കൽപാത്തി രഥോത്സവം കൊടിയേറി
text_fieldsപാലക്കാട്: ഭക്തിനിർഭര അന്തരീക്ഷത്തിൽ കൽപാത്തി അഗ്രഹാരത്തെരുവിൽ രഥോത്സവത്തിന് കൊടിയേറി. ശ്രീവിശാലാക്ഷി സമേത ശ്രീ വിശ്വനാഥ സ്വാമി ക്ഷേത്രം, മന്തക്കര മഹാഗണപതി ക്ഷേത്രം, ലക്ഷ്മി നാരായണ പെരുമാൾ ക്ഷേത്രം, പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലാണ് ധ്വജാരോഹണ ചടങ്ങുകൾ നടന്നത്. ഇനി എട്ടുനാൾ തെരുവിൽ ആഘോഷത്തിന്റെ അലയൊലികളാണ്.
നവംബർ 14ന് ഒന്നാം തേര് ഉത്സവത്തോടെ പ്രയാണം തുടങ്ങുന്ന തേരുകൾ 16ന് സംഗമിക്കും. അന്നാണ് ദേവരഥ സംഗമം. ഉത്സവ നാഥനായ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ കൊടിയേറ്റ ചടങ്ങുകൾ വൻജനാവലിയുടെ സാന്നിധ്യത്തിൽ രാവിലെ 9.30നാണ് തുടങ്ങിയത്.
തന്ത്രി രത്ന സഭാപതിയുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി പ്രഭു സേനാപതി, മയിൽ സാമി, ശ്രീകുമാർ എന്നിവർ ചേർന്ന് കൊടിയേറ്റി. ക്ഷേത്രസമൂഹം ഭാരവാഹികളായ ലക്ഷ്മി നാരായണ പെരുമാൾ, കെ.ജി. കൃഷ്ണൻ, രാജേന്ദ്ര വർമ, പ്രശോഭ്, രമേഷ് എന്നിവർ നേതൃത്വം നൽകി. മന്ദക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ രഥോത്സവ പൂജ മുഖ്യ പുരോഹിതൻ ശ്രീ രാംകുമാർ ശിവാചാര്യരുടെ മുഖ്യകാർമികത്വത്തിലും ക്ഷേത്ര പുരോഹിതൻ കെ.വി. വെങ്കടേശ്വര ശർമയുടെ നേതൃത്വത്തിലുമാണ് ധ്വജാരോഹണ ചടങ്ങുകൾ നടന്നത്. ക്ഷേത്ര സമൂഹം ഭാരവാഹികളായ കെ.എസ്. കൃഷ്ണ, കെ.ആർ. ഈശ്വരൻ, ടി.വി. ഗണപതി തുടങ്ങിയവർ നേതൃത്വം നൽകി.
ലക്ഷ്മി നാരായണ പെരുമാൾ ക്ഷേത്രത്തിൽ രാമൂർത്തി ഭട്ടാചാര്യ, കുമാരപുരം രാമ ഗോവിന്ദ ഭട്ടാചാര്യ, കുമാരപുരം ഗണേഷ് ഭട്ടാചാര്യ, ജൂനിയർ രാമഗോവിന്ദ ഭട്ടാചാര്യ, ബാലു വാധ്യാർ, കണ്ണൻ വാധ്യാർ, ഗിരീഷ് വാധ്യാർ, ശങ്കർ വാധ്യാർ, ശിവകുമാർ, രാജു ഭട്ടാചാര്യ എന്നിവരുടെ നേതൃത്വത്തിൽ ചടങ്ങുകൾ നടന്നു.
ശ്രീപ്രസന്ന മഹാഗണപതി ക്ഷേത്രത്തിലെ കൊടിയേറ്റ ചടങ്ങുകൾക്ക് ശ്രീകാന്ത് ഭട്ടാചാര്യർ, രാമസുബ്രഹ്മണ്യം, ക്ഷേത്രസമൂഹം ഭാരവാഹികളായ ടി.വി. മുരളി, ബാലഗണപതി വാധ്യാർ, എ.ആർ. വാസുദേവൻ എന്നിവർ നേതൃത്വം നൽകി. രാവിലെ ക്ഷേത്രങ്ങളിൽ ചതുർവേദ പാരായണത്തിനുശേഷമാണ് ചടങ്ങുകൾ നടന്നത്. വിശ്വനാഥസ്വാമി ക്ഷേത്രത്തിൽ വൈകീട്ട് യാഗശാല പൂജ നടന്നു. മന്തക്കര മഹാഗണപതി ക്ഷേത്രത്തിൽ നാദതരംഗിണിയിൽ നാഗസ്വര-ഇടയ്ക്ക വാദനം നടന്നു. 12ന് അർധരാത്രി അഞ്ചാം തിരുനാൾ പല്ലക്ക്-രഥ സംഗമ ചടങ്ങുകൾ നടക്കും. 14നാണ് ഒന്നാം തേരുത്സവം. 15ന് രണ്ടാം തേരുത്സവവും 16ന് ദേവരഥ സംഗമവും നടക്കും.
രഥങ്ങളൊരുങ്ങുന്നു; വിശ്രമമില്ലാതെ നടരാജൻ
പാലക്കാട്: കൽപാത്തി രഥോത്സവത്തിനുള്ള രഥങ്ങൾ അവസാന മിനുക്കുപണിയിൽ. ഉത്സവനാഥനായ ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥ സ്വാമി ക്ഷേത്രത്തിന്റെ മുരുകൻ തേര്, ഗണപതി തേര്, ശിവൻ തേര് എന്നിവയുടെ ചുമതലക്കാരനായ പുത്തൂർ സുന്ദരൻ കണ്ടത്തിൽ നടരാജന് ഉത്സവമടുത്തപ്പോൾ തെല്ലും വിശ്രമമില്ല. മൂന്നോ നാലോ ദിവസത്തിനുള്ളിൽ പണി പൂർത്തിയാക്കി സജ്ജീകരിക്കേണ്ടതുണ്ട്. ക്ഷേത്രത്തിലെ ശിവൻ തേര് 96ൽ നിർമിച്ചതാണ്.
നടരാജനും തമിഴ്നാട് സ്വദേശിയായ കൂട്ടാളിക്കും ആയിരുന്നു നിർമാണച്ചുമതല. 2006ൽ മുരുകൻ തേരും 2012ൽ ഗണപതി തേരും പുതുതായി നിർമിച്ചു. പുതിയ തേര് നിർമിക്കാൻ പത്ത് മാസം വേണം. അറ്റകുറ്റപ്പണി ചെയ്തിറക്കാർ ആറുമാസമെങ്കിലും വേണം. ചക്രങ്ങൾക്കും കാലുകൾക്കുമുള്ള കേടുപാട് ഉൾപ്പെടെ അറ്റകുറ്റപ്പണിക്കായി പത്തോളം പേർ കൂടെയുണ്ട്. അറ്റകുറ്റപ്പണിക്ക് ശേഷം പെയിന്റടിച്ച് അലങ്കാരപ്പണിക്ക് ശേഷമാണ് തേര് ഗ്രാമപ്രദക്ഷണത്തിനിറങ്ങുക. മറ്റു ക്ഷേത്രങ്ങൾ ഉൾപ്പെടെ ആറ് തേരുകളാണ് രഥോത്സവത്തിൽ ഉണ്ടാകുക.14നാണ് ഒന്നാം തേരുത്സവം. 15ന് രണ്ടാം തേരുത്സവവും 16ന് ദേവരഥ സംഗമവും നടക്കും.
സംഗീതോത്സവം ഇന്നുമുതല്‍
പാലക്കാട്: കൽപാത്തി രഥോത്സവത്തോടനുബന്ധിച്ച് ജില്ല ടൂറിസം പ്രൊമോഷന് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ദേശീയ സംഗീതോത്സവം വ്യാഴാഴ്ച മുതല്‍ 13 വരെ നടക്കും. ചാത്തപുരം മണി അയ്യര്‍ റോഡില്‍ സജ്ജീകരിച്ച പത്മഭൂഷന്‍ അവാര്‍ഡ് ജേതാവ് സംഗീത കലാ ആചാര്യ പി.എസ് നാരായണസ്വാമി നഗര്‍ വേദിയില്‍ വൈകീട്ട് ആറിന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച പുരന്തരദാസര്‍ ദിനമായി ആഘോഷിക്കും.
വൈകീട്ട് ഏഴിന് നടക്കുന്ന ജി. ബേബി ശ്രീറാമിന്റെ സംഗീതക്കച്ചേരിക്ക് സുനിത ഹരിശങ്കര്‍ (വയലിന്), പാലക്കാട് എ.എം. ഹരിനാരായണന് (മൃദംഗം), ഉടുപ്പി ശ്രീകാന്ത് (ഗഞ്ചിറ) എന്നിവര്‍ പക്കമേളമൊരുക്കും. നവംബര്‍ 10ന് മുത്തുസ്വാമി ദീക്ഷിതര്‍ ദിനത്തിൽ വൈകീട്ട് അഞ്ചിന് പാലക്കാട് ചെമ്പൈ സ്മാരക ഗവ. സംഗീത കോളജിലെ വിദ്യാർഥികള്‍ അവതരിപ്പിക്കുന്ന സംഗീതക്കച്ചേരിയുണ്ടാകും. ഏഴിന് എസ്. സാകേതരാമന്റെ സംഗീതക്കച്ചേരിക്ക് ഇടപ്പള്ളി അജിത് കുമാര്‍ (വയലിന്), ചേര്‍ത്തല ആര്. ആനന്ദകൃഷ്ണന് (മൃദംഗം), ഉടുപ്പി ശ്രീധര്‍ (ഘടം) എന്നിവര്‍ പക്കമേളമൊരുക്കും. 11ന് വൈകീട്ട് അഞ്ചിന് ചിറ്റൂര്‍ ഗവ. കോളജിലെ സംഗീത വിഭാഗം വിദ്യാർഥികളുടെ കച്ചേരിയുണ്ടാകും.
12ന് രാവിലെ 10.30ന് ത്യാഗരാജ ആരാധന, പഞ്ചരത്ന കീര്‍ത്തനാലാപനം എന്നിവ നടക്കും. ഏഴിന് പ്രകാശ് ഉള്ള്യേരിയുടെ ഹാര്‍മോണിയം കച്ചേരിക്ക് ട്രിവാന്‍ഡ്രം എന്‍. സമ്പത്ത് (വയലിന്), തഞ്ചാവൂര്‍ ഗോവിന്ദരാജന്‍ (തവില്‍), പാലക്കാട് കെ.എസ്. മഹേഷ് കുമാര്‍ (മൃദംഗം) എന്നിവര്‍ ചേര്‍ന്ന് പക്കമേളമൊരുക്കും. 13ന് വൈകിട്ട് ആറിന് നടക്കുന്ന സമാപന സമ്മേളനം വി.കെ. ശ്രീകണ്ഠന് എം.പി ഉദ്ഘാടനം ചെയ്യും. എ. പ്രഭാകരന് എം.എല്‍.എ അധ്യക്ഷത വഹിക്കും. വൈകിട്ട് ഏഴിന് പാലക്കാട് ആര്. രാമപ്രസാദിന്റെ സംഗീത കച്ചേരിക്ക് വിശ്വേഷ് ഈശ്വരന് (വയലിന്), കെ.വി. പ്രസാദ് (മൃദംഗം), തൃപ്പൂണിത്തുറ രാധാകൃഷ്ണന് (ഘടം) എന്നിവര്‍ പക്കമേളമൊരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.