എൽ.ഇ.ഡി നക്ഷത്രങ്ങളാണ് താരം
text_fieldsസുൽത്താൻ ബത്തേരി: ക്രിസ്മസ്-പുതുവത്സര വിപണിയിൽ ഇത്തവണ താരമാകുന്നത് എൽ.ഇ.ഡി നക്ഷത്രങ്ങൾ തന്നെ. 150 രൂപ മുതൽ 1200 രൂപ വരെയാണ് ഇവയുടെ വില. സുൽത്താൻ ബത്തേരി നഗരത്തിൽ ക്രിസ്മസിനെ ലക്ഷ്യമാക്കി കച്ചവടം നടത്തുന്നവരൊക്കെ എൽ.ഇ.ഡി നക്ഷത്രങ്ങളുടെ വൻ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്.
എൽ.ഇ.ഡി നക്ഷത്രങ്ങൾ നൂറെണ്ണം ചെലവാകുമ്പോഴാണ് പഴയ കടലാസ് നക്ഷത്രം ഒന്നോ രണ്ടോ എണ്ണം ചെലവാകുന്നതെന്ന് ചുങ്കത്ത് നക്ഷത്ര മേള എന്ന സ്ഥാപനം നടത്തുന്ന കമ്പളക്കാട് സ്വദേശി ഷറഫുദ്ദീൻ പറഞ്ഞു. വർണമാലകളാണ് ഇപ്പോൾ പുതിയ ട്രെൻഡ്. ക്രിസ്മസ് ട്രീക്ക് 150 രൂപ മുതൽ 5000 രൂപവരെയാണ് വില. തൊപ്പിക്ക് പത്തു രൂപ. ഡെക്കറേഷൻ മാലക്ക് 20 രൂപ, സാന്റ ഡ്രസുകൾക്ക് 195 രൂപ മുതൽ 1200 രൂപ വരെയാണ് വില. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇത്തവണ വിപണി അൽപം മെച്ചപ്പെട്ട രീതിയിലാണ്.
സ്കൂൾ വിദ്യാർഥികളും പള്ളികളിലെ പ്രത്യേക പരിപാടികൾക്കും ഉൽപന്നങ്ങൾ ഏറെ ചെലവാകുന്നുണ്ട്. നക്ഷത്രം ഉൾപ്പെടെയുള്ള സകല സാധനങ്ങളും മുംബൈയിൽ നിന്നാണ് വയനാട്ടിലെ കടകളിൽ എത്തുന്നത്. അവിടത്തെ ഹോൾസെയിൽ മാർക്കറ്റിൽ പോയി നേരിട്ട് വാങ്ങുന്നതിനാൽ ഉപഭോക്താക്കൾക്ക് പരമാവധി വിലകുറച്ച് കൊടുക്കാനാവും. അതേസമയം, പുതുവത്സര ആശംസ കാർഡുകൾക്ക് ഇപ്പോൾ ആവശ്യക്കാർ തീരെയില്ല.
മുൻവർഷങ്ങളിൽ കാർഡുകൾക്കായി പ്രത്യേക കടകൾ ഡിസംബർ മാസങ്ങൾ തുറക്കാറുണ്ടായിരുന്നു. ഫാൻസി കടകളിലടക്കം വിവിധ തരം കാർഡുകളും വിൽപനക്കുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ ഇത്തരം കാർഡുകൾ ചോദിച്ച് ആരും വരാതായി. സമൂഹമാധ്യമങ്ങളിലെ ആശംസ കാർഡുകളും സന്ദേശങ്ങളുമാണ് എല്ലാവർക്കും പ്രിയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.