പെരുമ്പളത്ത് വീണ്ടും മുഴങ്ങും കോൽക്കളി പെരുക്കം
text_fieldsപെരുമ്പളം: നീണ്ട ഇടവേളക്കുശേഷം പെരുമ്പളത്തെ യുവ തലമുറ നാടൻ കലാരൂപമായ കോൽക്കളി, ദഫ്, അറബന എന്നിവ പുനരുജ്ജീവിപ്പിക്കാനൊരുങ്ങുന്നു. പഴയകാലത്ത് കല്യാണ വീടുകളിലും പൊതുപരിപാടികളിലും പെരുമ്പളത്തെ കലാകാരന്മാർ നിറഞ്ഞുനിന്നിരുന്നു. പുറംദേശങ്ങളിൽപോയി ഈ സംഘം പരിപാടികൾ അവതരിപ്പിച്ചിരുന്നു.
പഴയ കലാരൂപങ്ങളെ വീണ്ടും സജീവമാക്കുന്നതിന്റെ ഭാഗമായി പെരുമ്പളം ജമാഅത്ത് കോൽക്കളി സംഘം എന്ന പേരിൽ ട്രസ്റ്റ് രൂപവത്കരിച്ചിട്ടുണ്ട്. കഴിഞ്ഞ നബിദിനത്തോട് അനുബന്ധിച്ച് ധാരാളം പരിപാടികൾ ഈ സംഘം അവതരിപ്പിച്ചു. ഇളം തലമുറയിലേക്ക് ഇത് വ്യാപിപ്പിക്കുന്നതിന് മദ്റസ കുട്ടികളെ പഠിപ്പിക്കാനായി ഒരുസംഘം രംഗത്തുണ്ട്.
പെരുമ്പളത്ത് 1970 മുതൽ കോൽക്കളി, ദഫ്, അർബന പോലുള്ള മുസ്ലിം മാപ്പിള കലാരൂപങ്ങൾ പ്രചാരത്തിലുണ്ടായിരുന്നു. തമ്മനംകാരനായ അലി ആശാനായിരുന്നു കോൽക്കളി അഭ്യസിപ്പിച്ചിരുന്നത്. നന്നായി ബദർ പാട്ട് പാടുന്ന അദ്ദേഹം ബദർ അലി എന്നും അറിയപ്പെട്ടിരുന്നു.
ഇദ്ദേഹത്തിന്റെ മരണശേഷം പെരുമ്പളത്തുകാരനായ പി.പി. ഖാദർ പാട്ടത്തിവെളി ആശാനായി. അദ്ദേഹം സജീവമായി രംഗത്തുണ്ട്. 1995, 96 വർഷത്തിൽ പെരുമ്പളം മൂന്ന് പ്രാവശ്യം ഉപജില്ല, ജില്ല യുവജനോത്സവങ്ങളിൽ സമ്മാനം നേടിയിട്ടുണ്ട്. രണ്ടുപ്രാവശ്യം എ ഗ്രേഡും ലഭിച്ചു. അന്ന് ലഭിച്ച ട്രോഫികൾ പെരുമ്പളത്തിന്റെ അഭിമാനമായി സ്കൂൾ ഷെൽഫിൽ ഇന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.