തേരിന്റെ കാഴ്ചച്ചന്തം
text_fieldsഉത്സവത്തിനെത്തുന്ന കൽപാത്തിയുടെ ആഹ്ലാദവർണങ്ങൾ ഏറ്റവും പ്രതിഫലിക്കുന്നത് രഥങ്ങളിലാണ്. കണ്ടവരുടെ മനസ്സിൽ മായക്കാഴ്ചയായി തങ്ങിനിൽക്കുന്ന രഥങ്ങൾ. തമിഴ്നാട് മധുര, കാശി ഭാഗങ്ങളിൽനിന്ന് കേരളത്തിലെത്തിയ തരകർ പണിക്കർ വിഭാഗമാണ് തേരുകൾക്ക് ചമയം തയാറാക്കുന്നത്. ജില്ലയിൽ കൊടുവായൂർ, കൊല്ലങ്കോട്, പാലക്കാട്, വിത്തനശ്ശേരി, അഴിയന്നൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം. തുലാമാസം മുതൽ മേടമാസം വരെയാണ് തേരുകളുടെ സീസൺ.
ഗോപുര രൂപത്തിലുള്ള തേരിന് ചന്തമേകുന്നത് 21 അലങ്കാരങ്ങൾ കൊണ്ടാണ്. സോപാനപ്പടി (ദേവകൾക്ക് മുന്നിലെ ചവിട്ടുപടി), പടിച്ചട്ടം (ദേവകൾക്ക് മുന്നിൽ ക്ഷേത്രരൂപത്തിലുള്ള നിർമിതി), ഗോപുരവാതിൽ (ദേവകൾക്ക് മുന്നിലുള്ള വാതിൽ), ചെവി (തേരിന് വശങ്ങളിലുള്ള ചിത്രങ്ങൾ) എന്നിങ്ങനെയാണ് തേരിന്റെ ഭാഗങ്ങൾ. ദ്വാരപാലകർ, ഗരുഡക്കൂട്, പൊന്തുമാല, കൊടികൾ, കളർമാല, പൂപ്പലക, സർപ്പരൂപങ്ങൾ, പഞ്ചവർണക്കിളി രൂപങ്ങൾ, മുൾവട്ടം, സാധാവട്ടം, കുതിരകൾ എന്നിങ്ങനെ അലങ്കാരങ്ങൾ തേരിന് മാറ്റുകൂട്ടുന്നു. കാറ്റിൽ ഇളകിയാടുന്ന വെളുത്ത നെട്ടിമാലകളാണ് തേരിന്റെ ഭാവങ്ങളിലൊന്ന്. രഥത്തിൽ ഘടിപ്പിച്ച് വളയങ്ങളിൽ തട്ടുകളായാണ് മാലകൾ തൂക്കിയിടുക. 40 അടിവരെ ഉയരമുള്ള തേരുകളിൽ ഭൂരിഭാഗവും അലങ്കരിക്കുക നെട്ടിമാലകൊണ്ടാണ്. ഇളകിയാടുന്ന മാലകൾക്കിടയിലൂടെ ദേവതക്ക് കുളിർമയും ശുദ്ധവായുവും ലഭിക്കുമെന്നാണ് വിശ്വാസം.
വ്രതശുദ്ധിയോടെ കാത്തിരിപ്പ്
വ്രതശുദ്ധിയോടെയാണ് കൽപാത്തി ദേവരഥസംഗമത്തിനായി നാട് കാത്തിരിക്കാറ്. ആയിരക്കണക്കിന് ഭക്തരുടെ പ്രാർഥനാമന്ത്രങ്ങൾ അകമ്പടിയാവുന്ന തേരുമുട്ടിയിലെ ദേവരഥസംഗമമാണ് ലക്ഷ്യം. ആ കാഴ്ച കണ്ടുതൊഴാനാണ് ഇനിയുള്ള പ്രയാണം. ശ്രീ വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ മൂന്ന് ദേവരഥങ്ങൾ വിശാലാക്ഷീ സമേത ശ്രീ വിശ്വനാഥ സ്വാമിയെയും ശ്രീ മഹാഗണപതി സ്വാമിയെയും വള്ളീ ദേവസേനാ സമേത ശ്രീ സുബ്രഹ്മണ്യ സ്വാമിയെയും വഹിച്ച് ഗ്രാമവീഥികളിലൂടെ അനുഗ്രഹം ചൊരിയുന്ന ഭക്തിസാന്ദ്രമായ നിമിഷങ്ങൾക്കായുള്ള കാത്തിരിപ്പ്. വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രം, പുതിയ കൽപാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, പഴയ കൽപാത്തി ലക്ഷ്മി നാരായണ പെരുമാൾ ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവ ചേരുന്നതാണ് കൽപാത്തി രഥോത്സവം.
പുണ്യമായെത്തുന്ന തേരുകൾ
രഥോത്സവത്തിന് ദേവകുടുംബങ്ങൾ എഴുന്നള്ളുന്ന തേരുവലിക്കുന്നത് ഏറെ പുണ്യമാണെന്നാണ് വിശ്വാസം. ഈ പുണ്യപ്രവൃത്തിയിൽ പങ്കാളികളാവാൻ പതിനായിരങ്ങളാണ് ഇക്കുറി കൽപാത്തിയുടെ വീഥികളിൽ അണിനിരക്കുന്നത്. അത്രമേൽക്കുണ്ട് കൽപാത്തിയുടെ പേരും പെരുമയും. പിഞ്ചുകുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ തേരുവലിക്കാൻ അണിനിരക്കുമ്പോൾ വടംപിടിക്കാൻ പോലും ഭക്തർ തിരക്കുകൂട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.