നൂറ്റാണ്ടുകളുടെ കൽപാത്തിപ്പെരുമ
text_fieldsപാലക്കാട് ദേശത്തിലെ വലിയ വിസ്തൃതിയുള്ള ബ്രാഹ്മണ-അഗ്രഹാരങ്ങളിലൊന്നാണ് പുതിയ കൽപാത്തി. നിള നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രത്തിന്റെ നേർ കിഴക്കായിട്ടാണ് പുതിയ കൽപാത്തി അഗ്രത്തിലുള്ള മന്ദാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം. 600 വർഷങ്ങളുടെ ചരിത്രമുണ്ട് കൽപാത്തിക്ക്. തമിഴ് ദേശങ്ങളായ മയൂരനാഥപുരം, തഞ്ചാവൂർ, കുംഭകോണം, തിരുച്ചി, തിരുനെൽവേലി, കോവൈ എന്നിവിടങ്ങളിൽനിന്നെല്ലാം എത്തിയവർ.
വേദ - ആഗമ ശാസ്ത്രങ്ങളിൽ പാരംഗതർ, പുരാണേതിഹാസങ്ങളിലും നിപുണർ. അന്ന് പാലക്കാട് വാണിരുന്ന രാജാവിന്റെ ക്ഷണം സ്വീകരിച്ച് എത്തിയവരായിരുന്നു അവർ. യാഗ - യജ്ഞ - പൂജാദി കാര്യങ്ങൾക്കായിട്ടാണ് ഈ ബ്രാഹ്മണർ പാലക്കാട്ടേക്ക് ക്ഷണിക്കപ്പെട്ടത്. ആ ദേശം അങ്ങനെ വേദ ഭൂമിയായി. എത്തിച്ചേർന്നവർക്ക് താമസിക്കാനും കൃഷിക്കുമുള്ള ഭൂമി രാജാക്കന്മാർ നൽകി. അഗ്രഹാര മാതൃകയിൽ മണ്ണ് കൊണ്ടുള്ളതും ഓല മേഞ്ഞതുമായ വീടുകൾ നിർമിക്കപ്പെട്ടു. വൈദികവൃത്തിയിൽ മുഴുകിയ ബ്രാഹ്മണ സമൂഹത്തിന് സഹായകമായി വിവിധ തൊഴിലുകളിൽ വൈദഗ്ധ്യമുള്ളവരും പാലക്കാട്ടെത്തി. അഗ്രഹാര പരിസരത്ത് കുലത്തൊഴിലുകളിൽ പ്രാവീണ്യമുള്ള അവരും താമസമാരംഭിച്ചു.
ക്ഷേത്രോൽപത്തി
കൽപാത്തിയിലെ ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രം 1424-25 കാലഘട്ടത്തിൽ സ്ഥാപിതമായെന്നാണ് ചരിത്രരേഖകൾ വെളിപ്പെടുത്തുന്നത്. കിഴക്കുള്ള അഗ്രഹാരത്തിൻ താമസമാരംഭിച്ച സമൂഹത്തിന് പ്രയാസങ്ങളുണ്ടായിരുന്നു. ഇടക്കിടെ സംഭവിക്കുമായിരുന്ന അഗ്നിബാധ ഗ്രാമവാസികളെ വലച്ചു. ഓലമേഞ്ഞ വീടുകൾ തീയിൽ കത്തിയമരുന്നത് സ്ഥിരമായി. തന്മൂലം ജീവഹാനിയും സംഭവിക്കുമായിരുന്നു. ഇതിനുള്ള പരിഹാരത്തിനായി പലവിധ മാർഗങ്ങൾ ഗ്രാമജനങ്ങൾ ആരാഞ്ഞു.
പ്രഗല്ഭരായ ജ്യോതിഷികളുടെ ഉപദേശങ്ങളും തേടി. അഗ്രഹാരത്തിന്റെ പശ്ചിമ ഭാഗത്തുനിന്നുമുള്ള ശിവദൃഷ്ടിയുടെ ആഘാതവും അഗ്നിബാധക്ക് കാരണമാകുന്നുവെന്ന് വിധിച്ച ജ്യോതിഷികൾ, പരിഹാരാർഥം നിർദേശിച്ചത് പൂർവാഗ്രത്തിൽ ക്ഷേത്രം നിർമിച്ച് ശ്രീഗണേശ ഭഗവാനെ പ്രതിഷ്ഠിക്കണമെന്നതായിരുന്നു. പൂർവദിക്കാകട്ടെ, സമൃദ്ധമായ തടാകവും വൃക്ഷങ്ങളും നിറഞ്ഞ പ്രദേശം. ആ തടാകതീരത്ത് മന്ദാരപുഷ്പങ്ങൾ പൂത്തു നിറഞ്ഞുനിന്നു. സമീപത്ത് തന്നെ വടവൃക്ഷവും. പ്രകൃതി രമണീയമായ ആ ദിവ്യസ്ഥലത്ത് അഗ്രഹാരവാസികൾ മഹാഗണപതി ഭഗവാനെ പ്രതിഷ്ഠിച്ചു. പ്രാർഥനകൾ ആരംഭിച്ചു.
വൈദികശ്രേഷ്ഠരുടെ ആരാധനാലയം
വേദാചാര്യന്മാരാൽ സ്ഥാപിതമായ ദേവാലയത്തെ പരിപാലിച്ചത് അതേ ഗ്രാമവാസികളായ വൈദികവൃത്തിയിൽ കഴിഞ്ഞിരുന്ന നിവാസികളായിരുന്നു. ക്ഷേത്രത്തിന് വേണ്ട വസ്തുവകകളും ദേവാലങ്കാരത്തിനുള്ള ആഭരണങ്ങളും പൂജകൾക്കും നിവേദ്യങ്ങൾക്കുമായുള്ള സാധന-സാമഗ്രി-പാത്രങ്ങൾ ഗ്രാമവാസികൾ തന്നെ സ്വരൂപിച്ചു.
സാമ്പ്രദായിക രീതിയിൽ ക്ഷേത്രത്തിലെ ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, ഗ്രാമത്തിലെ സാമൂഹിക ബാധ്യതകൾ മുതലായവ പാലിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഗ്രാമവാസികൾ ഒരു കൂട്ടായ്മയായി ഗ്രാമജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റി. ഈ ചെലവിനാവശ്യമായ ധനം ഉപനയനം, വിവാഹം, സീമന്തം തുടങ്ങിയ ചടങ്ങുകൾ നടക്കുന്ന സന്ദർഭങ്ങളിൽ തത് ഗൃഹങ്ങളിൽനിന്നും ഒരു നിശ്ചിത സംഖ്യ സമൂഹം സ്വീകരിക്കും. അത്തരം സംഭാവനകളിൽനിന്നും സഞ്ചിത നിധികളിൽനിന്നുമുള്ള വരുമാനത്താലാണ് ക്ഷേത്ര നടത്തിപ്പിന് ധനം കണ്ടെത്തിയത്.
ഭക്തരാൽ പരിപോഷിപ്പിക്കപ്പെട്ട ക്ഷേത്രം
ഇന്നത്തെ കൊടിമരം, ധ്വജസ്തംഭം എന്നിവ 1109ലെ മിഥുനം എട്ടിന് അതായത് 1933ൽ പ്രതിഷ്ഠിക്കപ്പെട്ടു. മുഴുവൻ ചെലവും മജിസ്ട്രേറ്റ് സ്വാമിനാഥ അയ്യരാണ് വഹിച്ചത്. അടുത്ത വർഷം വിപുലമായ അറ്റകുറ്റപ്പണികൾ നടത്തി. ഗർഭഗൃഹത്തിന്റെ മേൽക്കൂര ചെമ്പ് തകിടുകൾ കൊണ്ട് മൂടി ഒരു മഹാ കുംഭാഭിഷേകം നടത്തി. തിരുവിതാംകൂർ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യരുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എസ്. ചിദംബര അയ്യരുടെ പിതാവ് അന്നക്കുട്ടി വംശം സുബ്രഹ്മണ്യ ഭട്ടരാണ് ഇതിന്റെ ചെലവ് വഹിച്ചത്.
ചിദംബര അയ്യർ ക്ഷേത്രത്തിൽ നിത്യേനയുള്ള ഗണപതി ഹോമത്തിനുള്ള ക്രമീകരണങ്ങളും ചെയ്തു. കൂടാതെ വിനായക ചതുർത്ഥി ദിനത്തിൽ 1024 നാളികേരവും മറ്റു അഷ്ടദ്രവ്യങ്ങളും ഉപയോഗിച്ച് ഗണപതി ഹോമവും ആരംഭിച്ചു. അഗ്രഹാര ക്ഷേത്രത്തിന് പറയത്തക്ക സ്വത്തുക്കളൊന്നും ഉണ്ടായിരുന്നില്ല. പൂജകളും ഉത്സവങ്ങളും താൽക്കാലിക അടിസ്ഥാനത്തിലാണ് നടത്തിയിരുന്നത്. പിൽക്കാലത്ത് നിത്യപൂജകൾ പോലും നടത്താൻ കഴിയാതെ വന്ന ഘട്ടത്തിൽ പുരോഹിതൻ ക്ഷേത്രം വിട്ടുപോയതും ചരിത്രം.
കേരളത്തിലെ ഭൂപരിഷ്കരണം ക്ഷേത്രത്തിന്റെ അധീനതയിൽ നേരത്തേയുണ്ടായിരുന്ന ഭൂമിയിൽനിന്നുള്ള വരുമാനത്തെ പ്രതികൂലമായി ബാധിച്ചു. സാമ്പ്രദായിക ക്ഷേത്രാചാരങ്ങൾ നിറവേറ്റുന്നതിനുപോലും ബുദ്ധിമുട്ടുകൾ നേരിട്ടു.
പൂജകളും ചടങ്ങുകളും ഉത്സവങ്ങളും പരിമിതികൾക്ക് വിധേയമായി. മന്ദക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിന്റെ പരിപാലനം പുതിയ കൽപാത്തി ഗ്രാമജന സമൂഹമാണ് നിറവേറ്റുന്നത്. സഹായകമായി യുവജനസംഘം പ്രവർത്തിക്കുന്നു, വിശിഷ്യ ഉത്സവ സംഘാടനത്തിൽ. ഗ്രാമജനങ്ങളുടെ ഭൗതിക ക്ഷേമകാര്യങ്ങൾക്കായി ഗ്രാമജന ക്ഷേത്രസമിതി കർമനിരതമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.