മലബാറിലെ മക്ക അഥവാ പള്ളികളുടെ നഗരം
text_fieldsപൊന്നാനി: മലബാറിലെ മക്കയായ പൊന്നാനി പള്ളികളുടെ നഗരം കൂടിയാണ്. കുറഞ്ഞ ചുറ്റളവിൽ എണ്ണമറ്റ നമസ്കാര പള്ളികളുള്ള മറ്റൊരു ദേശവും കേരളത്തിലില്ലെന്ന് പറയാം. മലബാറിലെ മക്ക, വിജ്ഞാനത്തിന്റെ കേന്ദ്രം.... ഇങ്ങനെ ഒട്ടേറെ മേന്മകൾക്ക് അർഹമാണ് പൊന്നാനി നഗരം. റമദാനിൽ രാത്രിയിൽ പൊന്നാനിയിലൂടെ സഞ്ചരിച്ചാൽ തറാവീഹ് നമസ്കാരത്തിന്റെ താളം ഇടതടവില്ലാതെ കാതോർക്കാനാകും. പൊന്നാനി ഫിഷിങ് ഹാർബർ മുതൽ താലൂക്ക് ആശുപത്രി വരെയും കനോലി കനാൽ വരെയുമുള്ള അര കിലോമീറ്റർ ദൂരത്തിൽ മാത്രം 10 ജുമുഅത്ത് പള്ളികളും 27 നമസ്കാര പള്ളികളുമാണുള്ളത്. പൊന്നാനി മിനി സിവിൽ സ്റ്റേഷന് സമീപം മാത്രം എട്ട് പള്ളികളാണ് ഖബർസ്ഥാനുകളുൾപ്പെടെയുള്ളത്. പൊന്നാനി നഗരസഭ പരിധിയിൽ 47 ജുമുഅത്ത് പള്ളികളും 87 നമസ്കാര പള്ളികളുമുണ്ട്. അഞ്ച് സ്ഥലത്ത് പ്രാർഥനാഹാളുകളുമുണ്ട്.
പുരാതന തുറമുഖ നഗരമായിരുന്നതിനാൽ അറബ് രാജ്യങ്ങളിലെ കച്ചവടക്കാർ പൊന്നാനിയിൽ താമസമാക്കുകയും പള്ളികൾ നിർമിക്കുകയും ചെയ്തതോടെയാണ് പൊന്നാനി പള്ളികളുടെ നഗരമായി മാറിയതെന്ന് ചരിത്രകാരൻ കെ. അബ്ദുറഹിമാൻ കുട്ടി പറയുന്നു. ശൈഖ് സൈനുദ്ദീൻ മഖ്ദൂമിന്റെ സ്വാധീനവും പൊന്നാനിയുടെ ഇസ് ലാമിക വൈജ്ഞാനിക രംഗത്തിന് ഉണർവേകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.