തുടക്കം കൽപാത്തിയിൽനിന്ന്
text_fieldsജില്ലയിലെ 98 അഗ്രഹാരങ്ങളിലെ ക്ഷേത്രങ്ങളില്‍ ആറുമാസം നീളുന്ന രഥോത്സവങ്ങളുടെ തുടക്കം കുറിക്കുന്നത് കൽപാത്തി രഥോത്സവത്തോടെയാണ്. വൈദിക കാലഘട്ടത്തില്‍ വേരൂന്നിയ ഉത്സവത്തിന് നൂറ്റാണ്ടിനപ്പുറം പഴക്കമുണ്ട്. ജനാവലിയുടെ അകമ്പടിയിൽ അലങ്കാരപ്പണികളുടെ വർണവൈവിധ്യം കൽപാത്തിയിലെ തെരുവുകളിലൂടെ നീങ്ങുന്നത് ആരെയും ആകർഷിക്കുന്ന കാഴ്ചയാണ്. ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രത്തിലാണ് രഥോത്സവം നടക്കുന്നത്. ക്ഷേത്രം 1425 എ.ഡിയിൽ നിർമിച്ചു എന്നാണ് വിശ്വാസം. പരബ്രഹ്മമൂർത്തിയായ കാശി വിശ്വനാഥപ്രഭുവും ഭഗവാന്റെ പത്നിയും ആദിപരാശക്തിയുമായ വിശാലാക്ഷിയുമാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ. ശ്രീ ലക്ഷ്മീനാരായണപ്പെരുമാൾ, മന്തക്കര മഹാഗണപതി തുടങ്ങി ഗ്രാമത്തിലെ മറ്റു ക്ഷേത്രങ്ങളിലെ മൂർത്തികളും രഥോത്സവത്തിൽ പങ്കെടുക്കും.
മലബാര്‍ മദ്രാസ് പ്രവിശ്യക്ക് കീഴിലായിരുന്ന ബ്രിട്ടീഷ് ഭരണകാലത്ത് കൽപാത്തി രഥോത്സവമായിരുന്നു മലബാറിലെ വലിയ ഉത്സവം. രഥോത്സവം പാലക്കാടിന്റെ സാംസ്കാരിക ആഘോഷം കൂടിയാണ്.
വേദ പാരായണവും കലാ സാംസ്കാരിക പരിപാടികളും ഉത്സവത്തിന്റെ ആദ്യത്തെ നാലുദിവസം ക്ഷേത്രത്തിൽ നടക്കും. അവസാനത്തെ മൂന്നുദിവസം ഭഗവദ്പ്രതിഷ്ഠയോടുകൂടിയ അലങ്കരിച്ച ദേവരഥം തെരുവുകളിലൂടെ ക്ഷേത്രത്തിലേക്ക് വലിക്കാൻ ആയിരക്കണക്കിന് ഭക്തജനങ്ങൾ ഇവിടെ എത്തിച്ചേരും. കാശി വിശ്വനാഥസ്വാമി ക്ഷേത്രവുമായുള്ള സാമ്യത്തെ അന്വർഥമാക്കി ‘കാശിയിൽ പാതി കൽപാത്തി’ എന്ന് പറയാറുണ്ട്. ദക്ഷിണാമൂർത്തി, ഗംഗാധരൻ, കാലഭൈരവൻ, ചണ്ഡികേശ്വരൻ എന്നീ ശിവന്റെ വിവിധ ഭാവങ്ങളും വള്ളിദേവസേന സമേതനായ സുബ്രഹ്മണ്യൻ, ഗണപതി, സൂര്യൻ തുടങ്ങിയ ഉപദേവതകളും ഈ ക്ഷേത്രത്തിലുണ്ട്.
സമീപത്തായി ലക്ഷ്മീസമേതനായ ഭഗവാൻ നാരായണന്നും ഗണപതിക്കും പ്രത്യേകം ക്ഷേത്രങ്ങളുമുണ്ട്. സംസ്ഥാന ടൂറിസം വകുപ്പിന്റെ കേരളത്തിലെ ഉത്സവങ്ങളുടെ പട്ടികയില്‍ കൽപാത്തി രഥോത്സവവും ഇടം പിടിച്ചിരിക്കുന്നതിനാൽ തന്നെ ഇതരസംസ്ഥാനങ്ങളില്‍നിന്നും വിദേശത്തുനിന്നും വരെ നിരവധി സഞ്ചാരികളാണ് രഥോത്സവ നാളുകളിൽ ഇവിടെയെത്താറ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.