സ്നേഹവാത്സല്യങ്ങളുടെ നോമ്പുകാലം
text_fieldsനോമ്പ് എന്നും ഗൃഹാതുരത്വമുള്ള ഓർമകളാണ്. ഓരോ നോമ്പുകാലം വരുമ്പോഴും ഓർമകൾ കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.
‘ഉമ്മാ, ഇനി എത്ര നേരമുണ്ട് നോമ്പു തുറക്കാൻ.’ആവർത്തിച്ചുള്ള ഈ ചോദ്യമാണ് ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത്. ഒരുപാട് ആനുകൂല്യങ്ങൾ നോമ്പുകാലത്ത് കിട്ടാറുണ്ട്. സ്കൂളിൽ ടീച്ചറുടെ കൈയിൽനിന്ന് കിട്ടുന്ന അടി ഒഴിവാക്കുന്ന നോമ്പുകാലം. ‘ഉമ്മാന്റെ കുട്ടി നോമ്പെടുത്ത് ക്ഷീണിച്ചോ’എന്ന് ചോദിക്കുന്ന വാത്സല്യത്തിന്റെ നോമ്പുകാലം, സമയം എത്രയായെന്ന് ഇടവിട്ട് ഇടവിട്ട് അന്വേഷിച്ച് സമയം തള്ളിനീക്കുന്ന നോമ്പുകാലം, ഞാനിനി മുതൽ നല്ല കുട്ടിയാണ്, തല്ലുകൂടുകയില്ല എന്ന് ഊന്നിപ്പറയുന്ന നോമ്പുകാലം... ഇങ്ങനെയിങ്ങനെ...
ഉച്ച തിരിയുമ്പോൾ അടുക്കളയിൽനിന്ന് വറവിന്റെ മണം വരുമ്പോൾ, പടച്ചോനെ നോമ്പു മുറിക്കാതെ കാക്കണേ എന്നാവും പ്രാർഥന. നോമ്പു തുടങ്ങിയാൽ എന്നാണ് പുതിയ ഡ്രസ് വാങ്ങിത്തരുക, കുപ്പിവള വാങ്ങിത്തരുക എന്നു ചോദിച്ച് ഉമ്മയുടെ പിന്നാലെ നടക്കും. ടി.വി കാണാൻ പറ്റാത്തതുകൊണ്ട് കൂട്ടുകാരികളുമൊത്ത് റോഡരികിലെ മിഠായിക്കടലാസ് പെറുക്കി അതിൽ ആരാ ജയിക്കുന്നതെന്ന് മത്സരിക്കും.
പൊതുവെ ഭക്ഷണം കഴിക്കാൻ തീരെ താൽപര്യമില്ലാത്ത എനിക്ക് നോമ്പുകാലം ചീത്ത കേൾക്കാത്ത 30 ദിവസം കൂടിയാണ്. ഭക്ഷണം കഴിക്കൂ എന്നുപറഞ്ഞ് പകൽ സമയങ്ങളിൽ ഉമ്മ ചീത്ത പറഞ്ഞ് പിന്നാലെ നടക്കില്ലല്ലോ. വിശ്വാസികൾ റമദാൻ ആകുമ്പോൾ സന്തോഷിക്കുന്നതുപോലെ ചീത്ത കേൾക്കണ്ടല്ലോ എന്നാലോചിച്ച് സന്തോഷിച്ചിരുന്ന കാലം. രാത്രി കൂട്ടുകാരുമൊത്ത് തറാവീഹ് നമസ്കരിക്കാൻ തിടുക്കം കൂട്ടും. നമസ്കാരത്തിന്റെ ഇടവേളകളിൽ ഞങ്ങൾ കുട്ടികൾ കളിച്ചും സംസാരിച്ചും കത്തിവെച്ച് ഇരിക്കും. റമദാന്റെ പ്രത്യേകത അറിയുന്നതിനു മുമ്പായിരുന്നു ഇതെല്ലാം. മനസ്സിന്റെ മണിച്ചെപ്പിൽ എന്നെന്നും സൂക്ഷിക്കുന്ന വർണപ്പകിട്ടാർന്ന ഓർമകളാണ് കുട്ടിയായിരിക്കുമ്പോഴത്തെ നോമ്പുകാലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.