ആറ്റുകാൽ ഭക്തിസാന്ദ്രം, പൊങ്കാല പുണ്യത്തിന്റെ നിറവിൽ ലക്ഷങ്ങൾ; ഇനി ഒരു വർഷത്തെ കാത്തിരിപ്പ്
text_fieldsസെക്രട്ടേറിയേറ്റിന് മുന്നിൽ ആശാ പ്രവർത്തകർ പൊങ്കാല ഇടുന്നു (ചിത്രം: അരവിന്ദ് ലെനിൻ)
തിരുവനന്തപുരം: ആറ്റുകാലമ്മയ്ക്ക് പ്രാർഥനകൾ നിവേദ്യമായി അർപ്പിച്ചപ്പോൾ സഫലമാകുന്നത് ഭക്തലക്ഷങ്ങളുടെ ഒരു വർഷത്തെ കാത്തിരിപ്പ്. ഇന്ന് രാവിലെ 9.45ന് നടന്ന ശുദ്ധപുണ്യാഹത്തോടെയാണ് ആറ്റുകാൽ പൊങ്കാലയുടെ ചടങ്ങുകള്‍ ആരംഭിച്ചത്.
രാവിലെ 10.15ന് ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പില്‍ തീ പകർന്നു. ഉച്ചക്ക് 1.15നാണ് പൊങ്കാല നിവേദ്യം നടന്നത്. പൊങ്കാല നിവേദ്യത്തിനായി ക്ഷേത്രത്തില്‍ നിന്നും 400 പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിരുന്നു.
വൈകീട്ട് 7.45ന് കുത്തിയോട്ട നേര്‍ച്ചക്കാര്‍ക്കുള്ള ചൂരല്‍ കുത്ത്. 582 ബാലന്മാരാണ് ഇക്കുറി കുത്തിയോട്ടത്തിനുള്ളത്. രാത്രി 11.15ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയെ എഴുന്നള്ളിക്കും. വെള്ളിയാഴ്ച രാവിലെ എഴുന്നള്ളത്ത് തിരിച്ച് ക്ഷേത്രത്തിലെത്തും. രാത്രി 10ന് കാപ്പഴിച്ച് ദേവിയെ കുടിയിളക്കിയ ശേഷം പുലർച്ചെ ഒരു മണിക്ക് നടക്കുന്ന കുരുതി സമര്‍പ്പണത്തോടെ ഈ വർഷത്തെ പൊങ്കാല മഹോത്സവം സമാപിക്കും.
ആറ്റുകാല്‍ പൊങ്കാലയ്ക്കായി ചൊവ്വാഴ്ച മുതല്‍ തന്നെ ദേവീപുണ്യം തേടി ഭക്തലക്ഷങ്ങള്‍ തലസ്ഥാനത്തേക്ക് ഒഴുകിയെത്തിയിരുന്നു. ക്ഷേത്ര പരിസരവും പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള റോഡിനിരുവശത്തും പൊങ്കാലക്കലങ്ങളാൽ നിറഞ്ഞു.
ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് തിരിച്ച് ട്രെയിനിൽ മടങ്ങുന്ന ഭക്തർ
ലോകത്തിലെ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഒത്ത് ചേരുന്ന ചടങ്ങെന്ന നിലയില്‍ ആറ്റുകാല്‍ പൊങ്കാല 2009ല്‍ ഗിന്നസ് ബുക്കിലെത്തിയിരുന്നു. അന്ന് 25 ലക്ഷത്തില്‍ കൂടുതല്‍ സ്ത്രീകളാണ് എത്തിയത്. ഇത്തവണ ആ റെക്കോഡ് മറികടക്കുമെന്നാണ് പ്രതീക്ഷ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.