ചെയിൻ സർവിസിലെ കണ്ടക്ടറെ ഒഴിവാക്കി കെ.എസ്.ആർ.ടി.സി പരീക്ഷണം; ശബരിമല തീർഥാടകർക്ക് ദുരിതം
text_fieldsശബരിമല: നിലക്കൽ-പമ്പ ചെയിൻ സർവിസിൽ കണ്ടക്ടറെ ഒഴിവാക്കി കെ.എസ്.ആർ.ടി.സി നടത്തുന്ന പരീക്ഷണം തീർഥാടകർക്ക് അഗ്നിപരീക്ഷയാകുന്നു.പമ്പയിലേക്ക് പോകാൻ സ്വകാര്യ വാഹനങ്ങളിൽ നിലക്കലിൽ എത്തുന്ന പതിനായിരക്കണക്കിന് തീർഥാടകർക്ക് ടിക്കറ്റ് നൽകാൻ നിലക്കലിലെ കൗണ്ടറിൽ മൂന്നോ നാലോ ജീവനക്കാർ മാത്രമാണുള്ളത്.
ഇതുമൂലം ടിക്കറ്റ് എടുക്കാൻ ഭക്തർക്ക് മണിക്കൂറുകൾ കാത്തുനിൽക്കേണ്ട അവസ്ഥയാണ്. തിരക്കിന് അനുസൃതമായി ബസുകൾ ക്രമീകരിക്കുന്നതിൽ അധികൃതർക്ക് സംഭവിക്കുന്ന വീഴ്ച കാരണം തീർഥാടകരുടെ ദുരിതം വീണ്ടും ഏറും.45 പേർക്ക് സഞ്ചരിക്കാവുന്ന ബസിൽ ഇരട്ടിയോളം തീർഥാടകരെ കുത്തിനിറച്ചാണ് ഓരോ ബസും പമ്പയിലേക്കും തിരികെയും സർവിസ് നടത്തുന്നത്.
ഈ യാത്ര വയോധികരും പിഞ്ചുകുട്ടികളും അടക്കമുള്ള തീഥാടകരെ ഏറെ വീർപ്പുമുട്ടിക്കുന്നുണ്ട്. നിലക്കൽ-പമ്പ ചെയിൻ സർവിസുകളിൽ കേവലം മൂന്ന് ഉദ്യോഗസ്ഥർ മാത്രമാണ് ടിക്കറ്റ് പരിശോധകരായുള്ളത്. കൗണ്ടറിലെ തിക്കും തിരക്കും കാരണം ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്ന തീർഥാടകരും നിരവധിയാണ്.
ഇത് കെ.എസ്.ആർ.ടി.സിക്ക് സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്നുണ്ട്. ടോമിൻ ജെ. തച്ചങ്കരി എം.ഡി ആയിരുന്ന കാലത്ത് കണ്ടക്ടറെ ഒഴിവാക്കിയുള്ള നിലക്കൽ-പമ്പ ചെയിൻ സർവിസ് പരീക്ഷണാർഥം നടപ്പാക്കിയിരുന്നു. എന്നാൽ, പദ്ധതി പാളിയതോടെ ആഴ്ചകൾക്കുള്ളിൽ പിൻവലിച്ചു. ഈ സംവിധാനമാണ് കെ.എസ്.ആർ.ടി.സി വീണ്ടും നടപ്പാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.