വാർധക്യത്തിലെ കന്നി നോമ്പ്
text_fields‘‘ഈ ചെക്കനെന്താ എണീക്കാത്തെ? എത്ര നേരായി വിളിച്ചോണ്ടിരിക്കണത്...’’
ഉമ്മാടെ ഒച്ചയും വിളിയും കേൾക്കുമ്പോൾ ഞാനൊന്നു മെല്ലെ കണ്ണുതുറന്ന് നോക്കും. അടുക്കള ആകെ ഒരു ചന്ത പരുവത്തിലായിരിക്കും. ചട്ടിയുടെയും പാത്രങ്ങളുടെയും തട്ടലും മുട്ടലും ഒച്ചപ്പാടുകളും. അത്താഴത്തിന്റെ ആരവാരങ്ങൾക്ക് തുടക്കംകുറിച്ചിരിക്കയാണ്. ഓരോരുത്തരും അവരുടേതായ റോളുകളിലാണ്.
ആട്ടിൻകൂട്ടിൽ പോയി പാവം ആടിനെയും അത്താഴത്തിന് വിളിച്ചുണർത്തി ‘സോപ്പിട്ട്’ മയപ്പെടുത്തി ചൂടുപാല് കറന്നെടുക്കാൻ ഉമ്മയെ സഹായിക്കുന്ന ഉപ്പ. അതുകൊണ്ടുണ്ടാക്കുന്ന നല്ല മധുരമുള്ള കടുപ്പമേറിയ ചായ ഉപ്പാടെ ഇഷ്ടപ്പെട്ട അത്താഴവിഭവമായിരുന്നു.
പെണ്ണുങ്ങൾ കണ്ണുതിരുമ്മിക്കൊണ്ട് പപ്പടം പൊരിക്കലും കറി ചൂടാക്കലുമൊക്കെയായി അടുപ്പൂതുന്ന തിരക്കിലും. പപ്പടമുണ്ടെങ്കിലേ ഉമ്മാക്ക് അത്താഴം മുഴുവനാവൂ. നിറഞ്ഞ കുടുംബമായതുകൊണ്ട് ആളുകൾക്ക് ഒരു പഞ്ഞവുമില്ലായിരുന്നു. അതുകൊണ്ടുതന്നെ നിമിഷങ്ങൾക്കകം എല്ലാം സെറ്റ്. എന്നാൽ, ഇതൊന്നുമറിയാതെ സുന്ദരമായി കിടന്നുറങ്ങുന്ന ഉമ്മാടെ ആദ്യറോളിലെ ‘കഥാപാത്ര’ത്തെ വിളിച്ചുണർത്തുന്ന ഹെർക്യൂലിയൻ ടാസ്ക് എന്റേതായിരുന്നു.
ആദ്യമായി നോമ്പു നോൽക്കുമ്പോഴുള്ള അഭിമാനം ഇന്നും ഓർക്കുന്നു. പടച്ചോന്റടുത്തുനിന്നുള്ള പുണ്യമൊന്നുമല്ല ട്ടോ കാര്യം. കൂട്ടുകാരുടെ മുന്നിൽ ഞാനൊരു നോമ്പുകാരിയാണെന്നു പറയുമ്പോഴുള്ള പത്രാസ്! അതൊന്നു വേറെത്തന്നെയായിരുന്നു.
ആദ്യമൊക്കെ നല്ല മത്സരമാവും, എണീക്കാനും നോമ്പെടുക്കാനുമൊക്കെ. പിന്നപ്പിന്നെ അത്താഴം ഒരു ‘കീറാമുട്ടി’യായി മാറും.
ഉമ്മ വിളിക്കുമ്പോൾ പറയും.
‘‘ഉമ്മാ...യ്ക്കു വയ്യ, വല്ലാത്ത ക്ഷീണം. നാളെ ഞാൻ നോമ്പു നോൽക്കുന്നില്ല...’’
ഉമ്മാടെ പുന്നാരക്കുട്ടിയായതുകൊണ്ടാവാം കേൾക്കേണ്ട താമസം. ഉമ്മ പറയും ‘‘കുട്ടികൾക്കു നോമ്പു നിർബന്ധോന്നൂല്യല്ലോ, ഒഴിവാക്കിക്കോന്ന്.’’
ഇന്ന് ഉച്ചവരെ, പിന്നെ നാളെ ഉച്ച വരെ നോക്കിയാൽ ഒരു നോമ്പാവുമെന്ന് ഉപ്പ പറഞ്ഞുപറ്റിച്ച് ‘ഇമ്മിണി ബല്യ ഒന്നാക്കി’ നോറ്റുതീർത്ത നോമ്പുകളുടെ കൂട്ടിക്കിട്ടിയ കണക്കുകൾ സ്കൂളിലും മദ്റസയിലും പോയി വീമ്പിളക്കിയതിന് കൈയും കണക്കുമില്ല...
അന്നൊക്കെ പൊരിക്കടികളൊക്കെയൊന്ന് കാണണമെങ്കിൽ ഇരുപത്തിയേഴാം രാവ് വരണം. അന്നുണ്ടാക്കുന്ന ‘ചീരിണി’ (മധുരപലഹാരം) അയൽപക്കക്കാർ തമ്മിൽ പരസ്പരം കൈമാറിക്കഴിക്കുമ്പോൾ അതിനുണ്ടായിരുന്ന രുചി ഒന്നു വേറെത്തന്നെയായിരുന്നു.
തരിക്കഞ്ഞി അന്നും തീന്മേശയിലെ ‘സൂപ്പർ ഹീറോ’ തന്നെയായിരുന്നു...ട്ടോ.
ആ ഒരു പ്രത്യേക ദിവസത്തേക്കായി 25 പൈസ, 50 പൈസ, ഒരു രൂപ തുടങ്ങി കുറെ നാണയങ്ങൾ ഉമ്മ വിവിധ പാത്രങ്ങളിലായി റെഡിയാക്കിവെച്ചിട്ടുണ്ടാവും. വീട്ടിൽ വരുന്ന കുട്ടികൾക്ക് നാണയങ്ങളും മുതിർന്നവർക്ക് നോട്ടുകളും കൊടുക്കണമെന്നാണ് സിസ്റ്റം. കുട്ടികളെ ഡീൽ ചെയ്യുന്ന ഡ്യൂട്ടി ഞങ്ങൾക്കായിരുന്നു. അത് കൊടുക്കുമ്പോൾ അനുഭവിച്ചിരുന്ന സന്തോഷവും അഭിമാനവും ഇന്നും രസകരമായി ഓർക്കുന്നു...
മറക്കാത്ത ഇത്തരം നോമ്പോർമകൾ ചെന്നവസാനിക്കുന്നത് നാട്ടിലുള്ളപ്പോൾ വീട്ടിൽ ഉമ്മയോടൊപ്പമുണ്ടായിരുന്ന ആ നല്ല നാളുകളിലേക്കാണ്. പഴയ ആരോഗ്യമൊന്നും ഇപ്പോഴില്ലെങ്കിലും ഒരിക്കൽ പോലും നോമ്പ് നഷ്ടപ്പെടുത്താൻ ഇഷ്ടപ്പെടാത്ത ഉമ്മാക്ക് റമദാൻ ആയാൽ വല്ലാത്ത ഒരു പൊലിവാണ്. ആ ഒരു ത്രില്ലിൽ അത്താഴത്തിനു വിളിച്ചപ്പോൾ വേഗം എണീറ്റു, പിറ്റേന്ന് ഒരു 11 മണിയൊക്കെയായപ്പോൾ മുഖത്തു ക്ഷീണമായി തുടങ്ങി.
ഞാൻ ചോദിച്ചു,
‘‘ഉമ്മ നമുക്ക് നോമ്പ് കളഞ്ഞാലോ? പ്രായമായോർക്ക് നോമ്പിന് ഇളവുണ്ടല്ലോ...’’
വേണ്ട, ഇക്കു ക്ഷീണമൊന്നുമില്ലയെന്ന് ഉമ്മയും. വൈകുന്നേരം വരെ ഒരുവിധം ഒപ്പിച്ചു. നോമ്പു തുറന്നശേഷം പാവം ഒരേ കിടപ്പായിരുന്നു. പണ്ട് കുട്ടിക്കാലത്ത് നോമ്പ് എടുത്ത ഞാൻ കിടന്നിരുന്ന പോലെ. പിറ്റേന്ന് അത്താഴത്തിനു വിളിച്ചപ്പോൾ ഉമ്മ പറയാ...
‘‘ഇക്കു വയ്യ, മോളേ... വല്ലാത്ത ക്ഷീണം, നാളെ ഞാൻ നോമ്പെടുക്കുന്നില്ല...’’
ഉമ്മാട് പണ്ട് ഞാൻ പറഞ്ഞിരുന്ന അതേ ഡയലോഗ്.
‘‘സാരല്യ... വയ്യാത്തോർക്കു നോമ്പ് നിർബന്ധോന്നൂല്യല്ലോ...’’ന്ന് പറഞ്ഞു സമാധാനിപ്പിച്ചു.
രാത്രി കിടക്കുംനേരം... ‘‘മോളെ എന്നെ അത്താഴത്തിനു വിളിക്കാൻ മറക്കല്ലേ...ട്ടോ’’
പ്രതീക്ഷ കൈവിടാത്ത, നോറ്റു പൂതിതീരാത്ത, വാർധക്യത്തിലെ ആ കന്നി നോമ്പിനായുള്ള ഉമ്മാടെ ഓർമപ്പെടുത്തൽ... വീണ്ടും... ഉമ്മാക്ക് ആയുസ്സാരോഗ്യത്തിനായി പ്രാർഥിക്കുന്നു...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.