മലങ്കര ഓർത്തഡോക്സ് സഭയിൽ ഏഴ് മെത്രാപ്പോലീത്തമാർ അഭിഷിക്തരായി
text_fieldsപഴഞ്ഞി (തൃശൂർ): മലങ്കര ഓർത്തഡോക്സ് സഭയിൽ ഏഴ് മെത്രാപ്പോലീത്തമാർ കൂടി അഭിഷിക്തരായി. എബ്രഹാം മാർ സ്തേഫാനോസ് (ഫാ. എബ്രഹാം തോമസ്), തോമസ് മാർ ഇവാനിയോസ് (ഫാ. പി.സി. തോമസ്), ഡോ. ഗീവർഗീസ് മാർ തെയോഫിലോസ് (ഫാ. വർഗീസ് ജോഷ്വാ), ഗീവർഗീസ് മാർ പീലക്സിനോസ് (ഫാ. വിനോദ് ജോർജ്), ഗീവർഗീസ് മാർ പക്കോമിയോസ് (കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ), ഗീവർഗീസ് മാർ ബർണബാസ് (ഫാ. റെജി ഗീവർഗീസ്), സഖറിയാ മാർ സേവേറിയോസ് (ഫാ. സഖറിയാ നൈനാൻ) എന്നിവരാണ് അഭിഷിക്തരായത്.
സെന്‍റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വ്യാഴാഴ്ച രാവിലെ ആറിന് വിശുദ്ധ കുർബാന മധ്യേ ആരംഭിച്ച സ്ഥാനാരോഹണ ശുശ്രൂഷക്ക് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ മുഖ്യകാർമികത്വം വഹിച്ചു. സഭയിലെ 24 മെത്രാപ്പോലീത്തമാർ സഹകാർമികരായി.
വിശുദ്ധ കുര്‍ബാനയില്‍ കുക്കിലിയോന്‍ (ധൂപ പ്രാര്‍ഥന) സമയത്ത് വാഴിക്കുന്നവരെ ത്രോണോസിന് മുന്നിലേക്ക് കൊണ്ടുവരികയും മേല്‍പട്ടസ്ഥാന ശുശ്രൂഷ ആരംഭിക്കുകയും ചെയ്തു. രണ്ട് ഭാഗങ്ങളായിട്ടായിരുന്നു ശുശ്രൂഷ. പ്രാര്‍ഥനകള്‍ക്കും ഗാനങ്ങള്‍ക്കും ശേഷം ഏഴുപേരും സഭയുടെ വിശ്വാസപ്രഖ്യാപനമായ ശല്‍മൂസാ (സമ്മതപത്രം) വായിച്ച് ഒപ്പിട്ട് കാതോലിക്ക ബാവക്ക് സമര്‍പ്പിച്ചു. തുടർന്ന് പരിശുദ്ധാത്മ ദാനത്തിനായുള്ള രഹസ്യ പ്രാര്‍ഥന ഓരോരുത്തരുടെയും ശിരസ്സിൽ കൈവച്ച് നടത്തിയ ശേഷം അവരുടെ പട്ടത്വം പ്രഖ്യാപിച്ചു. പിന്നീട് അംശവസ്ത്രങ്ങള്‍ ധരിപ്പിച്ചു.
സിംഹാസനങ്ങളില്‍ ഇരുത്തി യോഗ്യന്‍ എന്ന അര്‍ഥം വരുന്ന ഓക്‌സിയോസ് ചൊല്ലി സിംഹാസനം ഉയര്‍ത്തി. അതിന് ശേഷം സ്ഥാനചിഹ്നങ്ങളായ കുരിശു മാലയും സ്ലീബായും ഏറ്റവും അവസാനം അംശവടിയും നല്‍കി. ഓരോരുത്തരും ഉയര്‍ത്തിപ്പിടിച്ച സിംഹാസനത്തില്‍ ഇരുന്ന് ഏവന്‍ഗേലിയോന്‍ (സുവിശേഷം) വായിച്ചു. സ്ഥാനാരോഹണ ശുശ്രൂഷക്ക് ശേഷം നവാഭിഷിക്തരിൽ മുതിർന്ന എബ്രഹാം മാർ സ്തേഫാനോസ് കുർബാന പൂർത്തീകരിച്ചു. മൂന്നാം തവണയാണ് പഴഞ്ഞി പള്ളിയിൽ മെത്രാൻ സ്ഥാനാരോഹണം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.