വ്രതാനുഷ്ഠാനത്തിന്റെ ആത്മനിർവൃതിയിൽ കെ.എസ്. ദേവി
text_fieldsവളാഞ്ചേരി: റമദാൻ വ്രതാനുഷ്ഠാനത്തിന്റെ ആത്മനിർവൃതി അനുഭവിച്ച് ഇരിമ്പിളിയം പഞ്ചായത്തിലെ കോട്ടപ്പുറം നീഹാരം വീട്ടിൽ കെ.എസ്. ദേവി. അധ്യാപികയായ ഇവർ വിദ്യാർഥികളോട് ഐക്യപ്പെട്ട് കഴിഞ്ഞ 14 വർഷമായി നോമ്പെടുക്കുന്നു. ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസിലെ വിദ്യാർഥികൾക്ക് ക്ലാസെടുത്ത് കൊണ്ടിരിക്കെയാണ് നോമ്പെടുത്ത് ക്ഷീണിച്ച് ക്ലാസിൽ ഇരിക്കുന്ന കുട്ടികളെ കണ്ടത്. അവരോട് ഐക്യപ്പെട്ടാണ് നോമ്പെടുക്കാൻ തുടങ്ങിയത്. മക്കളും സഹപ്രവർത്തകരും സുഹൃത്തുക്കളും പൂർണ പിന്തുണ നൽകിയതോടെ വ്രതാനുഷ്ഠാനം തുടർന്നു.
വ്രതമെടുത്ത് തുടങ്ങിയപ്പോൾ മനസ്സിനും ശരീരത്തിനും ഉന്മേഷം ലഭിക്കുകയും ചെയ്തു. അത്താഴത്തിനും നോമ്പുതുറക്കും പഴങ്ങളും പച്ചക്കറികളുമടങ്ങിയ മിതമായ ഭക്ഷണമാണ് കഴിക്കുന്നത്. അതിനാൽ തന്നെ നോമ്പ് സമയങ്ങളിൽ ഒട്ടും ക്ഷീണം അനുഭവപ്പെടാറില്ല. അത്താഴം അത്തിപ്പഴത്തോളം എന്ന പഴമൊഴിയെ അന്വർഥമാക്കുന്ന രീതിയിലാണ് പുലർക്കാലത്തെ മിതമായ ഭക്ഷണം. കഴിക്കുന്നത് കുറച്ച് ഈത്തപ്പഴങ്ങൾ. ഒപ്പം ധാരാളം വെള്ളവും കുടിക്കും.
ജ്യൂസും കുറച്ച് പഴങ്ങളും കഴിച്ചാണ് നോമ്പുതുറക്കുന്നത്. ഇവ തയാറാക്കുന്നത് മക്കളാണ്. വറുത്തതും പൊരിച്ചതുമായ ഭക്ഷണം വളരെ കുറച്ചേ കഴിക്കൂ. കർക്കിടക മാസത്തിൽ വ്രതാനുഷ്ഠാനത്തോടെ രാമായണം പാരായണം ചെയ്യാറുമുണ്ട്. പെരുന്നാൾ, ക്രിസ്മസ് ദിവസങ്ങളിൽ വീട്ടിൽ ബിരിയാണി തയാറാക്കി മറ്റുള്ളവർക്കും കൊടുക്കാറുണ്ടെന്ന് ദേവി പറഞ്ഞു. മുള്ളൂർക്കര എൻ.എസ്.എസ്.എച്ച്.എസ്.എസ് അധ്യാപകൻ കെ. മുരളീധരനാണ് ഭർത്താവ്. ഡിഗ്രി ഒന്നാം വർഷ വിദ്യാർഥിനിയായ അർച്ചന മുരളി, എട്ടാം ക്ലാസ് വിദ്യാർഥിനിയായ മുരളിക ദേവ് എന്നിവർ മക്കളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.