ്ട്. എല്ലാ വിശ്വാസികളും നിർബന്ധമായും നിർവഹിക്കേണ്ട ബാധ്യതയാണ് ജിഹാദെന്ന് ഖുർആൻ പറയുന്നു. മരണാനന്തര ജീവിത വിജയത്തിന് അത് അനിവാര്യമാണെന്ന് ഊന്നിപ്പറയുന്നു.
വ്യക്തിയിലും കുടുംബത്തിലും സമൂഹത്തിലും രാജ്യത്തും ലോകത്തും സത്യവും സന്മാർഗവും സമാധാനവും ധർമവും നീതിയും നന്മയും സ്ഥാപിക്കാനും നിലനിർത്താനുമുള്ള ഏത് ശ്രമവും ജിഹാദാണ്. അത് കൊണ്ടുതന്നെ അക്രമവും അനീതിയും അധർമവും അസത്യവും ദുർമാർഗവും ഇല്ലാതാക്കാനുള്ള എല്ലാവിധ അധ്വാന പരിശ്രമങ്ങളും അതുൾക്കൊള്ളുന്നു.
ശാരീരികേച്ഛകളെ നിയന്ത്രിച്ച് സ്വന്തത്തെ തെറ്റുകുറ്റങ്ങളിൽനിന്ന് സംസ്കരിക്കുന്നതിനെ ഏറ്റവും ശ്രേഷ്ഠമായ ജിഹാദ് എന്നാണ് പ്രവാചകൻ വിശേഷിപ്പിച്ചത്. അഥവാ സ്വയം സഹിക്കലും ത്യജിക്കലുമാണ് ജിഹാദിന്റെ ആദ്യ ബിന്ദു. സ്വന്തത്തോടുള്ള ഈ ജിഹാദിൽ വിജയം വരിക്കുന്നവർക്ക് മാത്രമേ കുടുംബത്തിലും സമൂഹത്തിലും രാജ്യത്തും നന്മ സ്ഥാപിക്കാനുള്ള ജിഹാദിൽ പങ്കാളിയാകാൻ സാധിക്കുകയുള്ളൂ.
ജിഹാദിന്റെ മാർഗവും ലക്ഷ്യം പോലെതന്നെ പരിശുദ്ധവും പവിത്രവും ന്യായവും നീതിപൂർവവും യുക്തവുമായിരിക്കണം. അസത്യത്തിനും അനീതിക്കുമെതിരായ മാനസികാവസ്ഥയും വർത്തമാനങ്ങളും എഴുത്തുകളും പ്രഭാഷണങ്ങളും മറ്റു പ്രചാരണങ്ങളുമെല്ലാം ജിഹാദിന്റെ വിവിധതലങ്ങളിൽ പെടുന്നു. ഭരണകൂടങ്ങൾ ആഭ്യന്തരരംഗത്ത് സമാധാനവും സുരക്ഷയും സാമൂഹികനീതിയും ഉറപ്പുവരുത്താനും പുറത്തുനിന്നുള്ള ശത്രുക്കളെ നേരിടാനും ആയുധമെടുക്കുന്നത് ജിഹാദിന്റെ ഒരിനം മാത്രമാണ്.
ഖുർആൻ യഥാർഥ ജിഹാദിന്‍റെ മാതൃകയായി കാണിച്ചത് ഇബ്രാഹീം പ്രവാചകനെയാണ്. അദ്ദേഹം ഒരാൾക്കെതിരെയും ആയുധമെടുത്തിട്ടില്ല.ആരുടെ മേലും ഒരു പിടി മണൽപോലും വാരിയിട്ടിട്ടില്ല. അതേ വിശുദ്ധ ഖുർആൻ വലിയ ജിഹാദ് ചെയ്യാൻ ആവശ്യപ്പെട്ടത് ഖുർആൻ കൊണ്ടാണ്. ഇസ്ലാമിലെ ജിഹാദിന്റെ മർമം ആദർശതലമാണെന്നും അതിന് മതയുദ്ധമെന്ന് വിശേഷിപ്പിക്കുന്നത് തീർത്തും തെറ്റാണെന്നും ഇതൊക്കെയും അസന്നിഗ്ദമായി വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.