‘ഖറൻഖശു’ ആഘോഷരാവിലലിഞ്ഞ് കുട്ടിക്കൂട്ടം പാരമ്പര്യത്തിന്റെ ഓർമപ്പെടുത്തലാണ് ഖറന്‍ഖശു
text_fieldsമത്ര: റമദാനിലെ പാരമ്പര്യ ആഘോഷമായ ഖറന്‍ഖശു രാവിലലിഞ്ഞ് കുട്ടിക്കൂട്ടം. റമദാന്റെ പതിനഞ്ചാം രാവായ ബുധനാഴ്ചയായിരുന്നു അറബ് ബാല്യ കൗമാരങ്ങളുടെ ആഘോഷമായ ഖറൻഖശു കൊട്ടിപ്പാടി കൊണ്ടാടിയത്. അറബ് ബാല്യകൗമാരങ്ങളുടെ പാരമ്പര്യത്തിന്റെ ഓർമപ്പെടുത്തലിന്റെ ഭാഗമാണീ ആഘോഷം. ഏതാണ്ടെല്ലാ അറബ് രാജ്യങ്ങളിലും ഏറ്റക്കുറച്ചിലുകളോടെ പണ്ടുകാലംതൊട്ടേ ഈ ആചാരങ്ങളുള്ളതായി പഴമക്കാര്‍ പറയുന്നു.
പ്രധാനമായും ഈ ആഘോഷ ദിനം കുട്ടികള്‍ക്കുള്ളതാണ്. മതനിയമങ്ങള്‍ പരതിയാല്‍ ഇതുപോലുള്ള ആചാരങ്ങള്‍ കണ്ടെത്താന്‍ സാധിക്കില്ലെങ്കിലും പൈതൃകങ്ങളില്‍ ഉൾച്ചേര്‍ന്ന മിത്തുകളാണ് ഖറന്‍ഖശു പോലുള്ള ആഘോഷങ്ങളുടെ പിറകില്‍. ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ഖറന്‍ഖശു സാമാന്യം നല്ല രീതിയിൽത്തന്നെ കൊണ്ടാടപ്പെടുന്നുണ്ട്. അതിന്റെ ഭാഗമായി കുട്ടികളെ സന്തോഷിപ്പിക്കുന്ന തരത്തിലുള്ള വിവിധയിനം ഉല്‍പ്പന്നങ്ങള്‍ റമദാന്റെ തുടക്കം മുതലേ വിപണിയിൽ ലഭ്യമായിരുന്നു.
പ്രത്യേക വേഷ വിധാനങ്ങളോടെ തകരപ്പൊട്ടകളില് കൊട്ടിപ്പാടി വീട്ടുമുറ്റത്തെത്തുന്ന കുട്ടിക്കൂട്ട ഗായക സംഘങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്കാന് ആവശ്യമായ ഗിഫ്റ്റ് ബാഗുകള്‍, ടീഷര്‍ട്ടുകള്‍, കുട്ടിയുടുപ്പുകള്‍, ചുമര് ചിത്രങ്ങള്‍, ഖറന്‍ഖശു ചിത്രങ്ങള്‍ ആലേഖനം ചെയ്ത സ്ത്രീകളുടെ മേല്കുപ്പായങ്ങള് വരെ വിപണിയില്‍ നല്ല രീതിയിൽ വിറ്റുപോയതായി മത്രയിലെ വ്യാപാരിയായ പൊന്നാനി സ്വദേശി ഹിജാസ് പറഞ്ഞു.
വീടുകള്‍ തോറും കയറിയിറങ്ങി മധുരവും സമ്മാനങ്ങളും സ്വീകരിച്ച് കുട്ടികളുടെ സംഘം നീങ്ങുന്ന കാഴ്ചകള്‍ മനോഹരമായിരുന്നു. റസിഡന്‍ഷ്യല്‍ മേഖലകളില്‍ സാംസ്കാരിക വകുപ്പിനുകീഴില്‍ തന്നെ കുട്ടികള്‍ക്കായുള്ള ആഘോഷ പരിപാടികൾ ഔദ്യോഗികമായിത്തന്നെ സംഘടിപ്പിക്കാറുണ്ട്. റമദാന് പകുതി പിന്നിട്ടെന്ന സന്ദേശവും ഈ പരിപാടികളിലൂടെ മനസ്സിലാക്കാന്‍ സാധിക്കും.
ഖറന്ഖശുവില്നിന്ന് ലഭിക്കുന്ന സമ്മാനങ്ങളും നാണയങ്ങളും സ്വരുക്കൂട്ടി പെരുന്നാൾ ആഘോഷത്തിനായി മാറ്റിവെക്കുന്നവരും കുട്ടിക്കൂട്ടങ്ങളിലുണ്ട്. നഗരത്തിലെ ഹൈപ്പർ, സൂപ്പർ മാർക്കറ്റുകളിലും ഖറൻഖശു ആഘോഷത്തിനായി പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. നൂറകണക്കിന് കുട്ടികളായിരുന്നു ഇവിടെ എത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.