രാമായണശീലുകൾ കഥകളി, കർണാടിക് ശൈലിയിൽ ചിട്ടപ്പെടുത്തി കൃഷ്ണവേണി
text_fieldsരാമായണശീലുകളെ വ്യത്യസ്ത രാഗങ്ങളില്‍ ശ്രുതിചേര്‍ത്ത് പാരായണം ചെയ്യുന്ന കൃഷ്ണവേണി ശ്രദ്ധേയയാകുന്നു. കേക, കാകളി, മഞ്ജരി വൃത്തത്തില്‍ ക്രമപ്പെടുത്തിയ എഴുത്തച്ഛെൻറ ആധ്യാത്മ രാമായണത്തിലെ പ്രസക്തഭാഗങ്ങളാണ് ചേര്‍ത്തല തിരുവിഴ പെരിയമനയില്‍ മധു എന്‍. പോറ്റിയുടെ മകളായ കൃഷ്ണവേണി കഥകളി, കർണാടിക് സംഗീതശൈലിയിൽ ചിട്ടപ്പെടുത്തിയത്. പെരിയമനയില്‍ കഥകളിപ്പദ ശൈലിയിലാണ് പാരായണം.
നിത്യേന പാരായണം ചെയ്യുന്ന രാമായണത്തിലെ ആറ് കാണ്ഡത്തിലെ പ്രസക്തഭാഗങ്ങൾ കൃഷ്ണവേണിക്ക് മനഃപാഠമാണ്. സംഗീതപഠനത്തിനിെടയാണ് കഥകളി, കർണാടിക് സംഗീതങ്ങൾ രാമായണ പാരായണവുമായി ചേര്‍ക്കാനാകുമെന്ന് മനസ്സിലാക്കുന്നത്. ഒരുരാഗത്തിലുള്ളത് മറ്റൊരു രാഗത്തിലേക്ക് മാറ്റാനാകുമെന്ന് ഗുരുമുഖത്തുനിന്ന് തിരിച്ചറിഞ്ഞ ഈ 13കാരി രാമായണശീലുകളെയും ചിട്ടപ്പെടുത്തുകയായിരുന്നു.
ഗുരുക്കന്മാരുടെ ഉപദേശവും മാതാപിതാക്കളുടെ പ്രോത്സാഹനവും കൃഷ്ണവേണിക്കുണ്ടായി. രാമായണമാലയെന്ന പേരില്‍ 'പൈതൃകം' യൂട്യൂബ് ചാനലിലൂടെയാണ് ഈ മിടുക്കിയുടെ പാരായണം ശ്രദ്ധേയമായത്. ഭൂപാളം, അഠാണ, ഭൈരവി, കാംബോജി, സാമന്തലഹരി, തോടി തുടങ്ങിയ രാഗങ്ങളിൽ രാമായണമാല ക്രമപ്പെടുത്തിയിരിക്കുന്നു.
മാരാരിക്കുളം വാണി സംഗീതവിദ്യാലയത്തിലെ രശ്മി ജീവനാണ് കർണാടിക് സംഗീത അധ്യാപിക. പത്തിയൂര്‍ ശങ്കരന്‍കുട്ടിയുടെ കീഴിലാണ് കഥകളി സംഗീതം അഭ്യസിക്കുന്നത്. ശ്രീജയാണ് അമ്മ. സഹോദരി: കൃഷ്ണേന്ദു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.