അത്തറിൻ മണമുള്ള പാതയോരങ്ങൾ
text_fieldsകുട്ടിക്കാലം മുതൽ അത്തറിന്റെ മണം എന്റെ കുപ്പായത്തിൽ എവിടെയോ പുരട്ടിയപോലുള്ള അലൗകികമായ സുഗന്ധം മൂക്കിൽ ഒഴുകിവരുന്നത് പെരുന്നാൾ കാലങ്ങളിലാണ്. കോഴിക്കോ്ട ജില്ലയിലെ വടകരയിൽ വളർന്ന ഞാൻ വടകര താഴെ അങ്ങാടിയിലെ വീതികുറഞ്ഞ ചെറിയ നിരത്തുകളിലാണ് സ്വർണവർണ നിറത്തിൽ തട്ടമിട്ട് ഉടുപ്പണിഞ്ഞ കൊച്ചുമക്കൾ, തട്ടമിട്ട് കാച്ചിയുടുത്ത ശുഭ്രവസ്ത്രധാരികളായ ഉമ്മമാർ, വെള്ളത്തൊപ്പിയിട്ട് നീണ്ട കൈയുള്ള വെള്ളക്കുപ്പായമിട്ട് നടക്കുന്ന ആൺകുട്ടികളും അവരുടെ ബാപ്പമാരും, വെള്ള ബനിയനിട്ട വൃദ്ധരും എല്ലാം അത്തർ പുരട്ടി പുറത്തിറങ്ങുന്ന കാലം. തല ഉറുമാലുകൊണ്ട് പൊതിഞ്ഞ് നെറ്റിക്ക് മുൻഭാഗത്ത് കെട്ടി നടക്കുന്നവരും ഷർട്ടിന്റെ കോളറിൽ ഉറുമാല് ചുറ്റിനടക്കുന്നതും ഇപ്പോഴും മനസ്സിൽ. പ്രായമായ, കാച്ചിയിട്ട ഉമ്മമാർ വീട്ടിലുണ്ടാക്കിയ വിവിധ ഭക്ഷണ സാധനങ്ങൾ ബസിയിൽ നിറയെ എടുത്ത് വെള്ളത്തുണിയിൽ പൊതിഞ്ഞ് ബന്ധുവീടുകളിൽ നടന്നു പോകുന്നതും ഒരു കാഴ്ച തന്നെയായിരുന്നു. നെയ്യിൽപൊരിച്ച ഭക്ഷണസാധനത്തിൽ നിന്നുയരുന്ന മണവും അത്തറിന്റെ വാസനയും ഒന്നിച്ച് നടന്ന വഴിയോരങ്ങൾ ഇന്ന് ഓർമയിൽ മാത്രം.
നോമ്പുകാലങ്ങളിലാണ് കൂടുതൽ പ്രാധാന്യത്തോടെ ബാങ്കുവിളികൾ മറ്റു ശബ്ദങ്ങളേക്കാൾ എന്റെ ചെവിയിൽ ഉയർന്നുകേൾക്കുന്നത്. കടലിനോടടുത്ത് താഴെ അങ്ങാടിയിലെ തല ഉയർത്തിനിൽക്കുന്ന പള്ളി വടകരക്കാരുടെ മനസ്സിലെ ഒരു അടയാളം തന്നെയാണ്. താഴെ അങ്ങാടിയിലെ നിരത്തുകളിൽ ധാരാളം ആടുകൾ നാട്ടുകാരോടൊപ്പം നടന്നിരുന്നു. അങ്ങാടിയിലെ എം.യു.എം ഹൈസ്കൂളിലെ െബഞ്ചുകളിൽ ഹിന്ദു-മുസ്‍ലിം വ്യത്യാസമില്ലാതെ തൊട്ടുരുമ്മി പഠിച്ച മിടുക്കരായ വിദ്യാർഥികൾ അവിടത്തെ അധ്യാപകരെ പേടിയോടെ ആദരവോടെ മാതൃകയാക്കി പുറത്തിറങ്ങിയ കാലം.
വടകരനിന്ന് കോഴിക്കോട് താമസം മാറിയതുമുതൽ എനിക്ക് ഇടുങ്ങിയ ഇടവഴികൾ നഷ്ടമായിത്തുടങ്ങി. കോഴിക്കോട്ടെ തെക്കേപ്പുറത്തെ ഇടിയങ്ങരയിലെ, തോപ്പയിലെ, കുറ്റിച്ചിറയിലെ കടൽകാറ്റിന്റെ ഗന്ധമായി എന്റെയും ഗന്ധം . ഇവിടുങ്ങളിലെ നടവഴികളിൽ ഞാൻ നേരിട്ടത് വിദേശ അത്തറുകളെയാണ്, കടലുകൊണ്ടുവന്ന പെർഫ്യൂമുകളെയാണ്. വലിയ വലിയ വീടുകളിൽനിന്നും അനേകം മുറികളിൽനിന്നും എനിക്കും കിട്ടി കോഴിക്കോടൻ ഉമ്മമാരുടെ കൈപ്പുണ്യം. ഒരു നോമ്പുകാലത്ത് കുറ്റിച്ചിറ മിസ്കാൽ പള്ളി വരച്ചതിനുശേഷം പള്ളിയുടെ മുന്നിലെ വലിയ വീട്ടിൽനിന്നും എന്റെ മുന്നിൽ നിരത്തിയത് അന്നത്തെ നോമ്പുവിഭവങ്ങൾ. തലശ്ശേരിയിലെ കേയിമാരുടെ വീടിനെ ഓർമപ്പെടുത്തുന്നവയായിരുന്നു കോഴിക്കോടൻ തെക്കേപ്പുറത്തെ വീടുകൾ. നോമ്പുകാലത്ത് ഇവിടങ്ങളിൽ രാവും പകലും ആഹ്ലാദപ്പൂത്തിരികൾ മാത്രം. തലയിൽ ഉറുമാൽ കെട്ടിനടക്കുന്നവർ നന്നേ കുറഞ്ഞു. നിരത്തിനരികിലൂടെ പുലർച്ചെ ചെറിയ ചെറിയ മുണ്ടിട്ട് നടന്ന കിത്താബുമായി മദ്രസയിലേക്ക് പോകുന്ന കുട്ടികൾ അപ്പാടെ മാറി.
മാതൃഭൂമിയിലെ അനുഭവത്തിൽ എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ നോമ്പുകാലത്ത് ഒരുക്കാറുള്ള ഇഫ്താറുകളിൽ കോഴിക്കോട്ടെയും പരിസരെത്തയും മുസ്‍ലിം പ്രമുഖർ ഒത്തുകൂടിയിരുന്നു. പാണക്കാട്ട് തങ്ങൾ കുടുംബാംഗങ്ങളെ എനിക്ക് അടുത്ത് കാണാനും അങ്ങനെയുള്ളവരുടെ ആലിംഗന വായ്പ് നേടാനും കഴിഞ്ഞിരുന്നു.
ഒരു റമദാൻ കാലത്താണ് ഞാൻ ദുബൈയിൽ എത്തിപ്പെടുന്നത്. സായം നേരത്ത് നടക്കാനിറങ്ങിയപ്പോൾ വലിയ മനോഹരമായ പള്ളികളിൽനിന്നും മഗ് രിബ് നമസ്കാരം കഴിഞ്ഞിറങ്ങുന്നവർക്ക് നോമ്പു തുറക്കായി ഒരുക്കിയ ആപ്പിളും മുന്തിരിയും കാരക്കയും എന്നുവേണ്ട ഒട്ടനവധി വിഭവങ്ങൾ വലിയ മേശന്മേൽ വെച്ചിരിക്കുന്നത് കാണാൻ ഇടയായി. കേരളത്തിൽ കാണാത്ത വലുപ്പമുള്ളവയായിരുന്നു അവയെല്ലാം. സത്യമായും അതെടുക്കാൻ എന്റെ ഉള്ളം കൈയും ചൊറിഞ്ഞിരുന്നു. നമ്മുടെ നാട്ടിലെപോലെ എങ്ങനെയും കളിക്കാമെന്ന് അവിടത്തെ അറബ് ജനതയുടെ നിത്യജീവിത രീതി കണ്ടാൽ താനേ നമ്മളും മര്യാദക്കാരാവും. ദുൈബയിലെ കുറെ പള്ളികൾ വരയിലൂടെ ഞാൻ സ്വന്തമാക്കിയിട്ടുണ്ട്. ദുബൈ സിറ്റി സെന്ററിൽവെച്ചാണ് അറബി ഹൂറിമാരെ അടുത്തടുത്ത് കാണാൻ കഴിഞ്ഞത്. അവരുടെ മാസ്മരമായ കണ്ണുകളും... മാസ്മരികതയുള്ള മണവും അത്തറിന്റെ മണവും രണ്ടു രാജ്യങ്ങൾപോലെ വ്യത്യസ്തമാണ്.
പഴയ കഥകളിലൂടെയാണ് പ്രധാന ദിവസങ്ങളിൽ നടത്താറുള്ള സുപ്ര വിരിക്കുന്ന സമ്പ്രദായം ഞാൻ മനസ്സിലാക്കുന്നത്. പുനത്തിൽ കുഞ്ഞബ്ദുല്ല കഥകളിലൂടെ ഇത് വരച്ചുകാട്ടുന്നുണ്ട്. നിലത്ത് എല്ലാവരും വട്ടം ചേർന്ന് ഇരുന്ന് നടുവിൽ ഒരു പാത്രത്തിൽ കൊണ്ടുവെച്ച നോൺ വിഭവങ്ങൾ ഓരോരുത്തരും അവരവരുടെ കൈകൊണ്ട് എടുത്ത് കഴിക്കുന്ന സമ്പ്രദായം. ഞാൻ കണ്ടിട്ടില്ല അത്തരം സ്നേഹ സമ്പ്രദായം കാണാൻ സാധ്യത കുറവാണ് കേരളത്തിൽ.
ലക്ഷദ്വീപിലെ അഗത്തി, കവരത്തി, മിനിക്കോയ്, ബംഗാരം എന്നീ ദ്വീപുകളുടെ മണ്ണിലൂടെ നടന്ന് ഒരുപാട് പള്ളികൾ കാണാനും വരയ്ക്കാനും കഴിഞ്ഞിട്ടുണ്ട്. തേങ്ങയും ശർക്കരയും ചേർത്ത ദ്വീപ് ചക്കരപോലുള്ള ആഹാരസാധനങ്ങൾ രുചിയേറെ നിറഞ്ഞതാണ്.
ഇന്ത്യൻ നഗരങ്ങളിലെ ഉറക്കമില്ലാത്ത ബോംബെ നഗരത്തിൽ അത്തർ വിൽക്കുന്ന ഒരു സ്ട്രീറ്റ് തന്നെയുണ്ട്; കോഴിക്കോടൻ മിഠായിത്തെരുവുപോലെ. ഒരു പഴഞ്ചൊല്ലുപോലെയായി ഊദും ഊദിന്റെ അത്തറും.
ന്യൂജൻ കാലഘട്ടത്തിൽ ഒത്തൊരുമയുടെ പര്യായംപോലെ എന്നും അടിമുടി സുഗന്ധതൈലങ്ങൾ പൂശിയാണ് കേരള നാട്ടിലെ ജനങ്ങൾ വീട്ടിൽനിന്നും പുറത്തേക്കിറങ്ങുന്നത്. ഒരർഥത്തിൽ പ്രപഞ്ചസൃഷ്ടിയിൽ സുഗന്ധവും അതിന്റെ പങ്കുവഹിക്കുന്നു എന്നർഥം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.