മറിയുമ്മക്കിത് നൂറിന്റെ നിറവിലെ റമദാൻ
text_fieldsമണ്ണഞ്ചേരി: നൂറിന്റെ നിറവിലെ റമദാൻ പകലിരവുകളാണ് മറിയുമ്മയുടെ ജീവിതത്തിന് സന്തോഷനിലാവ് പരത്തുന്നത്. മണ്ണഞ്ചേരി പഞ്ചായത്ത് ആറാംവാർഡ് വാഴയിൽ പരേതനായ അബ്ദുൽ ഖാദർ കുഞ്ഞ് മേത്തറുടെ ഭാര്യയാണ് മറിയുമ്മ ഹജ്ജുമ്മ (100). ബാല്യം മുതൽ തുടങ്ങിയ നോമ്പ് ഈ പ്രായത്തിലും മുടക്കമില്ല. ഇത് ജീവിതത്തിൽ അല്ലാഹു നൽകിയ ഏറ്റവും വലിയ അനുഗ്രഹമാണെന്ന് മറിയുമ്മ പറയുന്നു.
വേനൽ കടുത്തതാണെങ്കിലും അതിനേക്കാൾ ചൂടുള്ള അനുഭവങ്ങൾ അതിജീവിച്ച ഉമ്മാക്ക് ഇപ്പോഴും പങ്കുവെക്കാനുള്ളത് മധുരമുള്ള ഓർമകളാണ്. കണ്ണട കൂടാതെ തന്നെ ഖുർആൻ പാരായണം ചെയ്യാനാകും. റമദാനിൽ മൂന്നോ നാലോ തവണ ഖുർആൻ മുഴുവൻ ഓതും. പുലർച്ചതന്നെ എഴുന്നേൽക്കും. പ്രാർഥനകളിൽ കൃത്യത.
പാലും പഴവും ചേർത്ത് ഉണ്ടാക്കുന്ന പ്രത്യേകവിഭവം ഇടയത്താഴത്തിന് നിർബന്ധമാണ്. ഭക്ഷണം അൽപംമാത്രം കഴിക്കുന്നതാണ് ആരോഗ്യരഹസ്യം. ഏഴ് ആണും നാല് പെണ്ണുമായി 11 മക്കൾ. നാല് മക്കൾ മരണപ്പെട്ടു. 26 വർഷങ്ങൾക്ക് മുമ്പ് രണ്ടാമത്തെ മകൻ മുഹമ്മദ് ഒരു റമദാനിലാണ് മരിച്ചത്. ജീവിതത്തിൽ ഏറ്റവും വിഷമമുണ്ടായ സമയം അതായിരുന്നു. ഇപ്പോൾ അഞ്ച് തലമുറകളെ കാണാനുള്ള ഭാഗ്യമുണ്ടായി. മക്കളും പേരമക്കളുമായി നൂറിൽപരം പേരുണ്ട്. എല്ലാവരുടെയും പേരുകളും ഉമ്മാക്ക് അറിയാം.
1994ൽ മദ്രാസിൽനിന്ന് ഹജ്ജിന് പോയതാണ് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവം. ക്ലേശങ്ങൾ നിറഞ്ഞ ആ യാത്രാനുഭവം ഇപ്പോഴും ഓർമയിൽനിന്ന് മായാത്ത അപൂർവ നിമിഷങ്ങളാണ്. മറ്റ് മക്കൾ: ഹംസ, അബ്ദുല്ല (മുസ്ലിം ലീഗ് ജില്ല കമ്മിറ്റി അംഗം), അബു, സിദ്ദീഖ് ബാഖവി (കിഴക്കേ മഹല്ല് അസി. ഇമാം), ഫാത്തിമ, മൈമൂന, റഹിയാനത്ത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.