മാമ്പഴക്കാലത്തെ പുണ്യവ്രത സ്മരണകളിൽ കുഞ്ഞിമുഹമ്മദ് മുസ്ലിയാർ
text_fieldsചാവക്കാട്: ജില്ലയിൽ ഏറ്റവും കൂടുതൽകാലം ഖത്തീബായി പ്രവർത്തിച്ചവരിലൊരാളാണ് മന്ദലാംകുന്ന് എം.വി. കുഞ്ഞിമുഹമ്മദ് മുസ്ലിയാർ (94). സ്വന്തം മഹല്ല് പള്ളിയിൽ ഖത്തീബായി 40 വർഷം സേവനമനുഷ്ടിച്ച അപൂർവം പണ്ഡിതരിലൊരാൾ. 40 വർഷക്കാലത്തെ റമദാൻ മാസവും രാത്രി നമസ്കാരത്തിന് നേതൃത്വം നൽകാനായതും അദ്ദേഹത്തിന്റെ മറ്റൊരു അപൂർവതയാണ്.
ഹിജറ 398ലാണ് പള്ളിയുടെ നിർമാണം. ആയിരത്തിലേറെ വർഷം പഴക്കമുണ്ട് മന്ദലാംകുന്ന് ജമാഅത്ത് പള്ളിക്ക്. ഇന്നാട്ടിലെ വെള്ളിയാഴ്ച ഖുതുബകളുടെയും തറാവീഹ് നമസ്കാരങ്ങളിലേയും ശബ്ദമായിരുന്നു കുഞ്ഞഹമ്മദ് മുസ്ലിലിയാർ. ആദ്യകാലത്തെ റമദാൻ മാസ ഓർമകൾ ഇപ്പോഴും മങ്ങാതെ അദ്ദേഹത്തിന്റെ മനസ്സിലുണ്ട്. നോമ്പ് അടുത്താൽ പൊന്നാനിയിൽ നിലവിലുള്ളത് കൂടാതെ സ്പെഷൽ ചന്തയുണ്ടാവാറുണ്ട്. പുന്നയൂർക്കുളത്ത് ആറ്റുപുറത്തെ പഴയചന്ത കൂടാതെ കടിക്കാടും ചന്തയുണ്ടായിരുന്നു. കൂടാതെ ചാവക്കാട് ചന്തയും.
ഈ നാല് ചന്തകളിൽ നിന്നാണ് വീടുകളിലേക്കുള്ള ഭക്ഷണ സാധനങ്ങൾ വാങ്ങിയിരുന്നത്. പൊന്നാനിയിലേക്കും ചാവക്കാട്ടേക്കും കനോലി കനാൽ വഴി വഞ്ചികളിലായിരുന്നു യാത്രകൾ. ചക്കരപ്പാലാണ് അത്താഴത്തിലെ പ്രധാന വിഭവം. തേങ്ങാപ്പാലിൽ ചെറുപഴം പിഴിഞ്ഞ് ശർക്കരയും ഏലക്കായയുമിട്ടാണ് ചക്കരപ്പാൽ തയാറാക്കുന്നത്. നോമ്പ് തുറക്കാൻ പള്ളികളിൽ നിരവധി മൺകൂജകളിലായി നിറച്ചുവെച്ച തണുത്ത വെള്ളവും കാരക്കയുമുണ്ടാകും. പല വീടുകളിൽ നിന്നുള്ള ജീരകക്കഞ്ഞിയും പള്ളിയിലെത്തിക്കാറുണ്ട്. നല്ലജീരകം, പച്ചരി, തേങ്ങ അരച്ചത്, ചെറിയ ഉള്ളി എന്നിവ കൂടാതെ പുത്തരിച്ചുണ്ടവേരുമിട്ട് തിളപ്പിച്ചാണ് ജീരകഞ്ഞിയുണ്ടാക്കിയിരുന്നത്. ഇന്നത്തെ പോലെ പഴ വർഗങ്ങൾ ലഭ്യമല്ലാത്ത കാലമായിരുന്നെങ്കിലും എല്ലാനോമ്പിനും മാമ്പഴം സുലഭമായിരുന്നു. കോയമ്പത്തൂരിൽനിന്നാണ് മാമ്പഴമെത്തിയിരുന്നത്.
നോമ്പുകാലത്തെ പ്രധാന ദിവസങ്ങളിൽ കോഴിയിറച്ചിയാണ് വീടുകളിലെ സ്പെഷൽ. നോമ്പിന്റെ പ്രത്യേക വിഭവങ്ങളായി പൊന്നാനി ചന്തയിൽ ഗോതമ്പും ഇറച്ചിയുമിട്ട് വേവിച്ച അരീസയുമുണ്ടായിരുന്നു. അത്താഴ സമയമറിയിക്കാൻ അറബനയുമായി പാട്ടുപാടി ഉറക്കമുണർത്തിയിരുന്ന ‘അത്താഴം മുട്ടുകാരു’മുണ്ടായിരുന്നു. മൈക്കും ഉച്ചഭാഷിണിയും വരുന്നതിനു മുമ്പ് നോമ്പുതുറ സമയത്ത് പൊന്നാനിയിൽ നിന്നായിരുന്നു കതിന പൊട്ടിച്ചിരുന്നത്. പിന്നീട് പല ഭാഗത്തുനിന്നും കതിന പൊട്ടിക്കുമായിരുന്നു. നാട്ടിൽ പള്ളിയുടെ ഏറ്റവും മുകളിൽ കയറി ഏനുക്ക എന്ന് പേരുള്ളയാൾ ഉച്ചത്തിൽ ബാങ്ക് വിളിക്കും.
കാതോർത്താൽ മഹല്ല് മുഴുവൻ ആ ശബ്ദം കേൾക്കാം. പ്രായമേറെയായതോടെ ഖത്തീബ് സ്ഥാനമൊഴിവാക്കിയെങ്കിലും സഹപ്രവർത്തകരുടെയും ശിഷ്യഗണങ്ങളുടെയും നിർബന്ധത്താൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ചാവക്കാട് മേഖലയുടെ പ്രസിഡന്റ് സ്ഥാനം മാത്രം അദ്ദേഹം ഒഴിവാക്കിയിട്ടില്ല. നാട്ടുകാരിയായ കടവിൽ ആയിഷയാണ് മുസ്ലിയാരുടെ സഹധർമ്മിണി. ഗൾഫ് പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ എം.കെ. അബൂബക്കർ, മന്ദലാംകുന്നിലെ പലചരക്ക് വ്യാപാരി അബ്ദുല്ല എന്നിവരുൾപ്പടെ ഏഴ് മക്കളാണ് അദ്ദേഹത്തിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.