മാര്‍ ജോർജ് ജേക്കബ് കൂവക്കാട് ഇനി കർദിനാൾ
text_fieldsവത്തിക്കാൻ സിറ്റി: കേരള സഭക്ക് അഭിമാനനിമിഷം. ചങ്ങനാശ്ശേരി അതിരൂപതാംഗം ആർച്ബിഷപ് മാർ ജോർജ് കൂവക്കാട് ഇനി കർദിനാൾ. മാർ കൂവക്കാട് അടക്കം 21 പേരെ മാർപാപ്പ കർദിനാൾമാരായി ഉയർത്തി. ഇന്ത്യൻ സമയം രാത്രി 8.30ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഫ്രാൻസിസ് മാർപാപ്പയുടെ കാർമികത്വത്തിൽ നടന്ന തിരുക്കർമങ്ങൾക്കിടെയായിരുന്നു സ്ഥാനാരോഹണം.
മലയാളികളടക്കം ആയിരങ്ങൾ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലും വത്തിക്കാൻ ചത്വരത്തിലുമായി ചടങ്ങുകൾക്ക് സാക്ഷിയായി. മാർപാപ്പയുടെ പ്രത്യേക കുർബാനയോടെയായിരുന്നു ചടങ്ങുകൾക്ക് തുടക്കം. തുടർന്ന് ഓരോരുത്തരെയും മാർപാപ്പ തൊപ്പി, മോതിരം എന്നിവ അണിയിച്ചു. അധികാര പത്രം കൈമാറി ആശീർവാദവും നൽകി. പൗരസ്ത പാരമ്പര്യം പ്രകാരമുള്ള തൊപ്പിയും കുപ്പായവുമാണ് മാർ കൂവക്കാട് ധരിച്ചത്. ഒരു മണിക്കൂർ പ്രാർഥന ശുശ്രൂഷ നീണ്ടു.
ഏറ്റവും പ്രായം കൂടിയ 99കാരനായ ഇറ്റാലിയൻ ബിഷപ്പ് ആഞ്ജലോ അസർബിയും ഏറ്റവും പ്രായം കുറഞ്ഞ 44കാരനായ യുക്രെനിയൻ ബിഷപ്പ് മൈക്കലോ ബൈചോകും കർദിനാളായി ഉയർത്തപ്പെട്ടവരിൽ ഉൾപ്പെടും. മാർപാപ്പയുടെ 256 അംഗ കർദിനാൾ തിരുസംഘത്തിലാണ് മാർ കൂവക്കാട് അടക്കമുള്ളവർ ഭാഗമാവുന്നത്.
വൈദികനായിരിക്കെ നേരിട്ട് കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യ പുരോഹിതനായ മാർ ജോർജ് കൂവക്കാടിന്റെ സ്ഥാനാരോഹണചടങ്ങിന് കേരളത്തിൽ നിന്നും യൂറോപ്പിൽ നിന്നുമായി നിരവധി മലയാളികളാണ് വത്തിക്കാനിൽ എത്തിയത്. മാർ കൂവക്കാടിന്റെ മാതാപിതാക്കളടക്കം ബന്ധുക്കളും മാതൃരൂപതയിൽ നിന്നുള്ള പ്രത്യേക സംഘവും ചടങ്ങുകളിൽ പങ്കാളികളായി.
കേന്ദ്രസർക്കാറിനെ പ്രതിനിധീകരിച്ച് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന്റെ നേതൃത്വത്തിലുള്ള ഏഴംഗസംഘവും എം.എൽ.എമാരായ സജീവ് ജോസഫ്, ചാണ്ടി ഉമ്മൻ എന്നിവരും വത്തിക്കാനിലെത്തിയിരുന്നു. കർദിനാൾ ബസേലിയോസ് മാർ ക്ലീമീസ് കത്തോലിക്ക ബാവ, സിറോ മലബാർ സഭ മേജർ ആർച്ബിഷപ് മാർ റാഫേൽ തട്ടിൽ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച് ബിഷപ് മാർ തോമസ് തറയിൽ, ആർച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, മാർ തോമസ് പാടിയത്ത്, മാർ സ്റ്റീഫൻ ചിറപ്പണത്ത് ഉൾപ്പെടെ ആർച് ബിഷപ്പുമാരുടെയും ബിഷപ്പുമാരുടെയും നീണ്ടനിര തിരുക്കർമങ്ങളിൽ സാന്നിധ്യമായി.
സ്ഥാനാരോഹണത്തിനുശേഷം നവകർദിനാൾമാർ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച രാവിലെ വത്തിക്കാൻ സമയം 9.30ന് നടക്കുന്ന ദിവ്യബലിക്ക് മാർപാപ്പയോടൊപ്പം നവ കർദിനാൾമാരും സിറോ മലബാർ സഭയിൽനിന്ന് പ്രത്യേകമായി ക്ഷണം ലഭിച്ച വൈദികരും സഹകാർമികരാകും.
വൈകീട്ട് സാന്ത അനസ് താസിയ സിറോ മലബാർ ബസിലിക്കയിൽ മാർ ജോർജ് കൂവക്കാടിന്റെ കാർമികത്വത്തിൽ മലയാളത്തിൽ കൃതജ്ഞതാബലിയർപ്പണവും തുടർന്ന് സ്വീകരണ സമ്മേളനവും നടക്കും. സ്ഥാനാരോഹണത്തിന് മുന്നോടിയായി മാര്‍ ജോര്‍ജ് കൂവക്കാടിന്റെ കുടുംബാംഗങ്ങള്‍ ശനിയാഴ്ച ഉച്ചയോടെ ഫ്രാന്‍സിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി.
മാര്‍ കൂവക്കാടിന്റെ പിതാവ് ജേക്കബ് വര്‍ഗീസ്, അമ്മ ലീലാമ്മ, സഹോദരി ലിറ്റി എന്നിവരടങ്ങുന്ന സംഘമാണ് മാർപാപ്പയെ കണ്ടത്. മാർ കൂവക്കാടിന്റെ സ്ഥാവലബ്ദിയെ ദൈവകൃപ എന്നല്ലാതെ മറ്റൊന്നും പറയാനില്ലെന്ന് മാതാവ് വ്യക്തമാക്കി. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന്റെ നേതൃത്വത്തിലുള്ള സംഘവും മാർപാപ്പയെ സന്ദർശിച്ചു.
ചങ്ങനാശ്ശേരി മാമ്മൂട് ഇടവകാംഗമായ മാര്‍ ജോർജ് ജേക്കബ് കൂവക്കാടിനെ ഒക്ടോബറിലാണ് മാർപാപ്പ കർദിനാളായി പ്രഖ്യാപിച്ചത്. കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി നവംബർ 24ന് ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ മെത്രാഭിഷേക ചടങ്ങുകള്‍ നടന്നിരുന്നു. കൂടാതെ, നിസിബിസ് കൽദായ കത്തോലിക്ക രൂപതയുടെ സ്ഥാനിക മെത്രാപ്പോലീത്ത പദവിയും അദ്ദേഹം ഏറ്റെടുത്തു.
കേരളത്തിലെ രണ്ട് കത്തോലിക്ക വിഭാഗങ്ങളായ സീറോ മലബാർ സഭയുടെ മാർ ആലഞ്ചേരിയും സീറോ മലങ്കര സഭയുടെ മാർ ക്ലിമീസ് കത്തോലിക്കബാവയും കർദിനാളുമാരാണ്. സീറോ മലബാർ സഭയിൽ നിന്നുള്ള മറ്റൊരു കർദിനാളാണ് മാർ ജോർജ് ജേക്കബ് കൂവക്കാട്.
സഭയുടെ അധ്യക്ഷന്മാരാണ് കർദിനാൾ ആകുന്നത്. സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് ആയ മാർ ആലഞ്ചേരി കർദിനാൾ പദവിയിൽ നിന്ന് വിരമിച്ചിരുന്നു. എന്നാൽ, 80 വയസുവരെ കർദിനാളായി തുടരും. മാർ റാഫേൽ തട്ടിലാണ് സീറോ മലബാർ സഭയുടെ നിലവിലെ അധ്യക്ഷൻ. എന്നാൽ, അദ്ദേഹത്തെ കർദിനാളായി ഉയർത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.