ശബരിമല: ജീവനക്കാർ കുറവ്; താളംതെറ്റി ഭണ്ഡാരത്തിന്‍റെ പ്രവർത്തനം
text_fieldsശബരിമല: ജീവനക്കാരുടെ കുറവുമൂലം സന്നിധാനത്തെ ഭണ്ഡാരത്തിന്‍റെ പ്രവർത്തനം താളംതെറ്റുന്നു. ഭണ്ഡാരത്തിൽ എത്തുന്ന കാണിക്കപ്പണം എണ്ണിത്തിട്ടപ്പെടുത്താൻ 200 ജീവനക്കാർ ആവശ്യമുള്ളിടത്ത് 141 പേർ മാത്രമാണുള്ളത്. ശ്രീകോവിലിന് മുന്നിലെ കാണിക്കയിൽനിന്ന് കൺവയർ ബൽറ്റ് വഴി വരുന്ന പണവും ശബരീപീഠം മുതൽ സന്നിധാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന 145 വഞ്ചികളിലെയും മഹാകാണിക്കയിലെയും പണമാണ് ഭണ്ഡാരത്തിലെത്തിച്ച് എണ്ണിത്തിട്ടപ്പെടുത്തി ബാങ്കിന് കൈമാറുന്നത്.
രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് ഒന്ന് വരെയും വൈകീട്ട് 4.30 മുതൽ 9.30 വരെ രണ്ട് ഷിഫ്റ്റായാണ് ഭണ്ഡാരത്തിന്‍റെ പ്രവർത്തനം. നോട്ടുകളാണ് ഇപ്പോൾ ഭണ്ഡാരത്തിൽ കൂടുതൽ എത്തുന്നത്. നാണയങ്ങൾ എണ്ണിത്തീർക്കാനാണ് താമസം. ഇവ അട്ടിയിട്ടാണ് എണ്ണുന്നത്. പല വലുപ്പമുള്ള നാണയങ്ങൾ ഉള്ളതിനാൽ ഇവ യന്ത്രത്തിൽ എണ്ണി തിട്ടപ്പെടുത്താൻ കഴിയില്ല. തിരക്ക് കൂടുന്നതോടെ പഴയ ഭണ്ഡാരംകൂടി തുറക്കേണ്ടിവരും.
ഇതിനായി കൂടുതൽ ജീവനക്കാരെയും ഗാർഡ് ഡ്യൂട്ടിക്കാരെയും നിയമിക്കേണ്ടിവരും. നിലവിലുള്ള പുതിയ ഭണ്ഡാരത്തിന് സ്ഥലസൗകര്യ കുറവുമുണ്ട്. വൈക്കത്തഷ്ടമി ആയതിനാൽ അവിടെനിന്നുള്ള ജീവനക്കാർ എത്തിയിരുന്നില്ല. അടുത്ത ആഴ്ചയോടെ അമ്പതോളം ജീവനക്കാർ എത്തുമെന്നും ഇതോടെ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നുമാണ് അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.